ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയായി നാമെല്ലാവരും അംഗീകരിക്കുകയും വേണമെന്നും കരുതുന്നവരാണ് ഇൻഡിവിജ്വലിസ്റ്റിക് ലിബറൽ പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

മതപരമായ ധാർമ്മിക മൂല്യങ്ങൾ അപരിഷ്‌കൃതവും പഴഞ്ചനുമായതിലാണ് അവ ഉപേക്ഷിക്കുന്നതെന്നാണ് ഇവർ പറയാറ്. “മുൻകാലങ്ങളിൽ, മതവികാരം കാരണം, വിവാഹേതര ലൈംഗികത തെറ്റാണെന്ന് കണക്കാക്കപ്പെട്ടിരുന്നു, പക്ഷേ കാലം മാറി, ഞങ്ങൾ പുരോഗമിച്ചതിനാൽ ഇന്നത് മോശമായി കാണുന്നില്ല.” എന്നൊക്കെയാണ് വാദം.

ഇതെത്രത്തോളം ബാലിശമാമായ ചിന്തയാണെന്ന് മനിസ്സിലാക്കാൻ വളരെ എളുപ്പമാണ്. ഇവരുടെ ‌ വിഖ്യാതമായ വംശീയ സമത്വം പോലെയുള്ള ഒരു ധാർമ്മികമൂല്യം പരിഗണിക്കുക. വെളുത്തവരുടെ വംശമഹിമ ഒരു കാലത്ത് സ്വീകാര്യമായി കണക്കാക്കുന്നതിൽ ധാർമികമായി എന്തെങ്കിലും പ്രശ്നമുണ്ടോ? ഒരു കാലത്ത് വിവാഹേതര ലൈംഗിക ബന്ധങ്ങൾ നാം തെറ്റായും പിന്നീട് അത് തെറ്റല്ലെന്ന് മനസ്സിലാക്കുകയും ചെയ്ത പോലെ പോലെ, വെളുത്തവരുടെ വംശമഹിമ യഥാർത്ഥത്തിൽ കുഴപ്പമൊന്നുമില്ലെന്നും നമുക്കിതുവരെ മനസ്സിലാക്കാൻ കഴിയാത്തതാണെന്നും ഭാവിയിലെ ആളുകൾക്ക് അത് തെറ്റല്ലെന്നും ബോധ്യപ്പെട്ടാൽ അത് ധാർമികമായി അംഗീകരിക്കുമോ? എന്തുകൊണ്ട് പറ്റില്ല? വംശത്തിൻ്റെയും നിറത്തിൻ്റെയുമൊക്കെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ടെന്ന് ന്യായം ചമക്കുന്ന കേരളത്തിലെ ശാസ്ത്രമാത്രവാദിയായ, ശാസ്ത്രപ്രചാരകൻറെ കപടമുഖം മൂടിയണിഞ്ഞ ഒരു വലത് പക്ഷ നാസ്തികൻ്റെ വീഡിയോ ഇയിടെയാണ് ശ്രദ്ധയിൽ പെട്ടത്. എന്ത്കൊണ്ട് അത്തരത്തിൽ ഒരു ധാർമികതമൂല്യം ഉരുത്തിരിഞ്ഞുകൂടാ?

ഇതിനവർ സാധാരണയായി മറുപടി പറയുന്നത് “ധാർമ്മികത ഒരിക്കലും അങ്ങനെ അസ്വാഭാവികമായി പരിണമിക്കുകയില്ല, പുരോഗമന ദിശയിൽ മാത്രമേ പരിണമിക്കുകയൊള്ളു, അന്ധവിശ്വാസങ്ങൾ പിഴുതെറിയുകയും ദോഷങ്ങൾ തിരിച്ചറിയുകയും ചെയ്യുമ്പോൾ നമ്മുടെ ധാർമ്മികത കൂടുതൽ കൃത്യത കൈവരിക്കുന്നു. മറ്റൊരു വ്യക്തിയെ ദ്രോഹിക്കുകയെന്നതാണ് അധാർമികമായ ഒരേയൊരു പ്രവൃത്തി (Harm principle)” എന്നൊക്കെയായിരിക്കും.

മറ്റുളളവരെ ഉപദ്രവിക്കാതിരിക്കുക എന്നത് മാത്രമാണ് ഒരേയൊരു യഥാർത്ഥ ധാർമിക തത്വം എന്നതാണ് ലിബറൽ മതരഹിത നാസ്തിക പുരോഗമന പരിഷ്കരണവാദികളുടെ വീക്ഷണം. ഈ യുക്തിയനുസരിച്ചാണ് വിവാഹേതര ലൈംഗീക ബന്ധങ്ങൾ ദോഷകരമല്ലെന്ന് കണ്ടെത്തിയതിനാൽ അധാർമികമല്ലെന്നും വെളുത്തവരുടെ വംശീയ മഹത്വം ദോഷകരമാണെന്ന് കണ്ടെത്തിയിതിനാൽ അധാർമികമായും കണക്കാക്കുന്നത്.

പക്ഷേ ഒരു പ്രശനമുണ്ട്, ലിബറൽ പുരോഗമന നാസ്തിക പരിഷ്കരണവാദികൾ അവകാശപ്പെടുന്ന പോലെ ധാർമികതയുടെ അടിസ്ഥാനം ഹാം പ്രിൻസിപ്പ്ൾ ആണെങ്കിൽ, ആ തത്വവും കാലക്രമേണ പരിണമിക്കാമെന്ന് അവർ സമ്മതിക്കുമോ? ധാർമി മൂല്യങ്ങൾ കാലക്രമേണ പുരോഗമിക്കുകയും പരിഷകരിക്കുയും ചെയ്യുന്നുവെങ്കിൽ, ആളുകളെ ദ്രോഹിക്കുന്നത് ധാർമികമായി അനുവദനീയമാണെന്നും ഹാം പ്രിൻസിപ്പ്ൾ ഭൂതകാലത്തിൻ്റെ കാലഹരണപ്പെട്ട അപരിഷ്‌കൃതമായ ഒരു ചിന്തയാണെന്നും നമുക്ക് ഒരു ദിവസം കണ്ടെത്താൻ കഴിയുമോ? അർഹതയുള്ളവയുടെ അതിജീവനത്തിൻ്റെയും പ്രകൃതി നിർധാരണത്തിൻ്റെയും ഫലം മാത്രമാണല്ലോ മനുഷ്യൻ. ആ നിലക്ക് ചിന്തിക്കുമ്പോൾ കൂടിക്കൊണ്ടിരിക്കുന്ന ജനപ്പെരുപ്പം മനുഷ്യ വംശത്തിൻ്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് ദോഷകരമാണെന്ന് വന്നാൽ ഗുണവും കഴിവുമൊക്കെ കുറഞ്ഞ ലിബറൽ പുരോഗമന ലെൻസിലൂടെ നോക്കുമ്പോൾ അപരിഷ്കൃതരായ അരിക് വല്കരിക്കപ്പെട്ട കുറച്ചു മനുഷ്യരെ ഉന്മൂലനം ചെയ്ത് മനുഷ്യവംശത്തിൻ്റെ നിലനിൽപിനെ സംരക്ഷിക്കുന്നത് അധാർമികമായി കാണാനാകുമോ?

ഇത് സാധ്യമല്ലെന്നും ഹാം പ്രിൻസിപ്പ്ൾ എല്ലായ്‌പ്പോഴും മാറ്റമില്ലാതെ നിലനിൽക്കുമെന്നും കരുതുന്നുവെങ്കിൽ, ധാർമികതയെക്കുറിച്ച് പറയുമ്പോൾ അവർ ശരിക്കും പുരോഗമനവാദികളല്ല. ധാർമ്മികതയിൽ സമ്പൂർണ്ണതയുണ്ടെന്നവർ വിശ്വസിക്കുന്നു. അപ്പോൾ പിന്നെ കാലത്തിനനുസരിച്ച് മാറ്റമില്ലാത്ത ധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുതിന് മതവിശ്വാസികളെ എങ്ങനെ കുറ്റപ്പെടുത്തും?

Inspired from “The Incoherence of Moral Progress” – By Daniel Haqiqatjou

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment