വർഷങ്ങളോളം പഴക്കമുള്ള ഒരു ദാർശനിക ചർച്ചയാണ് മതമാണോ ശാസ്ത്രമാണോ മനുഷ്യന് നല്ലത് എന്നൊക്കെ പറഞ്ഞു തുടങ്ങാണെമെന്നാണ് ആഗ്രഹം, പക്ഷേ ഇത് കരാട്ടെയാണോ പൊറാട്ടയാണോ നല്ലതു എന്ന് ചോദിക്കുന്ന പോലെയുള്ള ഒരു മണ്ടത്തരമാണ് എന്നുള്ളതാണ് യാഥാർഥ്യം. എന്ത് കൊണ്ടാണന്നല്ലേ? വിശദീകരിക്കാം.

ശാസ്ത്രം

പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിച്ച്‌ മാത്രമുള്ള പഠനമാണ് ശാസ്ത്രം, അറിവ് നേടാനുള്ള പല രീതികളിൽ ഒന്ന് മാത്രമാണ് ശാസ്ത്രം. വളരെ ലളിതമായി ഒരു പഠനരീതിയാണ് ശാസ്ത്രം. ആദിമ മനുഷ്യനിൽ നിന്ന് ഇന്നുള്ള മനുഷ്യനിലേക്കെത്തിയതിൽ ഈ പഠനരീതിക്ക് മഹത്തായ പങ്കുണ്ട്. എന്നാൽ മനുഷ്യൻ അഭിമുഖീരിക്കുന്ന എല്ലാ വിഷയങ്ങളെകുറിച്ചും പഠിക്കാനോ, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാനോ ഈ പഠനരീതിക്ക് കഴിയില്ല.

ഒരു രോഗം വന്നാൽ എന്ത് മരുന്ന് കഴിക്കണമെന്നും എങ്ങനെ ചികിത്സിക്കണമെന്നും ശാസ്ത്രത്തിനു പറഞ്ഞു തരാൻ കഴിയും, എന്നാൽ രോഗം വന്നാൽ സഹന ശക്തിയോടെ, ക്ഷമയോടെ, ശുഭാപ്തി വിശ്വാസത്തോടെ നേരിടാനുള്ള മാനസിക ശക്തി നൽകാൻ തത്വചിന്തകൾക്കും ആത്മീയതക്കും മാത്രമേ കഴിയൂ, ശാസ്ത്രത്തിനു കഴിയില്ല.

അകലെ മറ്റൊരു രാജ്യത്തുള്ള ഒരാളെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സാങ്കേതികവിദ്യ നൽകാൻ ശാസ്ത്രത്തിന് കഴിയും. എന്നാൽ അയാളോട് സ്‌നേഹത്തോടെ സംസാരിക്കണോ, കുറ്റപ്പെടുത്താണോ, സമാധാനിപ്പിക്കണോ പരിഹസിക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞുതരില്ല.

രാസപദാർത്ഥങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ ശാസ്ത്രത്തിന് പറഞ്ഞു തരാൻ കഴിയും, എന്നാൽ അതുപയോഗിച്ചു മരുന്നുണ്ടാക്കണോ, വിഷമുണ്ടാക്കണോ, ഭക്ഷണത്തിൽ മായം ചേർക്കാനുപയോഗിക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല.

ആറ്റത്തിനകത്തെ ഊർജ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാൻ ശാസ്ത്ര പഠനത്തിന് കഴയും, എന്നാൽ ഈഅറിവുപയോഗിച്ചു വൈദ്യുത നിലയങ്ങൾ ഉണ്ടാക്കണോ, ആറ്റം ബോംബുണ്ടാക്കണോ, ഈ ആറ്റം ബോംബ് കൊണ്ട് ഒരു മല തകർക്കണോ അതോ മനുഷ്യരെ കൊന്നൊടുക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല. എന്നുവച്ചാൽ ശാസ്ത്രീയമായി നമ്മൾ നേടിയ അറിവുകൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് പോലും ശാസ്ത്രം പറഞ്ഞു തരില്ല.

ജീവനുണ്ടായത് എങ്ങനെയാണെന്ന് ഹൈപോതെസിസുകളുണ്ടാക്കാൻ ഒരു പക്ഷെ ശാസ്ത്രത്തിനു കഴിഞ്ഞേക്കാം, എന്നാൽ ജീവനുണ്ടായത് എന്തിനാണ്? എന്ത് കൊണ്ടാണ് എന്ന് ശാസ്ത്രത്തിന് പറയാൻ കഴിയില്ല. അടുപ്പത്ത് വെച്ച വെള്ളം തിളക്കുന്നത് എങ്ങനയാണെന്ന് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയും. എന്നാൽ എന്തിനാണ് വെള്ളം തിളക്കുന്നത്? എന്താണ് ഒരു പാത്രത്തിൻ്റെ പകുതി മാത്രം വെള്ളം എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല, അതൊക്കെ വെള്ളം അടുപ്പത്ത് വെച്ചയാളോട് തന്നെ ചോദിക്കേണ്ടി വരും. ശാസ്ത്രം പൊതുവായി എങ്ങനെ എന്നുള്ള ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തുക, എന്ത് കൊണ്ട് എന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രപഠന മേഖലയല്ല.

മതം

ശാസ്ത്രം പഠന വിധേയമാക്കാത്ത, ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത കാര്യങ്ങളിൽ ചിലതിനുള്ള ഉത്തരങ്ങൾ നൽകുന്നതാണ് മതങ്ങൾ. മതം ഒരു പഠന രീതിയല്ല, ഒരു ജീവിത രീതിയാണ്.

ഇതര ജീവികളെ പോലെ ഭക്ഷിക്കുക, വിശ്രമിക്കുക, പ്രത്യുല്പാദനം നടത്തുക, അല്ലെങ്കിൽ ഇതെല്ലം കുറച്ചു കൂടെ രാജകീയമായി ചെയ്യുക എന്നതിലുപരിയായി തൻ്റെ സ്വത്വത്തിനു എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? നമ്മളെങ്ങനെ ഇവിടെയെത്തി? നമ്മളെവിടേക്കാണ്‌ പോകുന്നത്? എന്താണ് ജീവിതത്തിൻ്റെ അർഥം? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരാണ് മതങ്ങളിലെത്തിച്ചേരുന്നത്. കാരണം ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നത് മതങ്ങൾ മാത്രമാണ്. ആത്യന്തിക ജീവിത ലക്ഷ്യങ്ങളും മൂല്യങ്ങളും തത്വങ്ങളുമാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത്, അല്ലാതെ ഫിസിക്‌സും ബയോളജിയുമല്ല. മനുഷ്യൻ പരിണാമത്തിലൂടെ സ്വയം ആർജിച്ചതാണ് അല്ലാതെ പൊത്തകം നോക്കി പഠിച്ചതല്ല മൂല്യങ്ങൾ എന്നൊക്കെയാണ് പറയാൻ വരുന്നതെങ്കിൽ ഒന്നിവിടെ വരെ പോയി തിരിച്ചു വരേണ്ടതാണ്.

ചിന്തിക്കാനും സ്വഇച്ഛ പ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള കഴിവാണ് മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അങ്ങനെയുള്ള മനുഷ്യന് ഒരു സമൂഹമായി നിലനിൽക്കണമെങ്കിൽ ചില പൊതു മൂല്യങ്ങളും തത്വങ്ങളും പാലിച്ചേ മതിയാകൂ. സ്വാഭാവികമായും മനുഷ്യന് ചില മാർഗ്ഗനിർദേശങ്ങൾ അനിവാര്യമാണ്. അത് കൊണ്ടാണ് നമുക്ക് മൃഗങ്ങൾക്കില്ലാത്ത ഭരണഘടനയും നിയമ സംഹിതകളും, എന്നാൽ അതെല്ലാം പൊതു ജീവിതവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ മതങ്ങൾ കൂടുതലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇവിടെയെല്ലാം ശാസത്രം നിസ്സഹായമാണ്.

കേവലം മത വിശ്വാസിയായത് കൊണ്ടോ ആചാരാനുഷ്ടാനങ്ങൾ പാലിച്ചത് കൊണ്ടോ ആരും നല്ലവരാകില്ല. മതമൂല്യങ്ങൾ അറിയുകയും അവ ജീവിതത്തിൽ പാലിക്കാനുള്ള നിരന്തര പരിശ്രമങ്ങളും, തെറ്റുകൾ തിരുത്താനുള്ള മനസ്സും വേണം. ശാസ്ത്രമാണോ ഭരണഘടനായാണോ നല്ലത് എന്ന് ചോദിക്കുന്ന പോലെ അസംബന്ധമാണ് ശാസ്ത്രമാണോ മതമാണോ നല്ലത് എന്ന ചോദ്യവും. ഇതൊന്നും ഒന്ന് ഒന്നിന് പകരമോ, പരസ്പര വിരുദ്ധമോ അല്ല, മറിച്ച് പരസ്പര പൂരകങ്ങളാണ്‌. ഇതെല്ലാമുണ്ടായാലോ നമുക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയൂ. ശാസ്ത്രവും മതവും വ്യതസ്തമായ അന്വേഷണങ്ങളൂം വ്യത്യസ്ത മേഖലകളെയും പ്രതിനിധീകരിക്കുന്നതുമാണ് എന്നാണ് Stephen Jay Gould നെപോലെയുള്ള ശാസ്ത്രഞൻമാരുടെ വാദം(Non-overlapping magisteria). ശാസ്ത്രം ഭൗതിക ലോകത്തെ കുറിച്ചും മതം ആത്മീയതുമാണ്.

മതവും vs ശാസ്ത്രവും

മതവും ശാസ്ത്രവും ചർച്ച ചെയ്യുമ്പോൾ വരുന്ന ഒരു പ്രധാന ആരോപണമാണ് ശാസ്ത്രം മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുമ്പോൾ മതം മനുഷ്യനെ പിന്നോട്ട് നയിക്കുന്നു എന്നുള്ളത്. ശാസ്ത്രം മനുഷ്യന് ഭൗതികമായ പുരോഗതി നല്കിയിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാൽ ഇതേ ശാസ്ത്രം കൊണ്ട് മനുഷ്യനെ മാത്രമല്ല ഈ ഭൂമിയെ തന്നെ നശിപ്പിക്കാനും കഴിയും. ഈ ഭൂമി മൊത്തം ചുട്ടു ചാമ്പലാക്കാനുള്ള അറ്റം ബോംബുകൾ മനുഷ്യൻ ഉണ്ടാക്കി വചച്ചത് ശാസ്ത്രമുപയോഗിച്ചാണ്. മരുന്നുണ്ടാക്കുള്ള അറിവ് കൊണ്ട് തന്നെയാണ് വിഷമുണ്ടാക്കുന്നതും. ഭക്ഷണത്തിൽ മായം ചേർക്കുന്നതും ജൈവായുധങ്ങളുണ്ടാക്കുന്നതും. എന്ത് അധാർമിക അക്രമങ്ങൾ ചെയ്യാനും ഒരാൾക്ക് ശാസ്ത്രത്തെ ഉപയോഗിക്കാം. ആതുര സേവനത്തിനുള്ള വൈദ്യശാസ്ത്രമുപയോഗിച്ച്‌ രോഗികളെ ചൂഷണം ചെയ്യാം, അവയവ കച്ചവടം ചെയ്യാം. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ ഇടപെടുന്ന എല്ലാ മേഖലകളും അധികാര സാമ്പത്തിക സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം എന്നുള്ളതാണ് വസ്തുത. ചിലർ മതത്തെയും ഇങ്ങനെ അധികാരത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട്, മതങ്ങളിൽ ആത്മീയ കച്ചവടങ്ങളും പൗരോഹിത്യവുമുണ്ട്. ചില രാഷ്ട്രീയക്കാരും മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഒരു കാര്യം ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ളത് കൊണ്ട അത് മോശമാണ് എന്നാണ് യുക്തിയെങ്കിൽ ശാസ്ത്രവും വൈദ്യ ശാസ്ത്രവും രാഷ്ട്രീയവും എന്ന് വേണ്ട മനുഷ്യൻറെ കയ്യിലുള്ള എല്ലാം ഉപേക്ഷിക്കേണ്ടി വരും.

ആത്മീയത മനുഷ്യന് പല ഗുണങ്ങളും നൽകുന്നുണ്ടെന്ന് ശാസ്ത്ര പഠനങ്ങൾ തന്നെ പറയുന്നുണ്ടെന്നെതാണ് രസകരമായ വസ്തുത. ആത്മീയതയും മനുഷ്യനിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുന്ന ന്യുറോതിയോളജി എന്ന പഠനശാഖ തന്നെയുണ്ട്. ന്യോറോസയൻസിലേയും, മനശ്ശാസ്ത്രത്തിലേയും പഠനങ്ങൾ പറയുന്നത്. ആത്മീയത വിഷാദരോഗത്തിൽ നിന്നും മോചനം നേടാൻ സഹായിക്കുമെന്നും മനശാന്തിയും സമാധാനവും സന്തോഷാവും പ്രത്യാശയും നൽകുന്നുണ്ടെന്നും, ആത്മീയത മനുഷ്യരെ സഹജീവികളോട് കരുണയും ദയയും ദാനശീലരും ഒക്കെയാക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയത്തിൽ ധാരാളം പ്രബന്ധങ്ങളും പുസ്തകങ്ങളും ലഭ്യമാണ്. ചില റഫറൻസ് താഴെ കൊടുക്കുന്നു.

രോഗങ്ങൾ വരുമ്പോൾ വിശ്വാസികൾക്ക് ദൈവത്തെ വേണ്ട ശാസത്രം വേണം

ഒന്നമതായി വിശ്വാസികൾ രോഗത്തിന് ചികിൽസിക്കാൻ പാടില്ലെന്നോ എല്ലാം ദൈവം മാറ്റിത്തരും എന്നുള്ള ആശയക്കാരാണ് എന്നുള്ള ഒരു സ്ട്രോമാൻ വാദമാണ്. രോഗത്തിന് ചികിൽസിക്കാൻ പാടില്ല എന്ന് പറയുന്ന ഏതങ്കിലും മതഗ്രന്ഥം ഭൂമിയിലുള്ളതായി അറിവില്ല. ഇസ്ലാം പഠിപ്പിക്കുന്നത് ആരോഗ്യകാര്യമായ ജീവിത രീതി പിന്തുടരാനും, മുൻകരുതലുകൾ എടുക്കാനും രോഗം വന്നാൽ ചികിൽസിക്കാനും, സഹന ശക്തിക്കും, രോഗശാന്തിക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥക്കാനുമാണ്. പ്രാർത്ഥനയും, എല്ലാ യാതനകൾക്കും പ്രയാസങ്ങൾക്കും പിന്നിൽ ഒരു നന്മയുമുണ്ട് എന്ന വിശ്വാസവും ഏതു പ്രതിസന്ധി ഘട്ടത്തിലും സമാധാനവും അതിജീവിക്കാനുള്ള മാനസിക കരുത്തും നൽകുന്നതാണ്.

രണ്ടമതായി ഇതിലുള്ളത് ശാസ്ത്രത്തിന്റെ മൊത്തം പിതൃത്വം ഏറ്റെടുത്ത് ശാസ്ത്രം ഞങ്ങളുണ്ടാക്കിയതാണ് എന്ന എട്ടുകാലിമമ്മൂഞ് വാദമാണ്. ശസ്ത്രകിയയുടെ പിതാവ് എന്നറിയപ്പെടുന്ന ശുശ്രുതനും സഹ്റാവിയും നല്ല ഒന്നാന്തരം മത വിശ്വാസിയായിരുന്നു. സഹ്‌റാവി അവതരിപ്പിച്ച ഇരുനൂറോളം ശസ്ത്രകിയ ഉപകരണങ്ങളിൽ പലതും ഇന്നും ആധുനിക വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്പിൽ അംഗീകൃത വൈദ്യ ശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ചിരുന്ന The Canon of Medicine എഴുതിയ ഇബ്നുസീന ഒരു മുസ്ലിം പണ്ഡിതനായിരുന്നു. ജനിതക ശാസ്‌ത്രത്തിൻ്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു പുരോഹിതനായിരുന്നു. എല്ലാ കാലത്തും ശാസ്ത്രഞരിൽ കൂടുതലും വിശ്വാസികൾ തന്നെയാണ്. ആതുര സേവനങ്ങളും ആശുപത്രികൾ നടത്തുന്നതും കൂടുതൽ വിശ്വാസികൾ തന്നെയാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തിൻ്റെ പിത്രത്വം ഏറ്റെടുക്കയല്ലാതെ എട്ടുകാലി മമ്മൂഞ്ഞുകൾ എന്ത് നന്മയാണ് മനുഷ്യ സമൂഹത്തിന് നൽകിയിട്ടുള്ളത്?

മതം മനുഷ്യൻറെ അന്വേഷണത്വരത അടിച്ചമർത്തുന്നു?

മതങ്ങൾ മനുഷ്യൻറെ അന്വേഷണത്വരതയും അറിവ് നേടാനുള്ള കഴിവിനെയും അടിച്ചമർത്തുന്നു. മത ഗ്രന്ഥങ്ങളിൽ എല്ലാ അറിവുമുണ്ട്. അതിനപ്പുറം അവരൊന്നും പഠിക്കാനോ അംഗീകരിക്കാനോ തയ്യാറല്ല എന്നാൽ ശാസ്ത്രം നമുക്ക് പുതിയ അറിവുകൾ നൽകികൊണ്ടേയിരിക്കും എന്നൊക്കെയാണ് മറ്റൊരാരോപണം. യഥാർത്ഥത്തിലിത് ആര്? എന്ത് കൊണ്ട്? എങ്ങനെ? എപ്പോൾ? എന്നുള്ളതെല്ലാം വ്യത്യസ്ത ചോദ്യങ്ങളെന്നും, ഇവക്കെല്ലാം വ്യത്യസ്ത ഉത്തരങ്ങളാണെന്നും, ഏതെങ്കിലും ഒന്നിനുള്ള ഉത്തരം കിട്ടിയാൽ എല്ലാറ്റിൻറെയും ഉത്തരമാകില്ല എന്നൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബോധമില്ലായ്മയിൽ നിന്നുണ്ടാകുന്ന നാസ്തിക മൂഢത്തരമാണ്.

ശാസ്ത്രത്തിന് ഒരു കാര്യത്തിൻറെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ രൂപപ്പെടുത്താനും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാനും കഴിയും. എന്നാൽ എന്തുകൊണ്ടാണ് ഇവയൊക്കെ ഉണ്ടായത് എന്ന് ശാസ്ത്രം പറയില്ല. കോഴിക്കോടുള്ള ഒരു കാർ എങ്ങനെയാണ് വയനാടെത്തിയതെന്ന്, എൻജിന്റെയും ട്രാന്സ്മിഷന്റെയും സ്റ്റീയറിങ്ങിൻറെയുമൊക്കെ പ്രവർത്തനങ്ങൾ വിശദീകരിച്ചു ശാസ്ത്രത്തിനു പറയാൻ കഴിയും. എന്നാൽ എന്ത് കൊണ്ടത് കണ്ണൂരെത്താതെ വയനാടെത്തി എന്നതിന്നുത്തരം കാറോടിച്ച ആള് തന്നെ പറയണം. ചിലപ്പോ ആരേലും കാണാൻ പോയതായിരിക്കും, ചിലപ്പോ വെറുതെയിരുന്ന് ബോറടിച്ചപ്പോ ചുരം കയറാൻ പോയതായിരിക്കും. ഒരു കാറുണ്ടാക്കിയത് ടാറ്റയാണെന്നൊരാൾ പറഞ്ഞാൽ, അയാൾക്ക് യന്ത്രങ്ങളുടെ പ്രവർത്തനമറിയാം എന്നതിനർത്ഥമില്ല. ഒരു കാര്യത്തിൻറെ ഉത്ഭവത്തെക്കുറിച്ചും പ്രവത്തനത്തെകുറിച്ചും അറിയാമെന്നത് അതാര് എന്തിനുണ്ടാക്കി എന്നതിന് ഉത്തരമാകില്ല. മതവും ശാസ്ത്രവും വ്യത്യസ്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നൽകുന്നത്. 

യഥാർത്ഥത്തിൽ ഈ ആരോപണം യോജിക്കുക നാസ്തികർക്ക് തന്നെയാണ്. ഒരു പ്രപഞ്ച സ്രഷ്ടവിലേക്ക് നയിക്കുന്ന എന്ത് വന്നാലും ഒന്നുകിൽ അവിടെ യാദൃശ്ചികത തിരുകികയറ്റും, അല്ലങ്കിൽ ആ പ്രതിഭാസത്തെ തന്നെ നിരാകരിക്കും. ആത്മാവില്ല, സ്വതന്ത്രഇച്ഛയില്ല, അഭൗതിക കാര്യങ്ങളില്ല എന്നൊക്കെ പറഞ്ഞ് തല മണ്ണിൽ പൂഴ്ത്തിയിരുന്നാൽ പിന്നെ കൂടുതൽ ചിന്തയുടെയോ പഠനങ്ങളുടെയോ ആവശ്യമില്ലല്ലോ.

മതഗ്രന്ഥങ്ങൾ

മതഗ്രന്ഥങ്ങളെക്കുറിച്ചു നിരീശ്വരവാദികൾ ചോദിക്കുന്ന മില്യൺ ഡോളർ ചോദ്യമാണ്, എന്ത് കൊണ്ടാണ് മതഗ്രന്ഥങ്ങളിൽ ദിനോസറില്ലാത്തത്, ബക്ടീരിയ ഇല്ലാത്തത് എന്നൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഇതിലൊക്കെ അന്നത്തെ മനുഷ്യർക്ക് അറിയുന്ന കാര്യങ്ങൾ മാത്രമല്ലേയൊള്ളൂ എന്നൊക്ക.

മനുഷ്യർക്കുള്ള മാർഗദർശനമാണ് മതഗ്രന്ഥങ്ങൾ, മനുഷ്യനെ ആത്യന്തിക ജീവിത ലക്ഷ്യവും മൂല്യങ്ങളും പഠിപ്പിക്കാൻ വേണ്ടിയുള്ളത്. അല്ലാതെ ശാസ്ത്രവും ചരിത്രവും പഠിപ്പിക്കാനല്ല. പക്ഷെ അതിൽ ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(21:30)

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.(21:32)

ഖുർആനിൽ ഇതൊക്കെ പറയുന്നത് മനുഷ്യനെ കോസ്മോളജിയും അസ്ട്രോണമിയും ബയോളജിയും പഠിപ്പിക്കാനല്ല, മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും തട്ടിയുണര്‍ത്തിക്കൊണ്ട് പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച് ബോധ്യപ്പെടുത്താനും അതിൽ നിന്നൊക്കെ പാഠങ്ങളുൾക്കൊള്ളാനുമാണ്. ചരിത്രങ്ങൾ പറയുന്നത്ചരിത്രം പഠിപ്പിക്കാനല്ല അതിൽ നിന്നൊക്കെ ഗുണപാഠങ്ങളുൾക്കൊള്ളാനാണ്‌.

മതഗ്രന്ഥങ്ങളിൽ ദിനോസറിനെക്കുറിച്ചോ ബാക്ടീരയെക്കുറിച്ചോ പറയുന്നുണ്ടോ? കൊറോണക്ക് മരുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നത് ബയോളജി പുസ്തകത്തിൽ അൽജിബ്രയുണ്ടോ? ഗണിത പുസ്തകത്തിൽ ബിരിയാണിയുടെ റെസിപ്പിയുണ്ടോ എന്നൊക്കെ ചോദിക്കുന്നത് പോലെയുള്ള മണ്ടത്തരങ്ങളാണ്. അതൊക്കെ അസംബന്ധങ്ങളിൽ ഗവേഷണം നടത്തുന്നവർക്കുള്ള വിഷയങ്ങളാണ്. ഇനിയും ഇത്തരം ധാരാളം ഗവേഷണ വിഷയങ്ങളുണ്ട്. മതവും ശാസ്ത്രവും താരതമ്യം ചെയ്ത് കഴിഞ്ഞാൽ ഭരണഘടനയും സാമ്പത്തിക ശാസ്ത്രവും തമ്മിൽ ഒരു താരതമ്യമാവാം, പിന്നെ സാഹിത്യവും ഗണിത ശാസ്ത്രവും താരതമ്യം ചെയ്യാം, പിന്നെ കരാട്ടെയും പൊറോട്ടയും താരതമ്യം ചെയ്യാം. പരിമിതമായ പ്രപഞ്ചത്തിലിരുന്ന് പരിമിതികളില്ലാതെ വിഡ്ഢിത്തങ്ങൾ പറയാമെന്ന് ശാസ്ത്രീയമായി തെളിയിച്ചവരാണ് നാസ്തികർ. അത് കൊണ്ട് ഗവേണഷങ്ങൾ നടക്കട്ടെ.

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment