ഫ്രെഡറിക് നീചെയുടെ ഭ്രാന്തൻ്റെ കഥ കേട്ടിട്ടില്ലേ? പകൽസമയത്ത് വിളക്ക് കത്തിച്ച് ചന്തയിലേക്ക് ഓടിച്ചെന്ന് “ദൈവമെവിടെ? ദൈവമെവിടെ? ഞാനും നിങ്ങളും ദൈവത്തെ കൊന്നു, നമ്മൾ എല്ലാവരും അവന്റെ കൊലപാതകികളാണ്! നാം എങ്ങനെ സ്വയം ആശ്വസിപ്പിക്കും? ഒരു ശൂന്യതയുടെ നെടുവീർപ്പ് നമുക്ക് അനുഭവപ്പെടുന്നില്ലേ? നമ്മളിനി പകലും വിളക്കുകൾ കത്തിക്കേണ്ടി വരില്ലേ? നമ്മൾ നിരന്തരം വീഴുന്നില്ലേ? പിന്നോട്ടും, മുന്നോട്ടും എല്ലാ ദിശകളിലേക്കും? ഇനിയും മുകളിലേക്കോ താഴേക്കോ എന്തെങ്കിലും ഉണ്ടോ? അനന്തമായ ഒന്നിലൂടെ നാം വഴിതെറ്റുന്നില്ലേ?” എന്നൊക്കെ പറഞ്ഞു നിലവിളിച്ച ഭ്രാന്തൻറെ കഥ. പക്ഷേ അവിടെയുണ്ടായിരുന്ന നാസ്തികർക്ക് ഭ്രാന്തൻ പറഞ്ഞതൊന്നും മനസ്സിലായില്ല. അവർ ഭ്രാന്തനെ കളിയാക്കി പൊട്ടിച്ചിരിച്ചു. ഭ്രാന്തൻ തൻ്റെ വിളക്ക് എറിഞ്ഞുടച്ചിട്ട് പറഞ്ഞു “ഞാൻ വന്നത് കുറെ നേരത്തെയായിപ്പോയി, എൻറെ സമയം ഇനിയുമായിട്ടില്ല”.

ദൈവത്തെ ഇല്ലാതാക്കിയാൽ സ്വാതന്ത്രരായെന്നു തെറ്റിദ്ധരിച്ച പാശ്ചാത്യ സമൂഹത്തിന് തങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം അസ്ഥിത്വത്തെ തന്നെയാണെന്ന് തിരിച്ചറിയാൻ പിന്നെയും കുറേ കാലമെടുത്തു. ഇവിടെയുള്ള ‘സാദാ’ നിരീശ്വരവാദികളും ചില കാപട്യങ്ങളുടെ പിറകേ സഞ്ചരിച്ച് അതിൻറെ തൊലിപ്പുറമേയുള്ള ഇക്കിളി അനുഭവിച്ചു നിര്‍വൃതിയടയുന്നു എന്നതിലുപരി അത് മുന്നോട്ട് വെക്കുന്ന ആശയങ്ങളെക്കുറിച്ച്‌ കാര്യമായി ചിന്തിക്കാൻ മെനക്കെടാത്തവരാണ്. പറയാൻ പോകുന്ന കാര്യങ്ങൾ ദൈവമില്ലാത്ത ജീവിതം അസംബന്ധമാണെന്നതിനാൽ ദൈവമുണ്ട് എന്നുള്ളതിനുള്ള വാദമായി (അതൊക്കെ വഴിയേ വേറെ വരുന്നുണ്ട്) കണക്കാക്കേണ്ടതില്ല.

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിൽ അത് നയിക്കുന്നത് നാച്ചുറലിസത്തിലേക്കും, ഭൗതിക വാദത്തിലേക്കുമാണ്. അതായത് പ്രപഞ്ചാതതീമായ ഒരു ശക്തിയും ഇല്ലെന്നും, ഈ പ്രപഞ്ചവും അതിലെ സകലതും പിന്നിൽ യാതൊരു ബുദ്ധിയോ ലക്ഷ്യമോ ഇല്ലാതെ അന്ധമായ, യാദൃശ്ചികമായ ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതാണെന്നും, ഈ പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളുമെല്ലാം ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാമെന്നുമൊക്കെയാണ്. ഇതാകട്ടെ നയിക്കുന്നത് നിഹിലസത്തിലേക്കുമാണ്.

നിഹിലിസം (ശൂന്യതാവാദം)

മുകളിൽ പറഞ്ഞ നാസ്തിക വാദങ്ങൾ നയിക്കുന്നത് മനുഷ്യൻ്റെ അസ്തിത്വത്തിന് വസ്തുനിഷ്‌ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ലെന്നുള്ള അവസ്ഥയിലേക്കാണ്. എല്ലാം ഉണ്ടായത് കേവലം യാദൃശ്ചികമായ, അന്ധമായ ഭൗതിക പ്രക്രിയകളുടെ ഫലമായാണ്. എല്ലാം കേവലം ആറ്റങ്ങളും ആറ്റങ്ങളുടെ പുനഃക്രമീകരണങ്ങളും മാത്രം. ഈ ലോകം അർത്ഥമോ ലക്ഷ്യമോ ഇല്ലാത്തതാണെന്നും, നമ്മുടെ അസ്തിത്വവും എല്ലാ പ്രവൃത്തികളും കഷ്ടപ്പാടും വേദനകളും സന്തോഷവും വികാരവും ആത്യന്തികമായി വിവേകശൂന്യവും അർത്ഥശൂന്യവുമാണ് എന്നുമുള്ള കാഴ്ചപ്പാടാണ് നിഹിലിസം. നാസ്തിക ആശയധാരയിൽ നിന്ന് കൊണ്ട് ഇതൊന്നും അങ്ങനെയാവുകയല്ലാതെ വേറെ മാർഗമില്ല. ഈ പ്രപഞ്ചത്തിനും നമുക്കും ഒരു ലക്ഷ്യവും അർത്ഥവും ഉണ്ടാകണെമെങ്കിൽ ഇതിനൊക്കെ ഒരു സ്രഷ്ടാവുണ്ടാവുകയും, സൃഷ്ടിപ്പിന് എന്തെങ്കിലും കാരണങ്ങളുണ്ടായിരിക്കുകയും വേണം. മൂല്യം വേണമെങ്കിൽ ആ സ്രഷ്ടാവ് എന്തെങ്കിലും മൂല്യങ്ങൾ നൽകണം. ഒരു പേനക്ക് മൂല്യവും ലക്ഷ്യവുമുള്ളത് അതൊരു പ്രത്യേക ഉദ്ദേശലക്ഷ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടത് കൊണ്ടാണ്. നാസ്തികർക്ക് അങ്ങനെയൊരു ഓപ്‌ഷനില്ലാത്തത് കൊണ്ട് വേറെ വഴിയില്ല.

അപ്പൊ ഒരു പ്രതിമയും മനുഷ്യനും തമ്മിലുള്ള മാറ്റമെന്താണ്? ഒന്നുമില്ല, കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണം. മനുഷ്യന് വികാരവും വിചാരവും സന്തോഷവും ദുഖവുമൊക്കെ ഉണ്ടെന്നു പറയാം. പക്ഷേ അതെല്ലാം തലച്ചോറിലെ ഭൗതിക രാസപ്രവർത്തങ്ങളുടെ ഫലമായി ഉണ്ടാകുന്ന തോന്നലുകൾ മാത്രമാണ്, കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണം കൊണ്ടുണ്ടാകുന്ന മായ. അതിന് പ്രത്യേകിച്ച് അർത്ഥമോ മൂല്യമോ ഇല്ല. അപ്പോൾ ഒരു പ്രതിമ അടിച്ചു പൊട്ടിക്കുന്നതും ഒരു മനുഷ്യൻറെ തലയടിച്ച് പൊട്ടിക്കുന്നതും തമ്മിലുള്ള മാറ്റം? കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണത്തിൽ കവിഞ്ഞ് അതിനൊരർത്ഥവുമില്ല?? കൊല്ലപ്പെട്ടവനും കൊന്നവനും തമ്മിലുള്ള മാറ്റം? അത് തന്നെ പുനഃക്രമീകരണം. ഒരു പീഡോഫൈലും കുട്ടിയും? ആറ്റങ്ങളുടെ പുനഃക്രമീകരണം! അപ്പൊ മാനവികത? മനുഷ്യത്വം? ധാർമികത?? ആറ്റങ്ങളുടെ പുനഃക്രമീകരണം! ആറ്റങ്ങളുടെ പുനഃക്രമീകരണം! ശരി ശരി കൂടുതൽ ചോദിച്ച് വിഷണ്ണനാക്കുന്നില്ല. ചുരുക്കിപറഞ്ഞാൽ ഒന്നിനും ഒരർത്ഥവും ലക്ഷ്യവും മൂല്യവുമില്ല. കട്ട ഡാർക്ക് സീൻ! കൂരാകൂരിരുട്ട്! ശരിക്കും എന്താണ് ഈ പറഞ്ഞതിൻ്റെയൊക്കെ അർഥം?

ആത്യന്തികമായ ലക്ഷ്യമില്ല

നമ്മളിട്ടിരിക്കുന്ന ഡ്രസ്സിനും ഇരിക്കുന്ന കസേരക്കും കയ്യിലുള്ള മൊബൈലിനും എന്നുവേണ്ട നമ്മുടെ കയ്യിലുള്ള എല്ലാറ്റിൻ്റെയും അസ്തിത്വത്തിന് ഒരു കരണവും ലക്ഷ്യവുമുണ്ട്. പക്ഷേ നമ്മുടെ അസ്തിത്വത്തിന് ഒരു കാരണവും ലക്ഷ്യവുമില്ല എന്ന് പറയുന്നത് ഇത്തിരി കടന്ന കയ്യല്ലേ?

നാസ്തികാചാര്യൻ റിച്ചാർഡ് ഡോക്കിൻസ് മുന്നോട്ട് വെക്കുന്ന മനുഷ്യാസ്തിത്വത്തിൻ്റെ ലക്ഷ്യം ജീൻ പ്രൊപോഗേഷനാണന്നാണ്‌. പക്ഷേ പുള്ളി ഈ ലക്ഷ്യം മറന്ന മട്ടാണ്. ആകെ ഒരു സന്താനമേ ഒള്ളു. ഓടിച്ചാടി നടന്നു കുട്ടികളെ ഉണ്ടാക്കുന്നതിന് പകരം മറ്റുള്ളവരുടെ ജീവിതത്തിന് ഒരു ലക്ഷ്യവമില്ല എന്ന് പുസ്തകമെഴുതുകയും പ്രസംഗിച്ച് നടക്കുകയുമാണ് പുള്ളിയുടെ ലക്ഷ്യം. ആരെണെകിലും കാണുകയാണെങ്കിൽ യഥാർത്ഥ ലക്ഷ്യം ഒന്നോർമിപ്പിച്ചു കൊടുക്കണം. ഇതര ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യരിൽ പ്രത്യുല്പാദനം സങ്കീർണമാണ്. ഗർഭകാലം കുറച്ച് കുറക്കമായിരുന്നു. ഇനി ഒരു കുഞ്ഞ് ജനിച്ചാൽ തന്നെ, സ്വയം പര്യാപത്മാവാൻ ചുരുങ്ങിയത് 10-18 വർഷമെടുക്കും, കുറേകാലം പഠനത്തിനും ജോലിക്കും വേണ്ടി ചിലവഴിച്ച് ശരാശരി 25 വയസ്സിലൊക്കയാണ് പ്രതുല്പാദനം തുടങ്ങുന്നത്. പ്രത്യുല്പാദനമാണ് മനുഷ്യൻ്റെ ലക്ഷ്യമെങ്കിൽ ഇത്തരത്തിൽ പരിണമിച്ചത് ഒട്ടും ശരിയായ നടപടിയായില്ല എന്നാണ് എൻ്റെ ഒരിത്. ഏതായാലും നാസ്തികർ ഈ ലക്ഷ്യം അത്ര ഗൗരവമായി എടുത്തതായി കാണുന്നില്ല.

Existentialism: പ്രത്യകിച്ച് ഒരു ലക്ഷ്യവുമില്ലാത്തത് കൊണ്ട് നമുക്കിഷ്ടമുള്ള ലക്ഷ്യങ്ങളുണ്ടാക്കാം എന്നാണ് മറ്റൊരു വാദം. പക്ഷേ അങ്ങനെ ലക്ഷ്യമുണ്ടാക്കുന്നതിന് പ്രത്യേകിച്ച് അർത്ഥമോ മൂല്യമോ ഇല്ലാത്തത് കൊണ്ട് അതിൽ കഥയൊന്നുമില്ല. യാഥാർത്തിൽ അവർ പറയുന്നത് ജീവിതത്തിന് പ്രത്യക ലക്ഷ്യമൊന്നുമില്ലെങ്കിലും ഒരു ലക്ഷ്യമുള്ള പോലെ നടിക്കണം എന്നാണ്. ഒരു സ്വയം കബളിപ്പിക്കൽ. അപ്പോഴും നിങ്ങൾക്കറിയാം യാഥാർത്തിൽ ജീവിതത്തിന് ലക്ഷ്യമൊന്നുമില്ലെന്ന്. അങ്ങനെ യഥാർത്ഥത്തിൽ ഇല്ലാത്ത, ശാസ്ത്രം തെളിയിക്കാത്ത, മനുഷ്യമനസ്സിലെ തോന്നലുകളൊക്കെ ഉണ്ടെന്ന് പറഞ്ഞുനടക്കുന്നത് സൈന്റിഫിക് റെമ്പറിനെ ബാധിക്കില്ലേ? എന്നാൽ പിന്നെ വെറുതെ ദൈവമുള്ളതായി അഭിനയിച്ചാൽ പോരെ?

നമുക്ക് മറ്റുള്ളവർക്കും സമൂഹത്തിനും നല്ലത് ചെയ്യാമെന്നാണ് മറ്റൊരു വാദം. മറ്റുള്ളവരുടെ ജീവിതത്തിനും പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാത്തതിനാൽ അതിൽ കുറച്ച് ചക്കരയും തേങ്ങയും ചേർക്കുന്നതിന് ഒരർത്ഥവുമില്ല. ഹിറ്റ്ലറും മദർ തെരേസയും തമ്മിൽ കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണം എന്നതിലുപരി ഒരു മാറ്റവുമില്ല. രണ്ടാളും മണ്ണായിപ്പോയി. നന്മ ചെയ്താലും തിന്മ ചെയ്താലും അർത്ഥശൂന്യമാണ്‌. അല്ലെങ്കിൽ എന്താണ് നന്മയും തിന്മയും നീതിയും അനീതിയും? അന്ധമായ ഭൗതിക പ്രവർത്തങ്ങളുടെ ഫലമായി സംഭവിച്ച പ്രപഞ്ചത്തിൽ അങ്ങനെയൊക്കെ ഉണ്ടോ? എന്തിനെ അടിസ്ഥനമാക്കിയാണ് നമ്മൾ ഇതൊക്കെ തീരുമാനിക്കുക. നമ്മൾ നല്ലതെന്ന് കരുതി ചെയ്യുന്നത് മറ്റുള്ളവർക്ക് ചീത്തയാണെന്നു തോന്നിയാൽ എന്ത് ചെയ്യും?

Hedonism: നമുക്ക് സന്തോഷമായി ഇരിക്കാൻ ശ്രമിക്കാം, പക്ഷേ എന്താണ് സന്തോഷവും ദുഖവും? ചില ഭൗതിക രാസപ്രവർത്തങ്ങളുടെ ഫലമായി ഉണ്ടാകുന്ന മായായല്ലേ? അതിനെന്തെങ്കിലും അർത്ഥമുണ്ടോ? ഇനി വെറുതെ  അർത്ഥമുണ്ടെന്ന് സങ്കപ്പിച്ചാലും ഇപ്പോൾ, ഈ നിമിഷം നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ അടുത്ത നിമിഷം അല്ലെങ്കിൽ അടുത്ത ദിവസം അതൊരു ദുരിതമായേക്കാം. നിങ്ങൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവർക്കും കുടുംബത്തിനും ദുരിതപൂര്‍ണ്ണമായേക്കാം. എവിടേലും ചടഞ്ഞിരുന്ന് വല്ലോ ഡ്രഗ്‌സോ മയക്കുമരുന്നോ ഉപയോഗിച്ചാൽ സന്തോഷം കിട്ടുമെങ്കിൽ സന്തോഷമായിരിക്കാൻ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? ഇനിയിപ്പോ ഒരാൾക്ക് മത വിശ്വാസം സന്തോഷവും സമാധാനവും നല്കുന്നുണ്ടെങ്കിൽ (ന്യൂറോതിയോളജി പഠനങ്ങൾ അങ്ങനെ പറയുന്നുമുണ്ട്) മതവിശ്വാസിയാകുന്നത് തെറ്റാകുമോ? എന്ത് കൊണ്ട്?

ആത്യന്തികമായ പ്രതീക്ഷയില്ല

നല്ലൊരു ജീവിതം, നല്ല ആരോഗ്യം, നല്ല ജോലി എന്നിവക്കായി നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. അതുപോലെ, ജീവിതം ദയനീയവും, വേദനയും കഷ്ടപ്പാടും നിറഞ്ഞതാണെങ്കിൽ, കുറച്ച് സമാധാനവും സന്തോഷവും ആയാസവും നമ്മൾ പ്രതീക്ഷിക്കുന്നു. തിന്മകൾ പ്രവർത്തിക്കുന്നവർ അതിന് സമാധാനം പറയണമെന്നും തിന്മകൾക്ക് അനുസൃതമായ ഏതെങ്കിലും തരത്തിലുള്ള ആത്യന്തിക നീതി ഉണ്ടായിരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. ഇരുണ്ട തുരങ്കത്തിന്റെ അവസാനത്തിൽ നമ്മളൊരു പ്രകാശത്തിനായി പ്രത്യാശിക്കുന്നു, നമുക്ക് ശാന്തതയും സന്തോഷവും ഉണ്ടെങ്കിൽ, അത് അങ്ങനെ തന്നെ നിലനിൽക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മുടെ ബോധപൂർവമായ അസ്തിത്വം അവസാനിക്കണമെന്ന് ആരും ആഗ്രഹിക്കാത്ത അത്ഭുതകരമായ ഒരു സമ്മാനമാണ് ജീവിതം. ഒരു അവാസനമില്ലാത്ത ആനന്ദകരമായ നിലനിൽപ്പിനായി നാമെല്ലാവരും ആഗ്രഹിക്കുന്നു.

നിരീശ്വരവാദം ദൈവത്തെയും അമാനുഷികതയെയും നിഷേധിക്കുന്നതിനാൽ, മരണാനന്തര ജീവിതം എന്ന ആശയത്തെയും അത് നിരാകരിക്കുന്നു. അതില്ലാതെ, വേദനാജനകമായ ഒരു ജീവിതത്തിന് ശേഷം ആനന്ദത്തിൻ്റെ ഒരു പ്രതീക്ഷയുമില്ല. നിരീശ്വരവാദത്തിൻകീഴിൽ നമ്മുടെ അസ്തിത്വത്തിന്റെ ഇരുണ്ട തുരങ്കത്തിന്റെ അവസാനം ഒരു പ്രകാശവും പ്രതീക്ഷിക്കാനാവില്ല. നിങ്ങൾ മൂന്നാം ലോകത്തിൽ ജനിച്ചതാണെന്നും നിങ്ങളുടെ ജീവിതം മുഴുവൻ പട്ടിണിയിലും ദാരിദ്ര്യത്തിലും ചെലവഴിച്ചതായും സങ്കൽപ്പിക്കുക. നിരീശ്വരവാദ ലോകവീക്ഷണം അനുസരിച്ച്, നിങ്ങൾ മരണത്തിന് വിധിക്കപ്പെട്ടവരാണ്.
നിരീശ്വരവാദത്തിന് കീഴിൽ, ആത്യന്തിക നീതി എന്നത് കൈവരിക്കാനാവാത്ത ഒരു ലക്ഷ്യമാണ്. ജിഷക്കും സൗമ്യക്കും ആസിഫയുടെയും ജീവിതത്തിൻ്റെ അർത്ഥമെന്താണ്? അവർക്കെന്തെങ്കിലും നീതി കിട്ടുമോ? 1940 കളിലെ നാസി ജർമ്മനിയിൽ, തൻ്റെ ഭർത്താവിനെയും കുട്ടികളെയും തൻ്റെ മുൻപിൽ കൊലപ്പെടുത്തിയത് കണ്ട ഒരു നിരപരാധിയായ യഹൂദ സ്ത്രീക്ക് ഗ്യാസ് ചേമ്പറിലേക്ക് തിരിയാനുള്ള കാത്തിരിപ്പിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഒടുവിൽ നാസികൾ പരാജയപ്പെട്ടുവെങ്കിലും, ഈ നീതി അവരുടെ മരണശേഷമാണ് സംഭവിച്ചത്. നിരീശ്വരവാദത്തിന് കീഴിൽ അവരിപ്പോൾ ഒന്നുമല്ല, ദ്രവ്യത്തിന്റെ മറ്റൊരു പുനക്രമീകരണം മാത്രമാണ്.

ഇസ്‌ലാമിക വീക്ഷണത്തിൽ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളുടെയും പിന്നിൽ ചില വലിയ നന്മകളുണ്ട്. നമ്മൾ രോഗങ്ങൾക്ക് ചികിത്സിക്കുമ്പോൾ താൽക്കാലിമകമായി അതിന് ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും ആത്യന്തികമായി അതൊരു നന്മയിലേക്കാണെന്ന പോലെ, മരണാനന്തര ജീവിതം കണക്കിലെടുക്കുമ്പോൾ നാം അനുഭവിക്കുന്ന വേദനയോ കഷ്ടപ്പാടുകളോ ആത്യന്തികമായി അർത്ഥശൂന്യമല്ല. അതിൻ്റെ യുക്തി വിശദമായി വരും ലേഖനങ്ങളിൽ ചർച്ച ചെയ്യാം.

ശാശ്വതമായ സന്തോഷമില്ല

പഠനം, ജോലി, വരുമാനം, കുടുംബം, വീട്, വാഹനം, യാത്രകൾ അങ്ങനെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളുടെയും പിന്നെലെ ആത്യന്തിക ലക്ഷ്യമെന്താണെന്ന് ചോദിച്ചാൽ സന്തോഷമായിരിക്കുക എന്നതാണ്. അവയോരോന്നും നേടുമ്പോൾ നാം അതിയായി സന്തോഷിക്കും. എന്നാൽ അതെല്ലാം ആത്യന്തികമായ സന്തോഷം നൽകുന്നുണ്ടോ? ഇല്ല എന്നതാണ് ശരി. നമ്മൾ കുട്ടികളായിരുന്നപ്പോൾ ഏതെങ്കിലും ഒരു കളിപ്പാട്ടം ആഗ്രഹിക്കും, കിട്ടിയാൽ കളിച്ച്‌ സന്തോഷിക്കും, കുറച്ച് നാൾ കഴിഞ്ഞാൽ അത് കട്ടിലിനിടയിലോ മേശക്കടിയിലോ ഒക്കെ കാണാം. പിന്നെ പുതിയ കളിപ്പാട്ടങ്ങളുടെ പിറകെ പോകും. അതേ മാനസികാവസ്ഥ തന്നെയാണ് നമുക്കിപ്പോഴും. പത്ത് വർഷം മുൻപ് നമുക്കുണ്ടായിരുന്ന ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറി. അവ നേടിയപ്പോൾ താൽക്കാലികമായി സന്തോഷം തോന്നിയെങ്കിലും അതൊന്നും ശാശ്വതമായിരുന്നില്ല. ഓരോരുത്തരും അങ്ങനെ ഒരോന്നിൻ്റെ പുറകെ ഓടിക്കൊണ്ടിരിക്കുന്നു. ശരിക്കും ഇതിനെല്ലാം നമ്മുക്ക് അർത്ഥവത്തായ, ശാശ്വതമായ സന്തോഷം നൽകാൻ കഴിയുമോ? ഇതാണ് സന്തോഷം നേടാനുള്ള മാർഗമെങ്കിൽ എല്ലാ മനുഷ്യർക്കും സന്തോഷവാൻമാരായിരിക്കാൻ കഴിയുമോ? ശരിക്കും എന്താണ് അർത്ഥവത്തായ, ശാശ്വതമായ സന്തോഷം?
ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനായി: നിങ്ങൾ ഒരു ദിവസം വീട്ടിൽ ഉറങ്ങാൻ കിടന്നു, രാവിലെ എണീക്കുന്നത് ഒരു ട്രെയിനാലാണെന്ന് സങ്കല്പിയ്ക്കുക. ട്രെയിൻ അതിവേഗം ഓടിക്കിണ്ടിരിക്കുന്നു. കൂടെ മറ്റു യാത്രക്കാരുണ്ട്. ലക്ഷ്വറി ക്ലാസ്സാണ്. രാജകീയ ഭക്ഷണം, സുഖപ്രദമായ ഫ്ലാറ്റ്ബെഡാണ് സീറ്റ്. എല്ലാ വിനോദ സൗകര്യങ്ങളുമുണ്ട്. നല്ല പുറംകാഴ്ചകൾ. നിങ്ങൾ അതെല്ലാം ആസ്വദിച്ച് സമയം കടന്നുപോകുന്നു. ഒരു നിമിഷം ആലോചിച്ച് സ്വയം ചോദിക്കുക: ഞാൻ സന്തോഷവാനാകുമോ?

ചില ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ സന്തോഷമായിരിക്കാൻ സാധ്യമല്ല. നിങ്ങൾ എങ്ങനെ ട്രെയിനിലെത്തി? യാത്രയുടെ ഉദ്ദേശ്യം എന്താണ്? എവിടേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങൾ‌ക്ക് ഉത്തരം ലഭിച്ചിട്ടില്ലെങ്കിൽ‌, എങ്ങനെ സന്തോഷിക്കാൻ‌ കഴിയും? നിങ്ങൾക്ക് ലഭ്യമായ എല്ലാ ആഡംബരങ്ങളും ആസ്വദിക്കാൻ തുടങ്ങിയാലും, നിങ്ങൾക്ക് ഒരിക്കലും യഥാർത്ഥവും അർത്ഥവത്തായതുമായ സന്തോഷം കൈവരിക്കാനാവില്ല. ഈ ചോദ്യങ്ങളെ അവഗണിച്ചാൽ താൽക്കാലികമായ ഒരു വ്യാജ സന്തോഷം സാധ്യമാണ്.

ഇത് തന്നെയല്ലേ നമ്മുടെ ജീവിതവും? സത്യവും അർത്ഥവത്തായതുമായ സന്തോഷം എവിടെയാണ് കിടക്കുന്നത്? ആ സന്തോഷമടങ്ങിയിരിക്കുന്നത് നമ്മുടെ നിലനിൽപ്പിനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലാണ്. എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം? മരണശേഷം ഞാൻ എവിടേക്കാണ് പോകുന്നത്? ചിലർ ഞങ്ങൾ സന്തുഷ്ടരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരങ്ങൾ കണ്ടെത്തുകയോ ചെയ്തിട്ടില്ലെങ്കിൽ, ആ സന്തോഷകരമായ അവസ്ഥ വളരെ അർത്ഥവത്തല്ല. ജീവിതത്തിന്റെ ആശങ്കകൾ താൽക്കാലികമായി മറന്ന് മദ്യപിക്കുന്ന ഒരാളെപ്പോലെയായിരിക്കുമത്.

നാച്ചുറലിസത്തിന് ഈ ചോദ്യങ്ങൾക്ക് യഥാർത്ഥ ഉത്തരങ്ങളൊന്നുമില്ല. ഒരു മനുഷ്യനെന്ന നിലക്ക് അടിസ്ഥനപരമായി നമ്മളങ്ങീകരിക്കുന്ന, നമ്മൾ മൂല്യം കല്പിക്കപ്പെടുന്ന, നമുക്ക് ശരിയാണെന്നു തോന്നുന്ന പലതിനെയും അത് നിരാകരിക്കുന്നു. അതുകൊണ്ടാണ് ഭൗതിക വാദത്തിനു ഒരിക്കലും അർത്ഥവത്തായ സന്തോഷകരമായ അവസ്ഥയിലേക്ക് നയിക്കാനാവാത്തത്. മൃഗങ്ങളെ പോലെ സഹജവാസനകളോട് പ്രതികരിക്കുന്നതിലൂടെ നമുക്ക് സംതൃപ്തരാകാൻ കഴിയില്ല. കാരണം അവർക്കിത്തരം ചോദ്യങ്ങളെന്നും തന്നെയില്ല. പിന്നെയുള്ളത് ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കുക എന്നതാണ്. പക്ഷേ മനുഷ്യൻ്റെ ഒരു പ്രശ്നമെന്താണെന്ന് വച്ചാൽ, ആലോചിക്കേണ്ട എന്ന് വിചാരിക്കുന്നതിനെകുറിച്ച് കൂടുതലായി ആലോചിച്ച്‌ കൊണ്ടിരിക്കും. ഞാൻ എന്തിനാണ് ഇവിടെ? ഒരു കാരണവുമില്ല. നമ്മൾ എവിടെ പോകുന്നു? എവിടേക്കുമില്ല! ഒരുനാൾ മരിച്ച് മണ്ണടിയും!

അനുബന്ധം

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment