“യുക്തിവാദികൾ” എന്നവകാശപ്പെടുന്ന ബഹുഭൂരിപക്ഷവും തൻ്റെ സാമാന്യബുദ്ധി അല്ലെങ്കിൽ അവബോധമാണ് യുക്തിയെന്ന തെറ്റിദ്ധാരണ ചുമന്ന് നടക്കുന്നവരാണ്. ഉദാഹരണത്തിന് ദൈവമില്ല എന്നതിന് നിരീശ്വരവാദികൾ സ്ഥിരമായി ഉന്നയിക്കുന്ന ഒരു വാദമാണ്, “ദൈവമുണ്ടെങ്കിൽ എന്ത് കൊണ്ട് ഈ ലോകം ഇങ്ങനെ? എന്തൊകൊണ്ട് പ്രകൃതിക്ഷോഭങ്ങളും, ദാരിദ്ര്യവും, പ്രയാസങ്ങളും? കൊറോണയും വെള്ളപ്പൊക്കവും വന്നപ്പോൾ ദൈവമെവിടെ?” എന്നൊക്കെയുള്ള വാദങ്ങൾ. യഥാർത്ഥത്തിൽ ഇതൊരു വൈകാരികമായ പ്രതികരണമാണ്. ഇതിലെ യുക്തി പരിശോധിച്ചാൽ, എന്തിന്റെയെങ്കിലും സവിശേഷതയോ പോരായ്മകളോ (ഇത് രണ്ടും അപേക്ഷികമാണ്) അതിനൊരു സ്രഷ്ടാവില്ല എന്നതിന്റെ തെളിവാണ് എന്ന് വരും. കാറിനു അപകടം സംഭവിക്കാറുണ്ട്, ഇടക്ക് റിപ്പയർ ചെയ്യേണ്ടി വരുന്നു, പറക്കാൻ കഴിയില്ല അത് കൊണ്ട് കാറിനു ഒരു ഡിസൈനർ ഇല്ല എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണിത്. മേൽപറഞ്ഞ വസ്തുതകളെ വച്ച്, വേണമെങ്കിൽ ദൈവം ക്രൂരനാണ്, കഴിവില്ലാത്തവനാണ് എന്നൊക്കെ വാദിക്കാം, പക്ഷേ അങ്ങനെ ഒരു വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു ദൈവമുണ്ട് എന്നും ദൈവത്തിൻറെ അസ്ഥിത്വത്തെക്കുറിച്ച് ചില ധാരണകളും വേണം. ഇല്ലാത്ത പഴം കയ്പ്പാണെന്ന് വാദിക്കുന്നത് പോഴത്തരമാണ്. ഒരു ദൈവമുണ്ടെങ്കിൽ ക്രൂരനാണോ കരുണയുള്ളവാനാണോ എന്നുള്ളത് മറ്റൊരു ചോദ്യവും ചർച്ചയുമാണ്.
യഥാർത്ഥത്തിൽ എന്താണ് യുക്തി? ഒരു വാദം യുക്തിഭദ്രമാകുന്നത് എപ്പോഴാണ്? യുക്തിയുടെ നിർവചനം: Reasoning conducted or assessed according to strict principles of validity എന്നാണ്. അതായത് നമ്മുടെ ബുദ്ധിക്കനുസരിച്ചു, അല്ലെങ്കിൽ വൈകാരികമായി എടുക്കുന്ന തീരുമാനങ്ങൾക്കുള്ള ന്യായവാദം യുക്തിപരമായി സാധുതയുള്ളതെങ്കിൽ, അത് യുക്തിഭദ്രമാണ് എന്ന് പറയാം. ഒരു കാര്യം യുക്തിഭദ്രമാകണെമെങ്കിൽ അത് ചിന്താ നിയമങ്ങൾ (Law of thoughts) പാലിച്ചിരിക്കണം, കൂടാതെ യുക്തിയിലെ പാളിച്ചകൾ (logical fallacies) ഇല്ലാത്തതുമായിരിക്കണം.
ചിന്താ നിയമങ്ങൾ
അടിസ്ഥാനപരമായ മൂന്ന് നിയമങ്ങളാണുള്ളത്. അരിസ്റ്റോട്ടിലാണ് ഈ നിയമങ്ങളുടെ ഉപജ്ഞാതാവ്.
The law of identity : A = A
ഓരോ കാര്യവും അതിന് തുല്യമാണ്, മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് സ്വത്വനിയമം. ഇതിനർത്ഥം ഓരോ വസ്തുവും അതിന്റേതായ സവിശേഷമായ സ്വഭാവഗുണങ്ങളോ സവിശേഷതകളോ ചേർന്നതാണ്, അതുകൊണ്ട് തന്നെ, ഒരേ സത്തയുള്ള കാര്യങ്ങൾ ഒന്നുതന്നെയാണ്, അതേസമയം വ്യത്യസ്ത സത്തകളുള്ള കാര്യങ്ങൾ വ്യത്യസ്ത കാര്യങ്ങളാണ്.
ഒരു വസ്തുവിന് രണ്ട് അസ്ഥിത്വങ്ങൾ ഉണ്ടാകില്ല. ഓരോന്നും നിർദ്ദിഷ്ട ഒന്നായി നിലനിൽക്കുന്നു, ഒരു വസ്തുവിന് ഒന്നിൽ കൂടുതൽ സ്വഭാവസവിശേഷതകൾ ഉണ്ടാകാം, എന്നാൽ അതിന്റെ സ്വഭാവ സവിശേഷതകൾ അതിന്റെ അസ്ഥിത്വത്തിൻറെ ഭാഗമാണ്. ഒരു കാറിന് നീലയും ചുവപ്പും ആകാം, പക്ഷേ ഒരേ സമയം അല്ലെങ്കിൽ ഒരേ കാര്യത്തിൽ പറ്റില്ല. നീലനിറമുള്ള ഭാഗം ഒരേ സമയം ചുവപ്പ് ആകാൻ കഴിയില്ല. കാറിന്റെ പകുതി ചുവപ്പും മറ്റേ പകുതി നീലയും ആകാം. എന്നാൽ മുഴുവൻ കാറും ചുവപ്പും നീലയും ആകില്ല. എല്ലാ സത്തയും ഒരു പോലെയുള്ള രണ്ടു കാറുകളെ നമ്മൾ രണ്ടായി കാണുന്നത് അവയുടെ പൊസിഷനിൽ ഉള്ള വ്യതാസമാണ്.
A = A എന്ന് പ്രതീതികാത്മകയി സൂചിപ്പിക്കാം.
The law of non-contradiction : ¬(p ∧ ¬p)
രണ്ട് പരസ്പരവിരുദ്ധമായ കാര്യങ്ങൾ രണ്ടും ഒരേ അർത്ഥത്തിൽ ഒരേ സമയം ശരിയാകാൻ കഴിയില്ല എന്നതാണ് വൈരുദ്ധ്യ നിയമം.
A is B” and “A is not B എന്നതിൽ ഒന്ന് മാത്രമേ ശരിയാകൂ, രണ്ടും ശരിയാകില്ല. പ്രതീകാത്മകമായി ¬(p ∧ ¬p) എന്ന് സൂചിപ്പിക്കാം.
ശാസ്ത്രീയ രീതിയിൽ വിപുലമായി ഉപയോഗിക്കുന്ന ലോജികിൻറെ ഒരു നിയമമാണിത്, Falsifiability യുടെ അടിസ്ഥാനം. ഉദാഹരണത്തിന്, ഒരു ബോക്സിൽ രണ്ടു പന്തുണ്ട് എന്നൊരാൾ പ്രൊപ്പോസ് ചെയ്യുകയും എന്നാൽ മൂന്നു പന്തുണ്ടു എന്ന മറ്റൊരു വാലിഡ് പ്രൊപോസിഷൻ വേറൊരാൾ കൊണ്ടുവരികയും ചെയ്താൽ ആദ്യത്തെ പ്രൊപോസിഷൻ ലോ ഓഫ് കോണ്ട്രാഡിക്ഷൻ അനുസരിച് അസാധുവാകും, അങ്ങനെയാണ് ശാസ്ത്രത്തിൽ പുതിയ തിയറികൾ വരുമ്പോൾ പഴയതു അസാധുവാകുന്നത് ആവുന്നത്.
The law of excluded middle : ¬(p^¬p)
ഏതൊരു പ്രസ്താവന/വാദം ഒന്നുകിൽ ശരിയായിരിക്കും അല്ലെങ്കിൽ തെറ്റായിരിക്കും, ഇത് രണ്ടുമല്ലാത്ത ഒന്ന് സാധ്യമല്ല. ചിലപ്പോൾ ഇല്ലായിരിക്കാം, Maybe എന്നത് യുക്തിയുടെ മേഖലയിൽ സാധുത ഇല്ലാത്ത ഒന്നാണ്.
പ്രതീകാത്മകമായി ¬(p^¬p) എന്ന് സൂചിപ്പിക്കാം.
Logical Fallacies
ഒരു വാദത്തിന്റെ യുക്തിയെ ദുർബലപ്പെടുത്തുന്ന ന്യായ വൈകല്യങ്ങളാണ് ലോജിക്കൽ ഫലസികൾ. കൂടാതെ മുകളിൽ പറഞ്ഞ നിയമങ്ങളുമായി വിരുദ്ധമാണെങ്കിലും അത് ലോജിക്കൽ ഫലസിയാണ്. നിയമങ്ങൾ പാലിക്കാതെയും, ന്യായവൈകല്യങ്ങലുള്ള വാദങ്ങൾ അവതരിപ്പിക്കുന്നവരമായും ഒരു നല്ല സംവാദം സാധ്യമല്ല. സാധാരണയായി സംവാദങ്ങളിൽ കാണുന്നതും പ്രധാനപ്പെട്ടതുമായ ഫലസികൾ നമുക്കൊന്നു നോക്കാം.
Argument from ignorance
Strawman argument
പ്രതിവാദം എളുപ്പമാക്കുന്നതിനു വേണ്ടി എതിർഭാഗത്തിന്റെ ആരോപണം മനപ്പൂർവം തെറ്റായി അവതരിപ്പിക്കുകയും ദുർവ്യഖാനിക്കുകയും ചെയ്യുക, എന്നിട്ട് എതിർഭാഗം ഉന്നയിക്കാത്ത ആ വാദത്തെ എതിർക്കുക. യഥാർത്ഥ വാദത്തിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറുക.
ഉദാഹരണം: ശാസ്ത്രം Falsifiable ആണ്, പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ചു പഴയ ധാരണകൾ തിരുത്തും. അത് കൊണ്ട് തന്നെ ശാസ്ത്രം ആത്യന്തിക സത്യങ്ങളല്ല. ഇങ്ങനെ നിലവിലെ ശാസ്ത്ര കണ്ടെത്തലുകൾ നൂറ് ശതമാനം ശരിയാണ്, ഒരിക്കലൂം മാറില്ല എന്ന് ശാസ്ത്രത്തിന് തന്നെ വാദമില്ലാത്തതു കൊണ്ട്, ഈ ശാസ്ത്ര വസ്തുതകൾ വച്ച് മതഗ്രന്ധങ്ങളിൽ അശാസ്ത്രീയത തിരയുന്നത് യുക്തി രാഹിത്യമാണ് എന്നുള്ള വാദത്തെ, അതെ ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നതാണ്, ആ മാറ്റങ്ങൾ പുരോഗതിയാണ്, പഴയ കാറല്ല പുതിയ കാറുകൾ, പഴയ ഫോൺ അല്ല പുതിയ ഫോണുകൾ, പണ്ടില്ലാത്ത മരുന്നുകൾ ഇന്നുണ്ട്, എല്ലാം മാറുന്നുണ്ട് എന്നൊക്കെ പറഞ്ഞ് മാറ്റത്തെ എതിർക്കുന്നവരായി ചിത്രീകരിച്ചു എതിർക്കുന്നത് സ്ട്രോമാൻ വാദമാണ്.
വസ്തുനിഷ്ഠമായ ധാർമികതക്ക് നാസ്തിക ആശയധാരയിൽ അടിസ്ഥാനമില്ല, നാസ്തികധാർമികത വ്യക്തിനിഷ്ഠമാണ് എന്ന വാദത്തെ, ദൈവമില്ലെന്ന് മനസ്സിലായാൽ നാളെ മുതൽ നടന്ന് ബലാത്സഘം ചെയ്യുമോ എന്ന് ചോദിക്കുന്നത് സ്ട്രോമാൻ വാദമാണ്. ഇവിടെ ധാർമികത വ്യക്തിനിഷ്ഠമാണോ വസ്തുനിഷ്ഠമാണോ? അതിൻ്റെ അടിസ്ഥാനമെന്ത് എന്നാണ് ചർച്ച. വിശ്വാസികൾ ധാർമികരും നാസ്തികർ അധാർമികരുമാണോ എന്നല്ല.
Hasty Generalization
ചില ഉദാഹരണങ്ങൾ മാത്രം പരിഗണിച്ചോ, ഒരൊറ്റ കേസ് മാത്രം കണക്കിലെടുത്തോ മൊത്തം വസ്തുക്കളെയോ പ്രതിഭാസങ്ങളുയോ സാമാന്യവൽക്കരിക്കുക.
ഉദാഹരണം: ചില വിശ്വാസികളുടെ പ്രവർത്തിയെ മാത്രം കണക്കിലെടുത്ത്, മുഴുവൻ വിശ്വാസികളെയും സാമാന്യവൽക്കരിക്കുക, അത് മതം അനുശാസിക്കുന്നതിനെതിരാണെങ്കിൽ പോലും.
തീവ്രവാദികൾ മുസ്ലിംകളാണ്, അത് കൊണ്ട് മുസ്ലികളെല്ലാവരും തീവ്രവാദികളും അപകടകാരികളുമാണ്.
ചില മുസ്ലിം രാഷ്ട്രങ്ങൾ അവികസിതവും മനുഷ്യവകാശ ലംഘനങ്ങളും പീഠനങ്ങളുമുണ്ട്, മുസ്ലിം രാജ്യങ്ങളെല്ലാം അവികസിതവും പീഡിപ്പിക്കപ്പടുന്നവരുമാണ്.
False cause
രണ്ട് കാര്യങ്ങൾ തമ്മിൽ പരസ്പരബന്ധം ഉണ്ട് എന്നത് കൊണ്ട് ഒന്ന് മറ്റൊന്നിനു കാരണമാണ് എന്നോ, ഒരു കാര്യം മറ്റൊരു കാര്യത്തിന് ശേഷം സംഭിവിച്ചു എന്നത് കൊണ്ട് ആദ്യത്തേത് രണ്ടാമത്തേതിന് കാരണമാണ് എന്നോ ഉള്ള വാദം.
ഉദാഹരണങ്ങൾ: കോഴി കൂവുമ്പോൾ സൂര്യൻ ഉദിക്കും: കോഴി കൂവുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത്.
ലണ്ടനിൽ ബോംബ് വച്ച ഭീകരവാദി ഒരു മത വിശ്വാസിയായിരുന്നു, മതമാണ് ഭീകരവാദത്തിന് കാരണം.
ഇസ്ലാമിക രാഷ്ട്രങ്ങൾ അവികസിതവും മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നവയുമാണ്, അത് കൊണ്ട് ഇസ്ലാം അപകടകരമാണ്.
പലപ്പോഴും നാസ്തിക ഇസ്ലാമോഫോബുകൾ ചെയ്യുന്നത് ആദ്യം Hasty Generalization ഉപയോഗിച്ച് സാമാന്യ വൽക്കരിക്കും, പിന്നെ False cause കൂടെ പ്രയോഗിച്ചാൽ ഇസ്ലാമിനെയും മുസ്ലികളെയും മോശമായി ചിത്രീകരിക്കാൻ എളുപ്പമാണ്.
Appeal to emotion
വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിൽ ഒരു വാദം ജയിക്കുന്നതിന് സ്വീകർത്താവിൻ്റെ വികാരങ്ങളെ സ്വാധീനിക്കുന്ന രീതിയാണിത്.
ഉദാഹരങ്ങൾ: സിറിയയിലും ഇറാഖിലും നടക്കുന്നത് കണ്ടില്ലേ, അത് കൊണ്ടാണ് ഇസ്ലാം അപകടകരമാണ് എന്ന് ഞങ്ങൾ പറയുന്നത്. തബ്ലീഗ് ജമാഅത് കാരണം എത്ര പേർക്കാണ് കോവിഡ് രോഗം പിടിപെട്ടത്, അത് കൊണ്ടാണിവർ അപകടകാരികളാണെന്ന് പറയുന്നത്.
Red Herring
അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് യഥാർത്ഥ വാദത്തിൽ നിന്ന് ശ്രോതാക്കളുടെയോ വായനക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയാണ് റെഡ് ഹെറിംഗ്.
ഉദാഹരണങ്ങൾ: ദൈവമുണ്ട് എന്നതിനുള്ള ദാർശനിക വാദങ്ങൾ (സാധാരണ എല്ലാ മത വിശ്വാസികളും ഉപയോഗിക്കുന്ന) അവതരിപ്പിക്കുമ്പോൾ, അതിലെ വാദങ്ങൾക്ക് എതിർവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം, ഏതെങ്കിലും മതത്തെകുറിച്ചോ മത ഗ്രന്ഥങ്ങളെ കുറിച്ചോ സംസാരിച്ച് വിഷയം മാറ്റുക. ഇങ്ങനെ എന്ത് വാദമുന്നയിച്ചാലും വാദങ്ങളെ ഖണ്ഡിക്കുന്നതിനു പകരം പൊതുവായ നാസ്തിയ മറുപടികളാണ് സിറിയ, ഇറാഖ്, കൈവെട്ട്, പെണ്ണിനെ ചാക്കിലാക്കി. നാല് കെട്ട് തുടങ്ങിയവ. ഒട്ടു മിക്ക വാദങ്ങളും അവസാനം സിറിയയിലാണ് ചെന്നവസാനിക്കുക.
Appeal to ridicule
എതിരാളിയുടെ വാദം അസംബന്ധവും പരിഹാസ്യവുമാണ് എന്ന തരത്തിൽ അവതരിപ്പിച്ച്, പരിഗണനക്ക് യോഗ്യമല്ല എന്ന് വരുത്തി തീർക്കുക.
ഉദാഹരണം: പരിണാമ സിദ്ധാന്തത്തിൻ്റെ പരിമിതികളെ കുറിച്ച് വാദമുന്നയിക്കുമ്പോൾ, കളിമൺ തിയറി, മണ്ണ് കുഴച്ചുരുട്ടി എന്നൊക്കെ പറഞ്ഞ് വാദത്തിൽ നോന്നൊഴിഞ്ഞു മാറുക.
നിങ്ങൾ പറയുന്നത് മുഴുവൻ വിഡ്ഢിത്തങ്ങളാണ്, അറിയാത്ത കാര്യങ്ങളെകുറിച്ച് സംസാരിക്കാതിരിക്കലല്ലേ മാന്യത എന്ന് ചോദിക്കുമ്പോൾ, പഠിച്ചിട്ട് ബിമർശിക്കൂ എന്ന് പുച്ഛിക്കുന്നത്.
Ad hominem
യഥാർത്ഥ വാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി വാദം ഉന്നയിച്ച വ്യക്തിയുടെ സ്വഭാവം, ഉദ്ദേശ്യം അല്ലെങ്കിൽ മറ്റ് പ്രതേകതകളെ ആക്രമിക്കുക.
ഉദാഹരണം: എന്ത് പോസ്റ്റിട്ടാലും അതിൻ്റെ താഴെ മതയോളി, മദ്രസപ്പൊട്ടൻ, ഉസതാദ്, കോയ അങ്ങനെ ഓരോന്ന് പുലമ്പിക്കിണ്ടിരിക്കുക.
ഇത് കൂടാതെ വേറെയും ലോജിക്കൽ ഫാലസികളുണ്ട്. നമ്മൾ സാധാരണയായി കാണുന്ന ചിലത് മാത്രമാണിവ. ഇത്തരം നിയമങ്ങളെല്ലാം പാലിക്കുകയാണെങ്കിൽ അറിവ് നേടാനുള്ള നല്ലൊരു മാർഗമാണ് യുക്തിവാദം. അപ്പൊ പറഞ്ഞ് വരുന്നത് എന്താണെന്നു വച്ചാൽ യുക്തിവാദം ചില്ലറ കളയില്ല. വെറുതെ നമുക്ക് തോന്നുന്ന എന്തേലും പറഞ്ഞ് അതിൻ്റെ മേലെ യുക്തിവാദം എന്ന് സ്റ്റിക്കറൊട്ടിച്ചാൽ അത് യുക്തിവാദമാകില്ല. വേണമെങ്കിൽ യുക്തിക്ക് വാതം പിടിച്ചതാണെന്നു പറയാം.