മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായി ഉന്നതി പ്രാപിച്ച ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശാസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജരൂപങ്ങളെ പുറത്തെടുത്ത് തനിക്ക് ഉപകാരപ്രദമാകുംവിധം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍. ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രപഠനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് അനുസൃതമായി സമൂഹം പാടെ മാറിക്കഴിഞ്ഞു. ദിനംപ്രതി പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതുമ നിറഞ്ഞതായിരിക്കുന്നു! ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രതിഭകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ശാസ്ത്രത്തിന് അപ്രമാദിത്യം നല്‍കുന്നവരായി ഇന്ന് ചിലര്‍ മാറിക്കഴിഞ്ഞു. ‘സൈന്റിസം’ ഒരു മഹാമാരിയായി മുസ്‌ലിംകള്‍ക്കിടയിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്ന ഇക്കൂട്ടര്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ കുറിച്ച് അജ്ഞരാണെന്നത് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ശാസ്ത്രം എന്നത് മനുഷ്യബുദ്ധിയുടെ ഉല്‍പന്നമാണ് എന്നുള്ളത് കൊണ്ട് തന്നെ മനുഷ്യബുദ്ധിക്ക് സംഭവിക്കാവുന്ന അപചയങ്ങള്‍ ശാസ്ത്രത്തിനും സംഭവിക്കുന്നതാണ്. ശാസ്തപഠനങ്ങളിലേര്‍പെട്ടവര്‍ക്ക് ഇക്കാര്യം നന്നേ ബോധ്യമുള്ളതാണ്. ശാസ്ത്രം മാറ്റങ്ങള്‍ക്ക് വിധേയമാണ് എന്ന കാര്യത്തില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ ശാസ്ത്രത്തിന് ഒരിക്കലും തന്നെ അബദ്ധം സംഭവിക്കുകയില്ല എന്ന പക്ഷക്കാരാണ്. ശരിയില്‍ നിന്നും കൂടുതല്‍ ശരിയിലേക്ക് ഗമിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. നിരീശ്വരവാദികളാണ് ഇത്തരത്തിലുള്ള വാദങ്ങള്‍ മുന്നോട്ട് വെക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ശാസ്ത്രത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതയുള്ളവര്‍ തങ്ങള്‍ മാത്രമാണ് എന്നാണ് അവരുടെ പക്ഷം. ശാസ്ത്രത്തെ വളര്‍ത്തി കൊണ്ടുവന്നത് തന്നെ തങ്ങളാണ് എന്ന് മാത്രമല്ല തങ്ങള്‍ക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതാണ് ശാസ്ത്രം എന്ന നാട്യത്തിലാണ് അവര്‍ ശാസ്ത്രത്തെ കുറിച്ച് സംസാരിക്കാറുള്ളത്. തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി ലഭിച്ച ജീവിത സൗകര്യങ്ങള്‍ അനുഭവിക്കാന്‍ മതവിശ്വാസികള്‍ക്ക് യാതൊരു അര്‍ഹതയുമില്ല എന്ന പക്ഷക്കാരാണ് അവര്‍. കാരണം അവരെ സംബന്ധിച്ചിടത്തോളം മതം കാരണത്താല്‍ ഏറെ വൈകി ഓടുന്ന ട്രെയിനിന് സമാനമാണ് ശാസ്ത്രം! വിശ്വാസം മനുഷ്യരില്‍ ശാസ്ത്ര തല്‍പരത ഇല്ലാതാക്കുമെന്നതിനാല്‍ ശാസ്ത്ര തല്‍പരതക്ക് മതനിരാസം അനിവാര്യമാണ് എന്നാണ് അവരുടെ വാദം. ദൈവവിശ്വാസം ഇല്ലാതായിക്കഴിഞ്ഞാല്‍ ശാസ്ത്ര ഗവേഷണങ്ങള്‍ തകൃതിയായി നടക്കും, ദൈവനിഷേധിയായ ഒരാള്‍ ഒരിക്കലും തന്നെ ഒരു മതവിശ്വാസിയെ പോലെ ശാസ്ത്രവിരുദ്ധനാകില്ല എന്നിങ്ങനെയാണ് അവരുടെ വാദങ്ങള്‍ മുന്നോട്ടുപോകുന്നത്.

ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ എന്ന് സ്വയം അവകാശപെടുന്ന ഇവര്‍ പക്ഷേ, ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭ നാളുകളില്‍ യാതൊരുവിധ ശാസ്ത്രസംഭാവനകളും അര്‍പിച്ചിട്ടില്ല എന്ന് മാത്രമല്ല ശാസ്ത്ര വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു അവരുടെ ആശയങ്ങള്‍. ആധുനിക ശാസ്ത്ര ചരിത്രകാരന്മാരുടേതടക്കം ഇന്ന് ലഭ്യമായ ചരിത്ര രേഖകളില്‍ നിന്നും, മെസപൊട്ടോമിയ, ഹാരപ്പ, മോഹന്‍ജെദാരോ, പുരാതന ഇൗജിപ്ത്, ഗ്രീസ്, റോം, ഭാരതം, ചൈന എന്നിവിടങ്ങളില്‍ ആണ് ശാസ്ത്രം പിച്ചവെച്ചു തുടങ്ങിയത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

1. മെസപൊട്ടോമിയ പോലുള്ള ഭൂപ്രദേശങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ശാസ്ത്രകാരന്മാരെ കുറിച്ച് നമുക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പുരാതന ഈജിപ്തിലെ സ്‌റ്റെപ്പ്ഡ് പിരമിഡുകളുടെ രൂപകല്‍പകനും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന ഇംഹോടെപ്പിനാണ് ഇന്നറിവുള്ള ശാസ്ത്ര ചരിത്രത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായി കണക്കാക്കപ്പെടാന്‍ അര്‍ഹതയുള്ളത്. വിഖ്യാത ശാസ്ത്രചരിത്രകാരനായിരുന്ന വില്യം ഒസ്ലെറിന്റെ അഭിപ്രായത്തില്‍ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന പദവി യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നത് ഇംഹോടെപ്പിനാണ്. വൈദ്യശാസ്ത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പിച്ച ഇംഹോടെപ്പ്, ആരാധനാലയത്തില്‍ അതിപ്രധാനമായ പദവി അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നു. പില്‍കാലത്ത് ഇംഹോടെപ്പിന്റെ പിന്‍ഗാമികളായി ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്ന് വന്നു. പുരാതന ഗ്രീസ്, റോം, ഭാരതം… തുടങ്ങിയ രാജ്യങ്ങള്‍ ഥെയ്‌ലീസ്, അനക്‌സിമാണ്ടെര്‍, ഡെമോക്രിറ്റസ്, അനക്‌സഗോറസ്, പൈതഗോറസ്, ചരകന്‍, സുശ്രുതന്‍… തുടങ്ങിയ പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കി.

2. കഠിനാധ്വാനത്തിലൂടെ ശാസ്ത്രത്തെ പോഷിപ്പിച്ച ഈ മഹാന്മാരൊന്നും തന്നെ നിരീശ്വരവാദികള്‍ ആയിരുന്നില്ല. തനിക്ക് ചുറ്റും വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രനക്ഷത്രാതികളെ നോക്കിക്കൊണ്ട് ഇവയെല്ലാം യാദൃച്ഛികമായി താനെ ഉണ്ടായതാണ് എന്ന് പറയാന്‍ മാത്രം ബുദ്ധിശൂന്യരായിരുന്നില്ല അവര്‍. ഇന്ദ്രിയഗോചരമായ അറിവുകള്‍ മാത്രമെ അംഗീകരിക്കുകയുള്ളൂ എന്ന് വാശിയുള്ളവരോ ഇന്ദ്രിയങ്ങള്‍ക്ക് അപ്രമാദിത്വം നല്‍കുന്നവരോ ആയിരുന്നില്ല അവര്‍.

3. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ ആജ്ഞേയവാദിയായിരുന്നു പ്രോട്ടഗോറസ്. ഒരു ഹേത്വാഭാസവാദിയായിരുന്ന പ്രോട്ടഗോറസ് ഡെമോക്രിറ്റസിന്റെ ശിഷ്യനായിരുന്നു. അദ്ദേഹം ഡെമോക്രിറ്റസിന്റെ ശിഷ്യനായതുമായി ബന്ധപെട്ട് ഒരു ഐതിഹ്യം ഉണ്ട്. ഒരു ചുമട്ടുക്കാരനായിരുന്ന പ്രോട്ടഗോറസ് കയര്‍ പ്രത്യേക തരത്തില്‍ കെട്ടുന്നത് ഡെമോക്രിറ്റസ് കാണാനിടയായി. പ്രോട്ടഗോറസ് ഒരു ഗണിതപ്രതിഭ ആയിരിക്കാമെന്ന് ഡെമോക്രിറ്റസിന് തോന്നി. എന്നാല്‍ കടുത്ത ആജ്ഞേയവാദിയായിരുന്ന പ്രോട്ടഗോറസ് ഗണിതശാസ്ത്ര ഗവേഷണത്തിനെതിരെ മുന്നോട്ട് വരികയും ക്ഷേത്രഗണിതജ്ഞരെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു. ഗണിതശാസ്ത്ര പഠനങ്ങളില്‍ നിന്നും ഒന്നും തന്നെ ലഭിക്കാനില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇത്തരം ഉപകാരപ്രദമല്ലാത്ത ശാസ്ത്ര വിഷയങ്ങള്‍ക്ക് പകരം ദൈനംദിന ജീവിതത്തില്‍ ഉപകാരപ്പെടുന്ന വിഷയങ്ങള്‍ മാത്രം പഠിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്ര പഠനത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ശിഷ്യന്മാരടക്കം ഒട്ടനവധി ആളുകളെ സ്വാധീനിച്ചു. പില്‍കാലത്ത് ഉയര്‍ന്നുവന്ന ഗണിതശാസ്ത്ര പ്രതിഭയായിരുന്ന സിരിയിന്നിലെ തിയോഡോറസ്, തന്റെ യൗവന കാലഘട്ടത്തില്‍ പ്രോട്ടഗോറിയന്‍ തത്ത്വചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളിലൊരു ഗണിതശാസ്ത്ര പ്രതിഭ ഒളിഞ്ഞിരുന്ന തിയോഡോറസ് പ്രോട്ടഗോറിയന്‍ തത്ത്വചിന്ത പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

4. കടുത്ത നിരീശ്വരവാദവുമായി അക്കാലങ്ങളില്‍ മുന്നോട്ട് വന്ന തത്ത്വചിന്തകരായിരുന്നു മെലോസിലെ ഡയഗോറസും നാസ്തികനായ തിയോഡോറസും. ഒരു സിരിയിന്നിക് തത്ത്വചിന്തകന്‍ ആയിരുന്ന തിയോഡോറസ്, സുഖഭോഗ ജീവിതം നയിക്കുക മാത്രമാണ് ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യം എന്ന ആശയം മുന്നോട്ട് വെച്ചു.

5. ഭാരതത്തില്‍ ജീവിച്ചിരുന്ന നിരീശ്വരവാദികള്‍ ആയിരുന്ന ചാര്‍വാകന്മാരും ഇതേ ആശയക്കാരായിരുന്നു.

6. ഋണം ക്രിത്വ ഗ്രിതം പിബേത്, യവന്‍ ജീവേത്ത് സുഖം ജീവേത്ത് (കടം വാങ്ങിയാണെങ്കിലും വെണ്ണ വാങ്ങി സേവിക്കുക) എന്ന ആശയം അവര്‍ മുന്നോട്ട് വെച്ചു. അക്കാലത്തെ ആഡംബര ഭക്ഷണമായിരുന്ന വെണ്ണ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി സുഖജീവിതം നയിക്കുക എന്നത് മാത്രമാണ് മനുഷ്യജീവിതത്തിന്റെ ഏക ലക്ഷ്യം എന്ന ആശയമാണ് അവര്‍ യഥാര്‍ഥത്തില്‍ പ്രബോധനം ചെയ്തത്. സുഖഭോഗജീവിതം നയിക്കുക എന്ന തങ്ങളുടെ താല്‍പര്യത്തിന് വിഘാതമായി മതം നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രമാണ് നിരീശ്വരവാദികള്‍ എക്കാലത്തും മതത്തെ എതിര്‍ത്തുപോന്നത്. സുഖഭോഗ ജീവിതത്തോടുള്ള അഭിനിവേശം കടുത്ത ജിജ്ഞാസുക്കളെ പോലും ശാസ്ത്രഗവേഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമാണ്. സമര്‍പണ ബുദ്ധിയോടുകൂടി അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ചെയ്യുന്ന ശാസ്ത്രഗവേഷണങ്ങള്‍ പോലും കൈപ്പേറിയ ഫലങ്ങള്‍ നല്‍കിയേക്കാം. താന്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഈ ജീവിതം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ഉദ്യമത്തില്‍ നിന്നും ഒരു നിരീശ്വരവാദി പിന്മാറുമെന്നത് സ്വാഭാവികമാണ്. അക്കാരണങ്ങള്‍കൊണ്ട് തന്നെയാണ് ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ നിരീശ്വരവാദികളുടെതായി യാതൊരു ശാസ്ത്ര സംഭാവനകളും ഇല്ലാതെ പോയത്.ശാസ്ത്ര ഗവേഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന അനുമാന(inference)ത്തെ ചാര്‍വാകന്‍മാര്‍ നിരാകരിച്ചു.

7. ഇന്ദ്രിയ ഗോചരമായ അറിവുകള്‍ മാത്രം സ്വീകരിക്കുക എന്ന ചാര്‍വാകന്മാരുടെ ആശയത്തോട് വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ കണാദന്‍, വൈദ്യശാസ്ത്രജ്ഞാനായിരുന്ന ചരകന്‍ എന്നിവര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പദാര്‍ഥങ്ങളുടെ സമന്വയം പഠനവിധേയമാക്കിക്കൊണ്ടും മറ്റും അനുമാനത്തിലൂടെ അണുസിദ്ധാന്തം മുന്നോട്ടുവെച്ച കണാദനും മനുഷ്യശരീരത്തിനെ ബാധിക്കുന്ന ജ്വരങ്ങളെ അനുമാനത്തിലൂടെ കണ്ടെത്തിയിരുന്ന ചരകനെ പോലൊരു വൈദ്യശാസ്ത്രജ്ഞനും അനുമാനത്തെ നിരാകരിക്കുക എന്നത് അസാധ്യമായിരുന്നു. ഇന്ദ്രിയഗോചരമായ അറിവുകളും അനുമാനത്തിലൂടെ ലഭിക്കുന്ന അറിവുകളും ഉള്‍പെടുത്തി, അനുമാനത്തിന് തെളിവ് കണ്ടെത്തുക എന്ന ശാസ്ത്രീയ രീതിയെത്തന്നെ ചോദ്യം ചെയ്യുകയാണ് ചാര്‍വാകന്മാര്‍ ചെയ്തത്. അനുമാനത്തെ നിഷേധിക്കുകവഴി ശാസ്ത്ര ഗവേഷണത്തിലേക്കുള്ള വാതില്‍ അവര്‍ കൊട്ടിയടച്ചു. കൂടാതെ ഈ ലോകത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ ശാസ്ത്രഗവേഷണത്തില്‍ നിന്നും അകറ്റുകയും ചെയ്തു.

മധ്യകാലഘട്ടത്തിലും നിരീശ്വരവാദികളില്‍ ഭൂരിഭാഗവും ഇതേ നിലപാട് തുടര്‍ന്ന് പോന്നു. അബൂനുവാസിനെ പോലുള്ള നിരീശ്വരവാദികള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചു. പീഡോഫീലിയയും സ്വവര്‍ഗപ്രേമവും പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കവിതകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഹാറൂണ്‍ അല്‍ റഷീദിന്റെ പുത്രന്‍ അമീന്‍, ഖലീഫയായി അവരോധിക്കപ്പെട്ടതോട് കൂടി അബൂ നുവാസിന്റെ നല്ല നാളുകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. പക്ഷേ, പിഞ്ചു ബാലന്മാരെ വരെ ചൂഷണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ജീവിതം ഖലീഫ അമീനിന്റെ വരെ കോപത്തിന് കാരണമായി. ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള സുഖഭോഗവാദികള്‍ മധ്യകാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നു. സുഗഭോഗവാദത്തിന് ഒരു അപവാദമായി നിലകൊണ്ടത് അല്‍മാരി മാത്രമായിരുന്നു. ജന്മനാ അന്ധനായിരുന്ന അദ്ദേഹം തികച്ചും അന്തമുര്‍ഖനായിക്കൊണ്ട് ജീവിതം നയിച്ചു. തന്റെ വൈകല്യത്തെ കുറിച്ച് സദാ ആവലാതിപ്പെടുന്ന ഒരാളെയാണ് നമുക്ക് അല്‍മാരിയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. അപകര്‍ഷതാബോധം അദ്ദേഹത്തെ ശക്തമായി വേട്ടയാടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകളില്‍ നിന്ന് നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. തന്റെ വൈകല്യങ്ങള്‍ നല്‍കിയ പരിമിതികളായിരിക്കാം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിരീശ്വരവാദം മുന്നോട്ടു വെച്ച സമാന ആശയക്കാരായിരുന്ന അല്‍വറക്ക്, ഇബ്‌നുല്‍ റാവന്ധി തുടങ്ങിയവര്‍ അബദ്ധജടിലമായ വാദങ്ങള്‍ ഉന്നയിച്ച് മതത്തെ എതിര്‍ത്തു എന്നല്ലാതെ ശാസ്ത്രസാങ്കേതിക രംഗത്ത് അഭിനന്ദനാര്‍ഹമായ ഒരു സംഭാവനയും അര്‍പിക്കുകയുണ്ടായില്ല.

ചൂഷിത വര്‍ഗമായ തൊഴിലാളിവര്‍ഗത്തെ മുതലാളിത്തത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രമായിരുന്നു മാര്‍ക്‌സിസം. മുതലാളിത്തത്തെ നിഷ്‌കാസനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഉയര്‍ന്നുവന്ന മാര്‍ക്‌സിസം പച്ചപിടിച്ച രാജ്യങ്ങളിലെല്ലാം തന്നെ പക്ഷേ, മുതലാളിത്തം ശക്തി പ്രാപിക്കുകയോ തൊഴിലാളികള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയോ ചെയ്തു. മാര്‍ക്‌സിസത്തിന്റെ കടന്നുവരവോടു കൂടി രക്തരൂക്ഷിതമായ ഒരു കാലഘട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. അഞ്ച് കോടിയോളം മനുഷ്യര്‍ കൊല്ലപ്പെട്ടു. മാര്‍ക്‌സിയന്‍ ദര്‍ശനം പടുത്തയര്‍ത്തപ്പെട്ടത് പൂര്‍ണമായും നിരീശ്വരവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. തങ്ങളുടെ ആശയങ്ങളുമായും ആദര്‍ശങ്ങളുമായും വിയോജിപ്പ് പ്രകടിപ്പിച്ച എല്ലാത്തിനെയും അവര്‍ അടിച്ചമര്‍ത്തി.

വൈരുധ്യാത്മക ഭൗതികവാദ തത്ത്വങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശാഖ ഉയര്‍ന്നുവന്നത്. മാക്‌സ് പ്ലാങ്കിന്റെ ആശയങ്ങളെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏറ്റുപിടിച്ചതോടു കൂടി ക്വാണ്ടം മെകാനിക്‌സ് ശാസ്ത്രലോകത്ത് ചിരപ്രതിഷ്ഠ നേടി. വിശിഷ്ട ആപേക്ഷികതയും സാമാന്യ ആപേക്ഷികതയും ഐന്‍സ്റ്റീന്‍ അവതരിപ്പിച്ചതോട് കൂടി ശാസ്ത്രലോകം കിടുങ്ങുക തന്നെ ചെയ്തു. അക്കാലം വരെ ഉണ്ടായിരുന്ന ശാസ്ത്രലോകത്തിന്റെ ധാരണകളെയെല്ലാം ഐന്‍സ്റ്റീന്‍ കീഴ്‌മേല്‍ മറിച്ചു. ഐന്‍സ്റ്റീന്റെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യേണ്ടതാണെന്ന് ഫ്രീഡ്മാന്‍ കണ്ടെത്തി. ഒരു പ്രാപഞ്ചിക സ്ഥിരാങ്കം(Co-smological Constant) തന്റെ സിദ്ധാന്തത്തിന്റെ സമീകരണത്തില്‍ ഉള്‍പെടുത്തിക്കൊണ്ട് ഐന്‍സ്റ്റീന്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ഒരു അചര പ്രപഞ്ച സിദ്ധാന്തത്തിലുള്ള വിശ്വാസം അത്രമേല്‍ അക്കാലത്ത് ശക്തമായിരുന്നു. എന്നാല്‍ അധികം വൈകാതെ മഹാനായ ശാസ്ത്രജ്ഞന്‍ എഡ്വിന്‍ പി. ഹബ്ബിള്‍ ഈ പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തി. മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പം തകിടം മറിഞ്ഞു.

വികസിക്കുന്ന പ്രപഞ്ചത്തിന് ഒരു തുടക്കം അനിവാര്യമാണ് എന്നുള്ളത് കൊണ്ട് തന്നെ ദൈവാസ്തിത്വത്തിലേക്കുള്ള ചൂണ്ടുപലകയായി മാറി പുതിയ കണ്ടുപിടുത്തം. ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്ന പ്രപഞ്ചസൃഷ്ടിയുമായി നൂറ് ശതമാനം പൊരുത്തപ്പെടുന്നതായിരുന്നു പുതിയ കണ്ടുപിടുത്തം. തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അമളിയായിരുന്നു പ്രാപഞ്ചിക സ്ഥിരാങ്കം എന്ന് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി. എന്നാല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള കനത്ത പ്രഹരമാണ് പുതിയ കണ്ടുപിടുത്തമെന്ന് മനസ്സിലാക്കിയ നിരീശ്വരവാദികള്‍ അതിനെതിരെ രംഗത്ത് വന്നു. തെളിവുകളുടെ അഭാവം കൊണ്ട് ശാസ്ത്രലോകത്ത് എക്കാലങ്ങളിലും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ട് കൂടി തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ് എന്ന ഒറ്റ കാരണത്താല്‍ അവര്‍ വികസിക്കുന്ന പ്രപഞ്ചം എന്ന ആശയത്തെ എതിര്‍ത്തു. സോവിയറ്റ് റഷ്യയില്‍ ക്വാണ്ടം മെക്കാനിക്‌സ്, ആപേക്ഷികതാസിദ്ധാന്തം എന്നിവക്കെല്ലാം നിരോധനം ഏര്‍പെടുത്തി. തീര്‍ത്തും അശാസ്ത്രീയമായ സിദ്ധാന്തങ്ങള്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തു. വൈരുധ്യാത്മിക ഭൗതികവാദവുമായി യോജിച്ചു പോകുന്ന ശാസ്ത്രം വളര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇത് പോലെ ജനിതക ശാസ്ത്രവും നിരോധിക്കപ്പെട്ടു. ജീനുകളിലൂടെയാണ് ജീവികളുടെ പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന ആശയം പ്രകൃതി നിര്‍ധാരണ സിദ്ധാന്തവുമായി ഒത്തുപോകുന്നില്ല എന്ന് മനസ്സിലായതോടെയാണ് നിരോധിക്കപ്പെട്ടത്. ഒട്ടേറെ ശാസ്ത്ര പ്രതിഭകള്‍ പീഡിപ്പിക്കപ്പെട്ടു. ലിസെന്‍കോയുടെ നേതൃത്വത്തില്‍ മാര്‍ക്‌സിയന്‍ തത്ത്വങ്ങള്‍ക്ക് പിന്‍ബലമേകുന്ന തരത്തിലുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ ഉയര്‍ന്ന് വന്നു. ജനിതക ശാസ്ത്രം ബൂര്‍ഷ്വാ ശാസ്ത്രമെന്ന് മുദ്ര കുത്തപ്പെട്ടു. ജനിതക ശാസ്ത്രം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തു. പാവ്‌ലോവിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞരെ സ്റ്റാലിന്റെ പിന്തുണയോട് കൂടി പീഡിപ്പിക്കുകയും ഗവേഷണം അടിച്ചമര്‍ത്തുകയും ചെയ്തു. പാവ്‌ലോവിന്റെ ആശയങ്ങളോട് വിയോജിപ്പുള്ള ശാസ്ത്ര ശാഖയായിരുന്നു സൈബര്‍നെറ്റിക്‌സ്. കമ്പ്യൂട്ടര്‍ സാങ്കേതികരംഗത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സൈബര്‍നെറ്റിക്‌സ് പാവ്‌ലോവിന്റെ ആശയങ്ങളോട് വിയോജിപ്പ് പുലര്‍ത്തുന്നു എന്ന കാരണത്താല്‍ റഷ്യയില്‍ നിരോധിക്കപ്പെട്ടു. നിക്കോലായി യാക്കെവ്‌ലെയിച് മുന്നോട്ട് വെച്ച ഭാഷാസിദ്ധാന്തം മാര്‍ക്‌സിയന്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കാരണത്താല്‍ അവ നിരോധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment