രണ്ടാം ഭാഗം

ശാസ്ത്രവളര്‍ച്ചക്ക് വിഘാതമായി നിലകൊണ്ടു എന്ന് നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇസ്‌ലാം മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്ന് അവകാശപ്പെടുന്ന യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ തിരിനാളങ്ങള്‍ എത്തിച്ചേര്‍ന്നത് തന്നെ ഇസ്‌ലാമികലോകത്ത് നിന്നായിരുന്നു. മധ്യകാലഘട്ടത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിജ്ഞാന ദാഹികള്‍ വിജ്ഞാന സമ്പാദനത്തിനായി എത്തിച്ചേര്‍ന്നിരുന്നത് ഇസ്‌ലാമിക ലോകത്തേക്കായിരുന്നു. 2% മാത്രം സാക്ഷരത ഉണ്ടായിരുന്ന ഒരു ജനവിഭാഗം ലോകത്തിന്റെ ഗുരുക്കന്മാരായി മാറിയത് എങ്ങനെ എന്ന ചോദ്യത്തിന് ഇസ്‌ലാം ഒന്ന ഒരേയൊരു ഉത്തരമേ ലഭിക്കുകയുള്ളൂ. ചിന്താപരമായി ‘വട്ടപ്പൂജ്യ’മായിരുന്ന അറേബ്യയിലെ ജനങ്ങള്‍ ചിന്തിക്കുവാനും അറിവ് നേടുവാനും ആരംഭിച്ചത് മുഹമ്മദ് നബി ﷺ യുടെ ആഗമനത്തോട് കൂടിയായിരുന്നു. അറിവ് ആര്‍ജിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപെട്ടു.

അനസ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”വിജ്ഞാനം തേടി പുറെപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാകുന്നു” (തിര്‍മിദി).

അനസ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്” (തിര്‍മിദി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്” (തിര്‍മിദി).

അറിവിന്റെ കുത്തകവല്‍ക്കരണം അദ്ദേഹം നിരോധിച്ചു. ഉടമസ്ഥാവകാശം അനുവദിച്ചു.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും” (അബൂദാവൂദ്, തിര്‍മിദി).

രോഗം വന്നാല്‍ ചികില്‍സിക്കണമെന്ന് അദ്ദേഹം കല്‍പിച്ചു. വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന സ്വഹാബിവര്യനായിരുന്നു ഹാരിഥ് ഇബ്‌നു കല്‍ദ(റ). ചില സ്വഹാബിമാര്‍ക്ക് അസുഖം വന്നപ്പോള്‍ നബി ﷺ ഇദ്ദേഹത്തെ ചികിത്സിക്കുവാന്‍ വിളിച്ചവരുത്തിയതായി ചരിത്രത്തില്‍ കാണാം.

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ അരുളി: ”ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല” (ബുഖാരി).

റുബീഅഃ(റ) പറയുന്നു: ”ഞങ്ങള്‍ നബി ﷺ യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങള്‍ ജനങ്ങളെ ചികിത്സിക്കും. അവര്‍ക്ക് വേല ചെയ്തുകൊടുക്കും. വധിക്കപ്പെട്ടവരെ യുദ്ധക്കളത്തില്‍ നിന്ന് നീക്കും; മുറിവ് പറ്റിയവരെയും” (ബുഖാരി).

ജാബിര്‍(റ) നിവേദനം. നബി ﷺ പറഞ്ഞു: ”എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിന് അനുയോജ്യമായ മരുന്നു കണ്ടെത്തപ്പെട്ടാല്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം സുഖപെടുന്നു” (മുസ്‌ലിം).

ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്തുവാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ ആഹ്വാനം ചെയ്യുന്നതായി കാണാം: ”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (ഖുര്‍ആന്‍ (88:17-20).
‘അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച് നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട് കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ” (ക്വുര്‍ആന്‍ 30:8).

”അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരെക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു”(ക്വുര്‍ആന്‍ 30:89).

”അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍” (ക്വുര്‍ആന്‍ 25:44).

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 3:190,191).

മനുഷ്യമനസ്സില്‍ ഒളിഞ്ഞുകിടന്നിരുന്ന ജിജ്ഞാസയെ തൊട്ടുണര്‍ത്താന്‍ ക്വുര്‍ആനിന് കഴിഞ്ഞു. കടുത്ത അന്വേഷണത്വരയും ജിജ്ഞാസയും പ്രകടമാക്കിയിരുന്ന ഇബ്‌റാഹീം(അ)നെയാണ് മാനവരാശിക്ക് ആകമാനം മാതൃകയായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചു തരേണമേ, എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

പുനരുത്ഥാനം സാധ്യമാകുന്നത് എപ്രകാരമാണെന്നറിയാനുള്ള ഇബ്ാഹീം നബി(അ)യുടെ ജിജ്ഞാസ എടുത്തുദ്ധരിക്കുക വഴി ഇസ്‌ലാം, ജിജ്ഞാസക്കും അന്വേഷണ ത്വരക്കും ചിന്തക്കും എത്രമാത്രം പ്രാധാന്യം കല്‍പിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു

ബദ്‌റില്‍ ബന്ധികളായി പിടിക്കപ്പെട്ട ചിലരെ മോചിപ്പിക്കാനുള ഉപാധിയായി നബി ﷺ ആവശ്യപ്പെട്ടത് അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവര്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായിരുന്നു. അക്ഷരാഭ്യാസം സിദ്ധിച്ച സമൂഹത്തെ സൃഷ്ടിക്കുവാന്‍ പ്രവാചകന്‍ ﷺ ഇത്തരത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. സാക്ഷരത കുത്തനെ ഉയര്‍ന്നു. ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അറബി ഭാഷ ശക്തിപ്പെട്ടു. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ എകീകരിക്കപ്പെട്ട പോലെ ഭാഷയുടെ പേരിലും അറേബ്യ എകീകരിക്കപ്പെട്ടു. സുഗമമായ ആശയ കൈമാറ്റത്തിന് ഇത് കാരണമായി.

ഉമര്‍(റ)വിന്റെ ഭരണ കാലഘട്ടത്തില്‍ ഒട്ടനവധി സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കി. കനാലുകള്‍ മുതല്‍ കാറ്റാടി യന്ത്രങ്ങള്‍ വരെ ഇസ്‌ലാമിക ലോകത്ത് യഥേഷ്ടം നിര്‍മിക്കപ്പെട്ടു. കാറ്റാടി യന്ത്രങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി അവയെ ജനകീയമാക്കിയത് മുസ്‌ലിംകള്‍ ആയിരുന്നു. മുആവിയ(റ)യുടെ പൗത്രന്‍ ഖാലിദ് ഇബ്‌നു യസീദിന്റെ കാലഘട്ടത്തില്‍ ശാസ്ത്ര ഗവേഷണ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചു. രസതന്ത്ര ഗവേഷണത്തില്‍ പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ജാബിര്‍ ഇബ്‌നു ഹയ്യാന്റെ ഗുരു ഇമാം ജഅ്ഫര്‍ സ്വാദിക്വ് ഖാലിദ് ഇബ്‌നു യസീദിന്റെ ശിഷ്യനായിരുന്നു. ഖാലിദ് ഇബനു യസീദിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിവര്‍ത്തന പദ്ധതി അബ്ബാസിയ്യ രാജവംശത്തിന്റെ കാലഘട്ടത്തില്‍ കൂടുതല്‍ വിപുലീകരിക്കപെട്ടു.

ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വിവര്‍ത്തനത്തിനുമായി ‘ബൈതുല്‍ ഹിക്മ’ എന്ന പേരില്‍ ഒരു ആലയം ബാഗ്ദാദില്‍ സ്ഥാപിക്കപ്പെട്ടു. ഇൗജിപ്തിലും സ്‌പെയിനിലും ഇത്തരത്തിലുള്ള ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു. സകല ശാസ്ത്ര മേഖലകളിലും മുസ്‌ലിംകള്‍ ഉയര്‍ന്ന് വന്നു. അള്‍ജിബ്രയുടെ പിതാവായ ഖവാരിസ്മി, ക്രിപ്റ്റനലൈസിസിന്റെ പിതാവായ അല്‍കിന്ദി, ശാസ്ത്രീയ രീതിക്ക് തന്നെ അടിത്തറ പാകിയ, ലോകത്തെ ആദ്യത്തെ തിയറെറ്റിക്കല്‍ ഫിസിസിസ്റ്റ് ആയി കണക്കാക്കപ്പെടുന്ന ഇബ്‌നു ഹയ്തം, വൈദ്യശാസ്ത്ര മേഖലയില്‍ യൂറോപ്യര്‍ അടക്കമുള്ളവര്‍ക്ക് ഗുരുവായിത്തീര്‍ന്ന ഇബ്‌നുസീന, ശസ്ത്രക്രിയ മേഖലയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച അല്‍ സഹ്‌റാവി, ജേ്യാതിശാസ്ത്രരംഗത്ത് വിസ്മയകരമായ കണ്ടെത്തലുകള്‍ നടത്തിയ ഇബ്‌നു ഷാത്തിര്‍, തൂസി, ഇന്‍ഡോളജിയുടെ പിതാവായ അല്‍ ബിറൂനി, റെസിപ്രോക്കല്‍ ഇന്‍ഹിബിഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച അല്‍ബല്‍കി, ശിശു രോഗ ചികിത്സയുടെ പിതാവായ അല്‍ റാസി, രക്തചംക്രമണ വ്യവസ്ഥ ആദ്യമായി വിശദീകരിച്ച ഇബ്‌നു നഫീസ്… തുടങ്ങിയ പ്രതിഭകള്‍ ശാസ്ത്ര മേഖലയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചു. വൈദ്യ ശാസ്ത്ര മേഖലകളിലും ജേ്യാതിശാസ്ത്ര മേഖലകളിലും ആധികാരിക ശബ്ദം മുസ്‌ലിംകളുടെതായി മാറി. മഹാനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ ‘മുക്വദ്ദിമ’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ലോകത്ത് ഉണ്ടായി വന്ന ശാസ്ത്ര വളര്‍ച്ചയെ കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്:

‘മറ്റൊരു ജനതയും നേടിയിട്ടില്ലാത്ത വിധം ശാസ്ത്രത്തെ മുസ്‌ലിംകള്‍ വളര്‍ത്തിയെടുത്തു. അവര്‍ വിവിധ ശാസ്ത്രശാഖകളില്‍ പ്രാവീണ്യം നേടി. ഈ രംഗത്ത് അവര്‍ കൈവരുത്തിയ പുരോഗതി അതില്‍ വീണ്ടും മെച്ചപ്പെടുത്താന്‍ ഒന്നും ശേഷിക്കാത്ത വിധമായിരുന്നു.’

ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂത പൂര്‍വമായ വളര്‍ച്ച മനുഷ്യന്‍ കൈവരിക്കുമെന്ന് പ്രവാചകന് അറിയാമായിരുന്നു. ഭാവിയില്‍ പടുകൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മിതി ഉണ്ടാകുമെന്നും പ്രവാചകന്റെ പള്ളിയെ നോക്കിക്കൊണ്ട് ഈ വെള്ളക്കൊട്ടാരം ആരുടേതാണ് എന്ന് ദജ്ജാല്‍ ചോദിക്കുമെന്നും തുടങ്ങിയ പ്രവചനങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ കുതിച്ചുയരും എന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു എന്ന് തെളിയിക്കുന്നു.

ചാര്‍വാകന്മാരെ പോലെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രമാദിത്യം നല്‍കുകയോ അനുമാനത്തെ തീര്‍ത്തും നിഷേധിക്കുകയോ ചെയ്യുന്നവരായിരുന്നില്ല മുസ്‌ലിംകള്‍. അനുമാനത്തെ കുറിച്ച് കൃത്യമായ നിലപാട് ക്വുര്‍ആന്‍ മുന്നോട്ടുവെച്ചു.

ഒരു അറിവ് ലഭിച്ചാല്‍ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയണമെന്ന് ക്വുര്‍ആന്‍ നിര്‍ദേശിച്ചു: ”സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി” (ക്വുര്‍ആന്‍ 48:6).

ഇന്ദ്രിയങ്ങളുടെ പരിമിതികളെക്കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരായിരുന്നു. ‘അല്‍ മുന്‍ക്വിദു മിന ദ്ദലാല്‍’ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭീമാകാരമായ നക്ഷത്രങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്ക് നാണയ വട്ടത്തോളം മാത്രം വലിപ്പമുള്ള ഒന്നായാണ് അനുഭവപ്പെടുന്നത്. ഗോളശാസ്ത്ര പ്രകാരം ഭൂമിയെക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളതാണ് നക്ഷത്രങ്ങള്‍. അതുകൊണ്ടുതന്നെ പരിമിതമാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നിലപാടിലൂടെ തീര്‍ത്തും നിഷ്പക്ഷമായി കൊണ്ടുള്ള പഠനമാണ് മുസ്‌ലിംകള്‍ നടത്തിയത്. അത് കൊണ്ട് തന്നെയാണ് ശാസ്ത്ര സാങ്കേതിക രംഗത്ത് മുസ്‌ലിംകള്‍ക്ക് ബഹുദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞത്.

ഇസ്‌ലാമിക ലോകത്തുണ്ടായ ശാസ്ത്രവളര്‍ച്ചയെ മുസ്‌ലിം പണ്ഡിതന്മാര്‍ എതിര്‍ത്തിരുന്നു എന്ന വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. അതിനായി അവര്‍ ഉദ്ധരിക്കുന്നതാകട്ടെ ലോകം കണ്ട എക്കാലത്തെയും മികച്ച ധിഷണശാലികളില്‍ ഒരാളായ ഇമാം ഗസ്സാലിയെയും. ക്രിസ്താബ്ദം 1100കളില്‍ ജീവിച്ചിരുന്ന ഇമാം ഗസ്സാലി അക്കാലത്ത് ലഭ്യമായിരുന്ന ശാസ്ത്ര വിഷയങ്ങളിലെല്ലാം തന്നെ അവഗാഹം നേടിയിരുന്നു. ഗോളശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ തന്റെ വാദങ്ങളുടെ തെളിവുകളായി അദ്ദേഹം എടുത്തുദ്ധരിച്ചു. ഇന്ദ്രിയങ്ങളുടെ പരിമിതികളെ ‘അല്‍ മുന്ക്വിദു മിനള്ള്വലാല്‍’ എന്ന ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്തതിന് പുറമേ, ‘അല്‍ ഹിക്മതു ഫി മഖ്‌ലൂകാതുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:

”വിജ്ഞന്‍മാര്‍ പറഞ്ഞ സംഗതികളെക്കുറിച്ച് ചിന്തിച്ചാല്‍, ഭൂമിയാകുന്ന ഈ മഹാസൃഷ്ടിയെ ആകാശത്തോട് തുലനം ചെയ്യുമ്പോള്‍, ഭൂമിയും അതിലുള്ളതൊക്കെയും കൂടി ഒരു മരുഭൂമിയില്‍ വീണു കിടക്കുന്ന മോതിരത്തോളമേയുള്ളൂ. ഗംഭീര സൃഷ്ടികളായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവയെല്ലാം ഉള്‍കൊള്ളുന്ന ആകാശവും നിങ്ങളുടെ കണ്ണുകളില്‍ എങ്ങനെ ദൃശ്യമാകുന്നുവെന്ന് ചിന്തിച്ചു നോക്കുക.”

തന്റെ വാദങ്ങള്‍ക്ക് തെളിവായി ഗോളശാസ്ത്രം ഉദ്ധരിച്ച, ശാസ്ത്രജ്ഞന്മാരെ ‘വിജ്ഞന്മാര്‍’ എന്ന് വിശേഷിപ്പിച്ച ഇമാം ഗസ്സാലി ശാസ്ത്ര വിരുദ്ധനായിരുന്നു എന്ന് പറയുന്നത് എത്രമാത്രം മൗഢ്യമാണ്!

ഇസ്‌ലാമിക ധനശാസ്ത്രത്തിന്റെ പ്രയോഗത്തിന്റെയും ശാസ്ത്ര സാങ്കേതിക മേഖലകളിലുള്ള വളര്‍ച്ചയുടെയും ഫലമായി ഇസ്‌ലാമിക ലോകം ഒരു വിസ്മയമായി മാറി. ഇസ്‌ലാമിക ലോകത്തിന്റെ അസൂയാവഹമായ വളര്‍ച്ച, യൂറോപ്യരെ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് ആകര്‍ഷിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിലെ പഠനത്തിനായി യൂറോപ്യര്‍ ഇസ്‌ലാമിക ലോകത്തേക്ക് വരുകയും അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. സൗരകേന്ദ്ര പ്രപഞ്ച സിദ്ധാന്തം കോപര്‍നിക്കസ് മുന്നോട്ട് വെച്ചപ്പോഴേക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ശാസ്ത്ര സമൂഹം യൂറോപ്പില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു.

അച്ചടിയന്ത്രത്തിന്റെയും ആവിയന്ത്രത്തിന്റെയും ഓട്ടോമൊബൈലിന്റെയും കണ്ടുപിടിത്തം ശാസ്ത്ര സാങ്കേതിക വിദ്യ തഴച്ചുവളരാന്‍ കാരണമായി. ഇന്ന് ജീവിതത്തിന്റെ സകല മേഖലകളിലും ശാസ്ത്രം കൈയൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രത്തോടുള്ള പ്രീതി വര്‍ധിച്ച സാഹചര്യത്തില്‍ ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരീശ്വര വാദികള്‍ രംഗ പ്രവേശനം ചെയ്യുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ നിരീശ്വരവാദികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്നുവന്ന ശാസ്ത്ര ശാഖകളെ അവര്‍ ഉന്മൂലനം ചെയ്തു. അനുമാനത്തെ നിഷേധിച്ച ചാര്‍വാകന്മാരുടെ പിന്മുറക്കാര്‍ തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പരിണാമസിദ്ധാന്തത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. തങ്ങളുടെ ആശയങ്ങളുമായി യോജിച്ചുപോകുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടത്തി. പില്‍റ്റ്ഡൗണ്‍മാനെ പോലുള്ള തട്ടിപ്പുകള്‍ ശാസ്ത്ര ലോകത്ത് അരങ്ങേറിയതോട് കൂടി ശാസ്ത്രത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ശാസ്ത്രത്തെ ഇത്രമേല്‍ ദ്രോഹിച്ച ഒരു പ്രത്യയശാസ്ത്രം വേറെ ഉണ്ടായിട്ടില്ല. ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ യാതൊരു സംഭാവനകളും അര്‍പിച്ചിട്ടില്ലാത്ത, ശാസ്ത്ര വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച ആശയങ്ങള്‍ മുന്നോട്ടു വെച്ച നിരീശ്വരവാദികള്‍ ഇന്നും ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളാണെന്ന് അവകാശപെടുന്നത് എത്ര മാത്രം ലജ്ജാവഹമാണ്.

അവലംബം​

1. Science in the Ancient World An Encyclopedia Russel Lawson, William Earl Burns
2. Helaine Selin Encyclopaedia of the History of Science, Technology and Medicine in Non western cultureSpringer Netherlands(2016)
3. W.K.C Guthrie A History of Greek Philosophy, vol 2 The Presocratict radition from Parmenides to Democritus Cambridge Universtiy Press(1965)
4. W.K.C. Guthrie A History of Greek Philosophy, Vol3, Part 1: The Sophists Cambridge Universtiy Press(1977)
5. Classics in the History of Greek MathematicsRobert. S. Cohen, Jurgen Renn, Kostas Gavroglu
6. The Philosophers of the Ancient World:An AZ guideTrevor Curnow
7. Surendhranath GuptaA History of Indian Philosophy
8. Philip Kennedy Abu Nuwas: A Genius of Potery
9. Olival Freirie: Marxism and the Quantum Cotnrovesry
10. Nikolai L. Kremenstov Stalinist Science
11. Ehsan Masood Science and Islam (2008)
12. ക്വുര്‍ആന്‍ മലയാള പരിഭാഷ.

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment