കേരളത്തിലെ 27% ഒബിസി സംവരണവും ദേശീയ തലത്തിലെ 10% EWS സംവരണവും. മൊത്തമായി കേവലം 15 % വരുന്ന മുസ്ലിം സമൂഹം വിഴുങ്ങുന്നു എന്ന രവിചന്ദ്ര വാദം പൊളിച്ച് ഞാനിട്ട പോസ്റ്റിനു താഴെ യുക്തിവാദി ദൈവം പ്രത്യക്ഷപ്പെട്ടു അടിയനു ദർശനം നൽകി. യെമ്മാന്തരം
വീഴുന്നത് ഒരു തെറ്റല്ല, പക്ഷെ വീണിടത്ത്‌ കിടന്ന് ഉരുളുന്നത് ചെളി തടിക്ക്‌ പിടിക്കുന്ന കേടാണെന്ന് മനസ്സിലാവാത്ത ടിയാൻ എന്റെ പോസ്റ്റിന് താഴെയും തന്റെ മുയലിനു മൂന്നരക്കൊമ്പുണ്ട്‌ എന്ന വാദം യാതൊരു ലോജിക്കുമില്ലാതെ വാദിച്ചു. കേരളത്തിലെ ഒബിസി പട്ടികയിലുള്ള 80 വിഭാഗങ്ങളെയും ദേശീയ തലത്തിൽ നോക്കിയാൽ കാണുന്ന അസംഖ്യം ജാതി സമുദായങ്ങളെയും മുഴുവൻ മറി കടന്ന് മുസ്ലിംകൾ ഇക്കണ്ട 37% സംവരണവും കൊണ്ടു പോവുന്നു എന്ന വാദത്തിനു തന്റെ വായ്പ്പാട്ട് അല്ലാതെ ഒരു ശാസ്ത്രീയ ലോജിക്കും മുന്നോട്ടു വെയ്ക്കാൻ രവിചന്ദ്രന് കഴിഞ്ഞിട്ടില്ല.
 
എന്റെ പ്രധാനം വാദങ്ങൾ:
ശാസ്ത്രീയം:
ഒരു നാണയത്തിനു രണ്ടു വശങ്ങൾ ആണല്ലോ ഉള്ളത് . ഹെഡും ടൈലും . ഒരു തവണ നാണയം വായുവിൽ ചുഴറ്റിയിട്ടാൽ ഹെഡ് വീഴാനുള്ള സാധ്യത 50% മാത്രമാണെന്നാണ് പ്രോബബിലിറ്റി സമവാക്യങ്ങൾ പറയുന്നത്. ശേഷിക്കുന്ന 50% സാധ്യത ടൈൽ വീഴാനാണ്.
 
വെറും ഹെഡും ടൈലും മാത്രം വരാൻ സാധ്യതയുള്ള ഒരു കളിയുടെ കാര്യമാണിത് . എങ്കിൽ 80 സമൂഹങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു സമൂഹം മുഴുവൻ സംവരണവും കൊണ്ടു പോവാനുള്ള സാധ്യത എത്ര കുറവായിരിക്കും .1% പോലുമില്ല, കാരണം 80 സംവരണ അവകാശികൾ ഏതൊക്കെ തരത്തിൽ റിസൾട്ട് ഉണ്ടാക്കുമെന്ന് ഊഹിക്കുക പോലും സാധ്യമല്ല. ചിലപ്പോൾ 5 % കിട്ടിയവർ അടുത്ത തവണ ചിത്രത്തിൽ തന്നെ ഉണ്ടാവണമെന്നില്ല. വേണമെങ്കിൽ അടുത്ത തവണ ഈ പൂജ്യത്തിൽ നിന്ന് 10-15% ലേക്ക് ഉയരാനും അതിനു മുകളിലേക്ക് പോവാനും സാധ്യതയുണ്ട്. ഇങ്ങനെ അവകാശികൾക്ക് തന്നെ ഏറിയും കുറഞ്ഞും ഒരു പാട് കോമ്പിനേഷനുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള റിസൾട്ടാണ് എപ്പൊഴും ഉണ്ടാവുക. അതിൽ നിന്ന് ഒരു സമൂഹം മാത്രം മുഴുവൻ കൊണ്ടു പോവാൻ 1% പോലുമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ രവിചന്ദ്രന് മൂക്കിൽ പല്ലു മുളയ്ക്കുന്ന കാലം വരെ കാത്തിരുന്നാലും കഴിയില്ല. 
പോയിന്റ് നമ്പർ 1
ചരിത്രം: കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും രവിചന്ദ്രൻ പറഞ്ഞത് പോലെ സംഭവിച്ചിട്ടില്ല . അതായത് സംവരണം നിലവിൽ വന്നിട്ട് ഒരിക്കൽ പോലും സംഭവിക്കാത്ത ഒരു കാര്യം ശൂന്യതയിൽ നിന്ന് ഊഹിച്ചെടുത്ത് വർഗ്ഗീയത പരത്തുന്നു. ഇത്രയും കാലം സംഭവിക്കാത്ത ഒരു കാര്യം ഇനിയെന്ന് സംഭവിക്കുമെന്ന് പറഞ്ഞാണ് രവിചന്ദ്രൻ തിളയ്ക്കുന്നത് . ഏത് സാധ്യതകൾ പരിഗണിച്ചാലും ലക്ഷക്കണക്കിന് വര്ഷം കഴിഞ്ഞാലും ഒരിക്കലും സംഭവിക്കാൻ കഴിയാത്ത ഒരു പ്രശ്നം സൃഷ്ടിച്ച് വർഗ്ഗീയമായി പോസ്റ്റിടുന്ന താങ്കളുടെ ലക്ഷ്യത്തെ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. താങ്കളെ ചരിത്രവും കൈവിട്ടു.
പ്രാതിനിധ്യ കണക്കുകൾ:
താരതമ്യേന മെച്ചപ്പെട്ട കേരളത്തിലെ കണക്കുകൾ നോക്കിയാൽ മുസ്ലിംകളിലെ ഉദ്യോഗ്യ പ്രാതിനിധ്യം 11.4% മാത്രമാണ് . ജനസംഖ്യയിൽ 26 % നു മുകളിൽ ഉണ്ട് . ജനസംഖ്യാനുപാതികമായി നോക്കിയാൽ 136 % കുറവാണ് മുസ്ലിംകളുടെ പ്രാതിനിധ്യം. ദേശീയ തലത്തിലെ കണക്കുകൾ സച്ചാർ കമ്മീഷൻ പുറത്തു വിട്ടത് അതിലേറെ പരിതാപകരമായ പ്രാതിനിധ്യ കണക്കുകൾ ആണ് കാണിക്കുന്നത് . എന്നിട്ടും ശൂന്യതയിൽ നിന്ന് പ്രശ്നമുണ്ടാക്കി ഒരു സമൂഹത്തിനെതിരെ വെറുപ്പ് പടർത്തുന്ന താങ്കൾക്ക് മോഡി കാലത്ത് നല്ല സ്കോപ്പുണ്ട് . യുക്തിവാദവും വർഗ്ഗീയതയും ബാലൻസ് ചെയ്യാനുള്ള ആ കഴിവിനെ മനസ്സ് കൊണ്ട് അഭിനന്ദിക്കുന്നു .
സാമൂഹിക സാഹചര്യം :
27% ഒബിസി സംവരണത്തിലെ മുഴുവനും മുസ്ലിംകൾ കൊണ്ടു പോവാനുള്ള സാമൂഹിക സാഹചര്യമാണോ നിലവിലുള്ളത് . മുസ്ലിംകൾ മുഴുവൻ കൊണ്ടു പോവുക എന്നാൽ ക്രിസ്ത്യൻ ഈഴവ സമൂഹങ്ങൾ മത്‌സര ക്ഷമത ഇല്ലാത്തവരാവുക എന്നാണ് അർത്ഥം . അങ്ങനെയാണോ സാഹചര്യം ? എല്ലാ സമുദായത്തിലും മിടുക്കരായ തലമുറ വളർന്നു കഴിഞ്ഞ ഈ കാലത്ത് മലർപ്പൊടിക്കാരന്റെ കിനാവുമായി നടക്കരുത്.
 
വാൽക്കഷ്ണം.
രവിയുടെ ലോജിക്ക് വെച്ച് തിരിച്ച് ചോദിച്ചപ്പോൾ 80% വരുന്ന ഹിന്ദു സമുദായത്തിന് ഇതേ ലോജിക്ക് വെച്ച് 100% സംവരണവും കിട്ടാനുള്ള സാധ്യതയുണ്ട് എന്ന് നിൽക്കക്കള്ളിയില്ലാതെ മൂപ്പർ സമ്മതിച്ചിട്ടുണ്ട് . മറ്റു സമുദായങ്ങളും ഇതേ ലോജിക്ക് വെച്ച് ജനസംഖ്യ അനുപാതത്തേക്കാൾ കൂടിയ സാധ്യതയിലാണ് എന്നും സമ്മതിച്ചു . എങ്കിൽ പിന്നെ താങ്കളുടെ തന്നെ ലോജിക്ക് വെച്ച് മുസ്ലിംകൾക്ക് മാത്രമായി എന്താണൊരു സ്‌പെഷ്യൽ അഡ്വാൻറ്റേജ് ? സ്വന്തം വാല് വിഴുങ്ങിയ ചേരയുടെ അവസ്ഥയിലാണ് ഇപ്പോൾ ടിയാൻ.

– -Nasarudheen Mannarkkad

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment