ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നതിൻ്റെ അർഥം ദൈവമുണ്ടെന്നതിന് അയാൾക്ക് മതിയായ തെളിവുകളില്ല എന്ന് മാത്രമാണ്, ഉണ്ടോ ഇല്ലയോ എന്നുറപ്പില്ല. ദൈവമില്ല എന്നൊരാൾ ഉറപ്പിച്ച്‌ പറയുമ്പോൾ അതിന് മതിയായ കാരണങ്ങളും തെളിവുകളും സമർപ്പിക്കാൻ കഴിയണം. എല്ലാ കാര്യങ്ങളേയും ശാസ്ത്രീയ തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ മാത്രമേ അങ്ങീകരിക്കൂ എന്ന് പറയുന്ന നാസ്തികർ ദൈവമില്ല എന്നുറപ്പിച്ച് പറയുമ്പോൾ അതിന് ശാസ്ത്രീയമായ തെളിവുകളോ യുക്തിഭദ്രമായ കാരണങ്ങളോ ഉണ്ടായിരിക്കുമെന്ന് വേണം കരുതാൻ. തെളിവുകളാൽ മാത്രം നയിക്കപ്പെട്ട നാസ്തിക വാദങ്ങളുടെ തെളിവ് തേടി ഒരു യാത്ര പോയാലോ?

ദൈവത്തിന് തെളിവില്ല!!!

ദൈവത്തിന് തെളിവില്ല എന്നതാണ് പ്രധാന വാദം. Richard Dawkins ൻറെ The God Delusion ലും അതിന്റെ മലയാളം പതിപ്പായ നാസ്തികനായ ദൈവം എന്ന പുസ്തകത്തിൻറെയും ആദ്യ എഡിഷനുകളിലെ പ്രാരംഭ പേജിൽ കൊടുത്തിരിക്കുന്ന ഒരു മഹത് വചനമാണ് “The absence of evidence is the evidence of absence”. അതായത് തെളിവില്ല എന്നത് ഇല്ല എന്നതിന് തെളിവാണ് എന്ന്. ഇത് യഥാർത്ഥത്തിൽ Argument from ignorance ലോജിക്കൽ ഫാലസിയാണ്.

ഒരു കൊലപാതകം നടന്നു എന്ന് സങ്കല്പിക്കുക, ആരാണ് കൊല ചെയ്തത് എന്നതിന് തെളിവില്ല, അതിനർഥം കൊലപാതകി ഇല്ലെന്നോ കൊലപാതകം നടന്നിട്ടില്ലെന്നോ അല്ല. ആ കൊലപാതകം നടന്നു എന്നതാണ് ഒരു കൊലപാതകി ഉണ്ട് എന്നതിന് തെളിവ്. അതാരാണെന്നതിന് തെളിവില്ലെന്നു മാത്രം.

ഭൂമിക്ക് പുറത്ത് അന്യഗ്രഹങ്ങളിലെവിടെയെങ്കിലും ജീവജാലങ്ങൾ ഉണ്ടെന്നതിന് നമുക്കിതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. പക്ഷേ അത് അന്യഗ്രഹജീവികളില്ല എന്നതിന് തെളിവാകുന്നില്ല, എന്ന് മാത്രമല്ല ശാസ്ത്രലോകം ഇപ്പോഴും അന്വേഷണങ്ങളിലാണ്. തെളിവില്ല എന്നത് അങ്ങനെയൊന്നില്ല എന്നതിന് തെളിവാകുമായിരുന്നെങ്കിൽ പിന്നെയും ഉണ്ടോന്നറിയാൻ പഠനം നടത്തുന്നതിൽ കഥയില്ലല്ലോ. നാസ്തികരുടെ പരമപ്രധാനമായ ഒരു വാദം ശാസ്ത്രലോകം പോലും മുഖവിലക്കെടുകാത്തത് കഷ്ടമാണ്. ഏതായാലും ഹിമാലയൻ വങ്കത്തരം ബോധ്യപെട്ടത് കൊണ്ടാകണം പിന്നീടുള്ള എഡിഷനുകളിൽ നിന്ന് ഈ മഹത് വചനം അപ്രത്യകഷമായിട്ടുണ്ട്. അതൊരു നല്ല ലക്ഷണമാണ്. ഇതിൻ്റെ വേറൊരു വേർഷനാണ് ഇല്ലാത്ത കാര്യം ഇല്ലെന്ന് തെളിയിക്കാൻ സാധ്യമല്ല എന്ന വാദം. ഈ പ്രസ്താവനയിൽ “ഇല്ലാത്ത കാര്യം” എന്നതിനാണ് വിശദീകരണം വേണ്ടത്, എന്ത് കൊണ്ടില്ല? എന്ത് കൊണ്ട് ഉണ്ടായിക്കൂടാ? ഇങ്ങനെ ശാസ്ത്രീയമായി തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ ഓരിയിട്ടു നടക്കുമ്പോൾ നാസ്തികരുടെ സൈന്റിഫിക് ടെമ്പർ പൊട്ടിത്തെറിച്ച് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ അടുത്ത് നിൽക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

ഇതിൻ്റെ നേർപ്പിച്ച വേർഷനാണ് “ഒരു കാര്യം ഇല്ലെന്ന് തെളിയിക്കുക ഏതാണ്ടസാധ്യമാണ്” എന്ന നാസ്തികനായ ദൈവത്തിലെ മറ്റൊരുവാദം. ഒരു കാര്യം ഇല്ലെന്ന് തെളിയിക്കൽ തീർത്തും സാധ്യമാണ്. തെളിയിക്കേണ്ട കാര്യത്തെക്കുറിച്ച്‌ കൃത്യമായ നിർവചനം ഉണ്ടായിക്കരണമെന്ന് മാത്രം. പെട്ടിയിൽ പന്തില്ല, കുളത്തിൽ മീനില്ല, ടാങ്കിൽ വെള്ളമില്ല എന്നൊക്കെ നിസാരമായി തെളിയിക്കാവുന്നതാണ്. നാസ്തികർ ദൈവമില്ലെന്ന് തീർത്ത് പറയുമ്പോൾ ഒരു ദൈവമുണ്ടെങ്കിൽ എങ്ങനെയായിരിക്കുമെന്നും, എവിടെ ഉണ്ടായിരിക്കുമെന്നും, ദൈവത്തെ എങ്ങനെ തിരിച്ചറിയാമെന്നും ഇവർക്ക് കൃത്യമായി അറിയുമായിരിക്കും എന്ന് വേണം ഊഹിക്കാൻ. ഫേസ്ബുക്ക്‌ നാസ്തിക തത്വചിന്തകരുടെ ട്രോളുകളും പോസ്റ്റുകളും പരിശോധിശിച്ചാൽ ലഭിക്കുന്ന ഇവരുടെ ദൈവ സങ്കൽപ്പങ്ങൾ ഇപ്രകാരമാണ്.

അസ്തിത്വമില്ലാത്ത ദൈവം:പ്രപഞ്ചത്തിനകത്തു തന്നെ ഇരുന്നു പ്രപഞ്ചം സൃഷ്‌ടിച്ച, പ്രപഞ്ചത്തിനകത്തു തന്നെയുള്ള, സ്വന്തമായി അസ്തിത്വമില്ലാതെ ഒരു തരം ദൈവമാണിത്‌. ഒരുദാഹരണം പറഞ്ഞാൽ പായസം ഉണ്ടാക്കുന്നത് പായസ ചെമ്പിനകത്ത് കയറിയിരുന്നാണ്. പായസം ഇളക്കുമ്പോ അണ്ടിയും മുന്തിരിയുമൊക്കെ കിട്ടുന്ന പോലെ ഉണ്ടാക്കിയ ആളെയും കാണണം. ഇല്ലെങ്കിൽ പായസം തനിയെ ഉണ്ടായതാണ് എന്നുറപ്പിക്കാം.

അടിമ ദൈവം: കുപ്പിയിൽ നിന്ന് വന്ന ഭൂതത്തെ പോലെ, നമ്മൾ ആവശ്യപ്പെടുന്നതെന്തും ചെയ്തു തരുന്ന ഒരു തരം ദൈവം. ഉദാഹരണത്തിന് നമ്മൾ രാവിലെ എണീറ്റ് ദൈവത്തോട് ബ്രേക്ക്ഫസ്റ്റ് ഓർഡർ ചയ്യുന്നു, പല്ലു തേച്ചു വരുമ്പോഴേക്കും ദൈവം ചൂടുള്ള ബ്രേക്ക്ഫസ്റ്റ് തയ്യാറാക്കി വെക്കുന്നു. നമുക്ക് ഒരു രോഗമുണ്ടായാൽ ദൈവത്തോട് മാറ്റിത്തരാൻ പറയുന്നു, ദൈവം വീട്ടിൽ വന്ന് മരുന്ന് തന്നു ചികിൽസിച്ചു മാറ്റുന്നു. നമുക്കൊരു സാമ്പത്തിക പ്രതിസന്ധി വരുന്നു, നമ്മൾ നേരെ ചെന്ന് ദൈവത്തോട് പറയുന്നു, ദൈവം അപ്പൊ തന്നെ ഒരു ചെക്ക് എഴുതി തരുന്നു. ഇങ്ങനെ ഒരു ദൈവമുണ്ടായാലുള്ള ഗുണം, ദൈവം പറഞ്ഞതൊന്നും നമ്മൾ ചെയ്യുകയും വേണ്ട, എന്നാൽ നമ്മൾ പറയുന്നതൊക്കെ ദൈവം ചെയ്യുകയും ചെയ്യും, കാരണം ദൈവത്തിനു എല്ലാം കഴിയുമല്ലോ, കഴിയണമല്ലോ… അപ്പൊ നമ്മളാണോ ദൈവമാണോ ശരിക്കും ദൈവം എന്നൊന്നും ചോദിക്കരുത്.

സൂപ്പർ ഹീറോ ദൈവം: ആരെങ്കിലും അക്രമവും അനീതിയും ചെയ്യുമ്പോൾ പറന്നു വന്നു തടയുന്ന സൂപ്പർ ഹീറോ ദൈവം. പക്ഷേ അങ്ങനെ വന്നു തടയുമ്പോൾ അക്രമി CID മൂസയിൽ ദിലീപ് ചോദിച്ച പോലെ ഇങ്ങനെ പറന്നു വന്ന് തടയാനാണെങ്കിൽ പിന്നെന്തിനാണ് ഫ്രീവിൽ തന്നത് എന്നൊന്നും ചോദിച്ചേക്കരുത്. ഇങ്ങനെ ഒരു ദൈവമുണ്ടായുള്ള ഗുണമെന്താണെന്ന് വെച്ചാൽ എവിടെയെങ്കിലും അക്രമവും അനീതിയും നടക്കുമ്പോൾ എന്തേ നിങ്ങളുടെ ദൈവമെന്തേ എന്ന് ചോദിച്ച് കൈ കൊട്ടി ചിരിക്കുകയും ചെയ്യാം. ആരെങ്കിലും സ്വന്തം ഫ്രീൽ ഉപയോഗിച്ച് അതിനെതിരെ പ്രതികരിക്കുമ്പോൾ ഇരവാദം, തീവ്രവാദി എന്നൊക്കെ ചാപ്പ കുത്തുകയും ചെയ്യാം.

ആ ബാലമംഗളം, ബാലരമ നിലവാരത്തിൽ നിന്ന് അവരിപ്പോഴും ഉയർന്നിട്ടില്ല. എവിടെ നിന്നാണിവർക്ക് ഡിങ്കഭഗവാൻ, ഡിങ്കമതം തുടങ്ങിയ ആശയങ്ങൾ കിട്ടിയതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

താത്വികവാദങ്ങൾ

ദൈവമില്ല എന്നതിന് ദാർശനികമായ വാദങ്ങൾ ഉന്നയിക്കണമെങ്കിൽ ആദ്യം Aristotle, Thomas Aquinas, Gottfried Leibniz, Al-Ghazali, Avicenna മുതൽ William Lane Craig, Alvin Plantinga വരെയുള്ള തത്വചിന്തകരുടെ ദാർശനിക വാദങ്ങളെ ഖണ്ഡിക്കണം. അതിനാദ്യം ഇവരൊക്കെ ആരാണെന്നും ഇവരുടെ വാദങ്ങൾ എന്താണെന്നും അറിയണം. എതിർ വാദങ്ങൾ ഉന്നയിക്കണെമെങ്കിൽ തത്വചിന്തയിൽ ആഴത്തിലുള്ള അറിവും വേണം. എന്ത്കൊണ്ടാണന്നറിയില്ല നാസ്തികരിൽ നിന്നും അങ്ങനെയൊരു ശ്രമം അധികം കാണാറില്ല.

“ഡോക്കിൻസ് അടിസ്ഥാനമപരമായി ഒരു ശാസ്ത്രജ്ഞനാണ്. തത്വചിന്തയിൽ ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. ‘ദൈവവിഭ്രാന്തിയിൽ’ തത്വചിന്ത കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം ശരാശരിയിൽ കവിഞ്ഞ മികവ് പ്രദർശിപ്പിക്കുന്നെണ്ടെങ്കിലും സൃഷ്ടിവാദത്തെ താത്വികമായി നേരിടാൻ അദ്ദേഹം ശ്രമിക്കുന്നില്ല” – നാസ്തികനായ ദൈവം[1]
പിന്നെന്താണദ്ദേഹം ശ്രമിക്കുന്നത്? ദൈവമുണ്ട് എന്നതിന് താത്വികമായ വാദങ്ങളാണുള്ളത്. നിർവചനം കൊണ്ട് തന്നെ ശാസ്ത്രപഠന പരിധിക്കതീതമായ ദൈവാസ്ഥിത്വത്തിനു ശാസ്ത്രീയമായ തെളിവുണ്ടെന്നോ, തെളിയിക്കാമെന്നോ വിശ്വാസികൾക്ക് വാദമില്ല.

യഥാർത്ഥത്തിൽ ഡോക്കിൻസ് ഒരു ചെറിയ ശ്രമം നടത്തുന്നുണ്ട്. ആ ശ്രമത്തിലെ നിലവാരമില്ലായ്മക്ക് വിവർത്തകൻ മുൻ‌കൂർ ജാമ്യമെടുക്കുകയാണ്. ഡോക്കിൻസിന്റെ ശ്രമങ്ങൾ ബഹുരസവുമാണ്.

ത്രികോണത്തെ കുറിച്ചുള്ള ക്‌ളാസ് കഴിഞ്ഞ ശേഷം, നാലാമത്തെ വശത്തിന്റെ നീളമെത്രയാണ് എന്ന സംശയം പോലെയാണ് ഡോക്കിന്സിന്റെ ഖണ്ഡനം. (ദൈവാസ്തിത്വത്തിനുള്ള വാദം ചർച്ച ചെയ്യുമ്പോൾ വിശദമായി ചർച്ച ചെയ്യാം). ഡോക്കിൻസിൻറെ തത്വചിന്താ വാദങ്ങൾ പരിതാപകരമാണ് എന്നാണ് ആധുനിക തത്വചിന്തകനായ ആൽവിൻ പ്ലാന്റിംഗയുടെ വിലയിരുത്തൽ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രൊഫസറായ പീറ്റർ ഹാരിസൺ ഡോക്കിൻസിന്റെ വാദങ്ങളെ വിലയിരുത്തിയത് തനിക്ക് അല്പജ്ഞാനം മാത്രമുള്ള മേഖലയിലേക്ക് വിഡ്ഢിയെപ്പോലെ ഓടിക്കയറുകയാണ് ഡോക്കിൻസ് എന്നാണ്.

ഡോക്കിന്സിന്റെയും രവിചന്ദ്രന്റെയും വാദങ്ങളുടെ വിശദമായ നിരൂപണം ദൈവം: ഡോക്കിൻസ് ആരാധകരുടെ വിഭ്രാന്തികൾ എന്ന പുസ്തകത്തിൽ വായിക്കാവുന്നതാണ്.

ഇനിയുള്ളത് ഫേസ്ബുക് തത്വചിന്തകരുടെ വാദങ്ങളും ട്രോളുകളുമാണ്. അതിനൊന്നും പ്രത്യേകം മറുപടിയുടെ ആവശ്യമില്ല. അത്തരം വാദങ്ങളിലെ യുക്തി പിഴിഞ്ഞപ്പോൾ കിട്ടിയ ചളി താഴെ കൊടുക്കുന്നു.

 • കാറിന് ഒരു ഡിസൈനർ ഇല്ല, കാരണം കാറ് ഇടക്ക് ബ്രേക്ക് ഡൌൺ ആകാറുണ്ട്, ആക്സിഡന്റ് ഉണ്ടാകാറുണ്ട്., കാറിനു പറക്കാൻ കഴിയില്ല.
 • ബസിനു ഡ്രൈവർ ഇല്ല, ഉണ്ടെങ്കിൽ ബസ് എന്തുകൊണ്ട് എനിക്ക് പോകാനുള്ളപ്പോൾ എൻറെ വീട്ടിനു മുന്നിലൂടെ പോകുന്നില്ല?
 • ക്യാമറക്ക് ഡിസൈനർ ഇല്ല, കാരണം നിങ്ങൾ മുൻകാല ക്യമറകൾ നോക്കിയാൽ വളരെ സാമ്യമുള്ളതായി കാണാം, അത് കൊണ്ട് ഇതൊക്കെ സ്വയം പരിണമിച്ചു ഉണ്ടായതാണ്.
 • ദയാഹർജി സ്വീകരിക്കാനുള്ള അധികാരമുണ്ട് എന്ന് പറയുന്ന പ്രസിഡണ്ട് ഉണ്ടെങ്കിൽ എന്ത് കൊണ്ട് എല്ലാ ദയാഹർജികളും സ്വീകരിക്കുന്നില്ല? അത് കൊണ്ട് ഇന്ത്യക്ക് പ്രസിഡണ്ട് ഇല്ല.
 • അച്ഛനെന്നെ തല്ലി, അത് കൊണ്ട് അച്ഛനില്ല.
 • ദി കറക്കികുത്തൽ (മെയിൻ ഐറ്റം): പ്ലസ്‌ടു കഴിഞ്ഞു എല്ലാ വർഷവും എൻട്രൻസിന് അപേക്ഷിച്ചു കറക്കിക്കുത്തിയാൽ ഒരു 70 വയസ്സാകുമ്പോഴേക്ക് ഫസ്റ് റാങ്കോടു കൂടി മെഡിസിന് അഡ്മിഷൻ കിട്ടും. ഒരു ഏകകോശ ജീവി കറക്കികുത്തി ആനയും മയിലും ഒട്ടകവുമൊക്കെ ആയതു വച്ച് നോക്കിയാൽ ഇതൊക്കെ ചീള് കേസ്.
 • വീണ്ടും കറക്കിക്കുത്തൽ: ഒരു ഓപ്പൺ സോഴ്സ് സോഫ്ട്‍വെയർ എടുത്ത് റാൻഡം കട്ട്, കോപ്പി പേസ്റ്റ് ചെയ്‌തു കൊണ്ടിരുന്നാൽ വരും തലമുറക്ക് അത്യഗ്രൻ ഫീച്ചേർസോട് കൂടിയ ഒരു സോഫ്ട്‍വെയർ ലഭിക്കും.
 • വീണ്ടും കറക്കിക്കുത്തൽ: കണ്ണടച്ചിരുന്ന് റാൻഡമായി ടൈപ്പ് ചയ്തുകൊണ്ടിരുന്നാൽ റിട്ടയർ ആകുമ്പോഴേക്കും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും വായന പ്രേമികൾക് മികച്ച ഒരു സാഹിത്യ സൃഷ്ടിയും ലഭിക്കും.
 • പ്രോഡക്റ്റിനോടൊപ്പം മാന്വൽ നൽകുന്ന കമ്പനികളെല്ലാം മോശം കമ്പനികളാണ്. ഒരു നല്ല കമ്പനിയുടെ പ്രൊഡക്ട് നമുക്കിഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ പറ്റണം. ഉദാഹരണത്തിന് കാറിൽ ഡീസലും പെട്രോളും മണ്ണെണ്ണയും വെളിച്ചെണ്ണയും കൊക്കകോളയും ഇന്ധനമായി ഉപയോഗിക്കാൻ പറ്റണം. ഒരു മൊബൈൽ വെയിലത്ത് വച്ചും തലയിൽ ഉരച്ചും അടുപ്പിൽ വച്ചും ചാർജ് ചെയ്യാൻ പറ്റണം.
 • കേരളത്തിൻറെ വിദ്യാഭ്യാസ ബോർഡ് വൻ പരാജയമാണ്, അല്ലെങ്കിൽ എന്തുകൊണ്ട് സ്‌കൂളിൽ പോകുന്ന എല്ലാവരും ഡോക്ടർമാരും എൻജിനീയർമാരും ആകുന്നില്ല?
 • നിയമങ്ങളും, പോലീസും കോടതിയും ശിക്ഷകളും ജയിലുമൊക്കെയുഉള്ള രാജ്യങ്ങളെല്ലാം ക്രൂര രാജ്യങ്ങളാണ് ഒരു നല്ല രാജ്യത്തിന് ഭരണഘടനയും നിയമങ്ങളും ഒന്നും ആവശ്യമില്ല. പട്ടാളവും ആയുധങ്ങളും ഒന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക രാജ്യങ്ങൾക്ക് ചേർന്നതല്ല.

നിരീശ്വരവാദത്തെ വളരെ ലളിതമായി ഇങ്ങനെ സംഗ്രഹിക്കാം.

രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം പെട്ടന്ന് കരൻറ് പോയി, എങ്ങും കൂരാ കൂരിരുട്ട്.
ഭർത്താവ്: [കർട്ടൻ നീക്കി അടുത്ത വീട്ടിലേക്ക്നോ ക്കിയിട്ട്] ഭാഗ്യം എവിടെയുമില്ല.
ഭാര്യ: ചേട്ടാ.. പുറത്ത് ആരോ ഉണ്ടെന്ന് തോന്നുന്നു.
ഭർത്താവ്: എങ്ങനെ മനസ്സിലായി.
ഭാര്യ: ഞാനൊരു ശബ്ദം കേട്ടു.
ഭർത്താവ്: അതൊരു തെളിവായി അംഗീകരിക്കാനാവില്ല, മൂർത്തമായ തെളിവ് വേണം.
ഭാര്യ: നിങ്ങളൊന്ന് പുറത്തിറങ്ങി നോക്കിയേ..
ഭർത്താവ്: എന്തിന്? പുറത്താരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരട്ടെ, അതല്ലേ ഹീറോയിസം.
ഭാര്യ: [ജനൽ തുറന്നു നോക്കുക്കുന്നു] നല്ല ഇരുട്ടാണ് ഒന്നും കാണുന്നില്ല.
ഭർത്താവ്: എന്നാൽ പുറത്താരുമില്ല.
ഭാര്യ: ചേട്ടനെന്താ ഇത്ര ഉറപ്പ്?
ഭർത്താവ്: പുറത്ത് ആളുണ്ട് എന്നതിന് നിനക്ക് തെളിവില്ല എന്നതാണ് ആളില്ല എന്നതിന് തെളിവ്.
ഭാര്യ: ചേട്ടൻ ഏത്തിസ്റ്റ് ആണോ?
ഭർത്താവ്: എസ്, ഐ ആം ബ്ലഡി ഏത്തിസ്റ്റ്!

ദൈവമില്ല എന്ന വാദം ഉന്നയിക്കുകയും, എന്ത് കൊണ്ട് ഉണ്ടായിക്കൂടാ ചോദിക്കുമ്പോൾ ഉണ്ടെന്നു തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് Burden of proofArgument from incredulity ലോജിക്കൽ ഫലസിയാണ്. ദൈവം ഉണ്ടെന്നോ ഇല്ലന്നോ വാദം ഉന്നയിക്കുമ്പോൾ അതിനെ പിന്തുണക്കുന്ന തെളിവുകളോ കാരണങ്ങളോ നിരത്തേണ്ടത് വാദമുന്നയിക്കുന്നവരുടെ ബാധ്യതയാണ്. ദൈവമില്ല എന്ന് തെളിയിക്കാൻ കഴിയാത്തിടത്തോളം കാലം ഇവർക്ക് സ്വീകരിക്കാവുന്ന നിലപാട് Agnosticism ആണ്. പക്ഷെ അത്തരം നിലപാടെടുക്കുന്ന അജ്ഞേയ വാദികൾ ഇവരുടെ കാഴ്ചപ്പാടിൽ ഭീരുക്കളാണ്. ഹൗ! ബല്ലാത്തൊരു യുക്തി തന്നെ 😆 നിരീശ്വരവാദവും യുക്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നത് കൊണ്ടാണ് ഈ സൈറ്റിൽ അവരെ യുക്തിവാദികൾ എന്ന് വിശേഷിപ്പാക്കാത്തത്.

Atheism ദൈവത്തിലുള്ള അവിശ്വാസം മാത്രമാണ് എന്ന് വാദിക്കുന്നവരുണ്ട്. ദൈവത്തിലുള്ള അവിശ്വാസവും ദൈവമില്ല എന്ന് പറയുന്നതും തികച്ചും വ്യത്യസ്തമാണ്. ഒരാളെ നിങ്ങൾക്ക് വിശ്വാസമില്ല എന്ന് പറയുന്നതും ഒരാൾ ചതിയനാണ് എന്ന് പറയുന്നതും തമ്മിലുള്ള അതേ വ്യത്യാസം. അയാളെ വിശ്വസിക്കാതിരിക്കാൻ മുൻപരിചയമില്ല, മുൻപ് ഇടപാടുകൾ നടത്തിയിട്ടില്ല തുടങ്ങിയ പല കാരണങ്ങളുമുണ്ടായിരിക്കാം, പക്ഷേ അതൊന്നും അയാൾ ചതിയനാണ് എന്നതിന് തെളിവാകുകയില്ല. ദൈവമില്ല എന്നൊരാൾ ഉറപ്പിച്ചു പറയുന്ന നിമിഷം എന്ത് കൊണ്ട് ദൈവമില്ല എന്ന് സമർത്ഥിക്കേണ്ട ബാധ്യത അയാൾക്കുണ്ട്. നിരീശ്വരവാദം യാതൊരു യുക്തിയോ തെളിവോ ഇല്ലാത്ത ഒരന്ധവിശ്വാസം മാത്രമാണ്. കേംബ്രിഡ്ജ്മാക്മില്ലൻ തുടങ്ങിയ അനേകം നിഘണ്ടുകളിൽ Atheism എന്ന വാക്കിൻറെ നിർവചനം ദൈവമില്ല എന്ന വിശ്വാസമാണ് എന്നാണ്. 

Atheism has nothing to do with science, rationality, logic or philosophy, its all about psychology, Atheism is an emotional mental state.

അവലംബം

 1. നാസ്തികനായ ദൈവം – പേജ് 127

ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക