ലോകത്ത് നടക്കുന്ന അക്രമങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ, തീവ്രവാദം, വികസനമുരടിപ്പ്, മനുഷ്യാവകാശ ലംഘനങ്ങൾ അങ്ങനെ സകല പ്രശ്നങ്ങൾക്കും കാരണം മതമാണെന്നാണ് നാസ്തിക തത്വചിന്തകരുടെ കണ്ടെത്തൽ. ഇന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്ന പൗരത്വപ്രശ്ങ്ങളുടെയും അതിൻറെ പേരിലുള്ള കലാപങ്ങളുടെയും കാരണവും മതം തന്നെയാണത്രേ. ഇവർ കഷ്ടപ്പെട്ട് ഒരു കാര്യം കണ്ടെത്തിയിട്ട് നമ്മളത് പരിഗണിച്ചില്ലെന്ന് പറയരുതല്ലോ.

നാസ്തികയുക്തി പ്രകാരം ഇന്ത്യയുടെ ചരിത്രം കുറച്ച് പുറകിലോട്ട് പോയാൽ, ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുൻപ് ഇവിടെ കാര്യമായി മതങ്ങളുണ്ടായിരുന്നില്ല, ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇവിടെ മതങ്ങൾക്ക് വളരുന്നതും ഇന്ത്യ തളരുന്നതും. പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കെതിരായ സമരങ്ങൾ നടക്കുമ്പോഴാണ് മതങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുന്നത്. പിന്നീട് ബ്രിട്ടീഷുകാർ പോയതോടെ മതങ്ങൾ ക്ഷയിക്കാനും ഇന്ത്യ വളരാനും തുടങ്ങി. ഏകദേശം 2000 വരെ അതങ്ങനെ തുടർന്നു. അതിന് ശേഷമാണ് ഇവിടെ വീണ്ടും മതങ്ങൾ വളരുന്നത്, ഇപ്പൊ വളർന്ന് പടർന്ന് പന്തലിച്ചു മാനം മുട്ടി നിൽക്കുകയാണ്.

ഈ നാസ്തിക സിദ്ധാന്തമുപയോഗിച്ച് ഏതു രാജ്യത്തിൻറെ ചരിത്രവും ഇത് പോലെ വളരെയെളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. 2003 വരെ ഇറാഖിൽ കാര്യമായി മതമുണ്ടായിരുന്നില്ല! 2003ന് ശേഷമാണ് ഇറാഖികൾ മത വിശ്വാസികളാകുന്നതും സുന്നി, ഷിയാ, ഐസിസ് തുടങ്ങിയ ആശയങ്ങളുമായി വരുന്നതും! 2011 ലാണ് സിറിയയിൽ മത വിശ്വാസം വളരുന്നത്! എന്തോ വശപ്പിശക് തോന്നുണ്ടല്ലേ? അതെ ശുദ്ധ അസംബന്ധമാണ്. ഇവിടെയെല്ലാം മതങ്ങൾക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഈ പ്രശ്നങ്ങളുടെയൊക്കെ പിറകിൽ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ട്‌ എന്നതാണ് വസ്തുത.
എങ്ങനെയാണ് നാസ്തികർ ഇത്തരം കണ്ടെത്തലുകളിൽ എത്തുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ പ്രധാനമായും Cherry picking , false cause എന്നീ ലോജിക്കൽ ഫാലസികളാണ് വേണ്ടത്.

ആരാണ് സന്തോഷമാഗ്രഹിക്കാത്തത്? അത് കൊണ്ട് അതിൽ തന്നെ പിടിക്കാം. ഇനിവേണ്ടത് ഹാപ്പിനെസ്സ് ഇൻഡക്സിൽ നമ്മുക്ക് വേണ്ട രാജ്യങ്ങൾ കണ്ടെത്തുകയാണ്. മത വിശ്വാസികൾ ഏറ്റവും കുറവുള്ള രാജ്യങ്ങൾ മൊത്തം എടുത്താൽ നടക്കില്ല, കാരണം 41% മാത്രം വിശ്വാസികൾ ഉള്ള എസ്റ്റോണിയ (55), 99% വിശ്വാസികൾ ഉള്ള യൂഎഇ (21) ക്കും ഖത്തർ (29) നും താഴെയാണ്. 58% വിശ്വാസികൾ ഉള്ള ചൈന (93), 92% ശതമാനം വിശ്വാസികളുള്ള പാകിസ്ഥാനും (67) താഴെയാണ്. ഹാപ്പിനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള ഫിൻലാൻഡിൽ 82% വും രണ്ടാം സ്ഥാനത്തുള്ള ഡെന്മാർക്കിൽ 88% വിശ്വാസികളാണ്.[1][2]

അപ്പൊ പിന്നെ ഹാപ്പിനെസ്സ് ഇൻഡക്സിൽ മുകളിലും വിശ്വാസത്തിൽ താഴെയുമുള്ള Netherlands, Czech Republic തുടങ്ങിയ രാജ്യങ്ങളെ മാത്രം പൊക്കിപ്പിടിക്കുക. ഇതാണ് ചെറി പിക്കിങ്. ഇനി False cause ഫാലസി അപ്ലൈ ചെയ്‌താൽ സമവാക്യം റെഡി. വിശ്വാസികൾ കുറവുളള രാജ്യങ്ങളിലുള്ളവരാണ് സന്തോഷമുള്ളവർ, അത് കൊണ്ട് സന്തോഷം വേണമെകിൽ മതമുപേക്ഷിക്കണം. സിംപിളാണ് കാര്യങ്ങൾ!

ഈ നാസ്തിക സിദ്ധാന്തത്തിലേക്ക് ചേർക്കുന്ന മറ്റു ചില കൂട്ടുകളാണ്, “മൃഗങ്ങൾക്ക് മതമില്ല അതുകൊണ്ടവർ സന്തോഷമായി ജീവിക്കുന്നത്” “മൃഗങ്ങൾക്ക് മതമുണ്ടായിരുന്നെങ്കിൽ അവരെയും തമ്മിൽ തല്ലിക്കമായിരുന്നു” തുടങ്ങിയ വാദങ്ങൾ. മൃഗങ്ങൾക്ക് നിയമങ്ങളും പോലീസുമൊന്നുമില്ല അതുകൊണ്ടാണവർ സന്തോഷമായി ജീവിക്കുന്നത്, ഇതൊന്നും മനുഷ്യനും വേണ്ട എന്നുള്ള തിയറി അവരിതുവരെ എവിടെയും അവതരിപ്പിച്ചു കണ്ടിട്ടില്ല. അങ്ങനയൊക്കെ പറഞ്ഞാൽ സർക്കാരുകൾ തൂക്കിയെടുത്ത് വല്ല ആമസോൺ കാടുകളിലും കൊണ്ട് പോയിതള്ളി മൃഗങ്ങളുടെ കൂടെ ജീവിക്കാൻ പറഞ്ഞാലോ എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല. ചിമ്പാൻസികൾ തമ്മിലുള്ള യുദ്ധങ്ങളുടെ[3][4][5] കാരണത്തകുറിച്ചു പല പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ നാസ്തികതിയറി പ്രയോഗിച്ചാൽ കാരണം എളുപ്പം കണ്ടെത്താം, ചിമ്പാൻസികൾ മതവിശ്വാസികളാണ്. അതാണ് നാസ്തിക തിയറിയുടെ ഒരു പവർ.

എന്ത് കൊണ്ട് തീവ്രവാദം?

നാസ്തികരും ഇസ്ലാമോഫോബുകളും ഉന്നയിക്കിന്ന ചോദ്യമാണ് എന്ത്‌ കൊണ്ട് വിശ്വാസികളിൽ മാത്രം തീവ്രാദികൾ? അല്ലെങ്കിൽ എല്ലാ തീവ്രാദികളും മുസ്ലിംകൾ? പല കാരങ്ങളുമുണ്ടായിരിക്കാം. എന്താണ് തീവ്രവാദം എന്നതുകൊണ്ട് ഒരാൾ മനസ്സിലാക്കുന്നത് എന്നത് ഒരു കാരണമായിരിക്കാം.

ബൗദ്ധികലോകത്തെ സൂപ്പർസ്റ്റാറായ നോം ചോംസ്കി ഒരഭിമുഖത്തിൽ പറഞ്ഞത് അമേരിക്കൻ ഭരണകൂടമാണ് ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദികളും ലോക സമാധാനത്തിന് ഏറ്റവും ഭീഷണിയുമെന്നാണ്[6][7]. 1980ന് ശേഷം മാത്രം 14 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെയാണ് അമേരിക്ക ആക്രമിച്ചത്[8]. ദശലക്ഷക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു, അതിലേറെ പേർ സ്വരുകൂട്ടിവെച്ച സമ്പത്തും സ്വപ്നങ്ങളുമുപേക്ഷിച്ചു പലായനം ചെയ്ത അഭയാർത്ഥികളാക്കപ്പെട്ടു. രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും വിലയേറിയ വിഭവങ്ങൾ കവർന്നെടുക്കുകയും ചെയ്തു. ഇങ്ങനെ ലോകത്ത് ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെടുന്ന ജനത മുസ്ലികളാണ് എന്നതും, അതിൽ നിന്നൊരു ന്യൂനപക്ഷം തെറ്റായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട് എന്നത് ഒരു കാരണമായിരിക്കാം. ഇത്തരം അനീതികളെ ചൂണ്ടിക്കാണ്ടി ഒരു വിഭാഗത്തിൻറെ വൈകാരികത മുതലെടുത്ത് അവരെ ബ്രെയിൻവാഷ് ചെയ്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് ഉപയോഗിക്കാം എന്നുള്ള വസ്തുതയും ഒരു കാരണമായിരിക്കാം.

ലോകത്തിലെ എല്ലാ ചാവേർ അക്രമങ്ങൾക്കുറിച്ചും പഠനം നടത്തിയ ചിക്കാഗോ സെക്യൂരിറ്റി ആൻഡ് ടെററിസത്തിന്റെ ഡയറക്ടറും ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധനുമായ റോബർട്ട് പാപ്പ് പറയുന്നത് 95% അക്രമണങ്ങളുടെയും പ്രേരണ മതമല്ല പക്ഷെ, സൈനിക അധിനിവേശത്തിനെതിരെയുള്ള പ്രതികരിമാണ് എന്നാണ്[9][10]. ഇത്തരത്തിലുള്ള അക്രമങ്ങളെകുറിച്ച് 131 രാജ്യങ്ങളിലായി ഗാലപ്പ് നടത്തിയ ഏറ്റവും വലിയ ആഗോള പഠനമനുസരിച്ച്, മനുഷ്യൻറെ വികസനവും ഭരണവുമാണ് – ഭക്തിയോ സംസ്കാരമോ അല്ല അക്രമണങ്ങളുടെ കാരണെമെന്നാണ്[11].

ഇത്തരം അക്രമണങ്ങളെ മതമേൽവിലാസമൊട്ടിച്ച്‌ പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ഒരു കാരണമായിരിക്കാം. മുസ്ലീങ്ങൾ ഉൾപ്പെടുന്ന ഭീകരാക്രമണങ്ങൾക്ക് 357% കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് അലബാമ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു[12]. ഐഡൻറിറ്റിസ്വിച്ച് എന്ന തന്ത്രമാണ് മാധ്യമങ്ങൾ ഇവിടെ പ്രയോഗിക്കുന്നത്. അതായത് ഏതൊരു വ്യക്തിക്കും ഒന്നിലധികം ഐഡൻറിറ്റി ഉണ്ടാകും. ഒന്ന് അയാളുടെ വ്യക്തിഗതഐഡൻറിറ്റി, പിന്നെയുള്ളത് അയാളുടെ രാജ്യം, ഭാഷ, മതം, തൊഴിൽ, രാഷ്ട്രീയ സംഘടനകൾ എന്നിവയെയൊക്കെ അടിസ്ഥാനമാക്കി പല ഐഡൻറിറ്റികൾ. ചില പ്രത്യേക മത വിഭാഗത്തിൽ പെടുന്നവരുൾപ്പെടുന്ന കുറ്റക്ര്യത്യങ്ങളാണെങ്കിൽ അയാളുടെ മതപരമായ ഐഡന്റിറ്റി ഉയർത്തിക്കാട്ടുകയും, മറ്റു മതക്കാരാണെങ്കിൽ നേരെ അവരുടെ വ്യക്തിഗത ഐഡന്റിറ്റിയിലേക്ക് ചുരുക്കുന്ന ഒരു മനോരോഗമാണ് ഐഡൻറിറ്റി സ്വിച്ച്. ചില പ്രത്യക വാർത്തകൾക്ക് ജില്ലയുടെ പേരിന് പ്രാധ്യാന്യം കൂടുക അങ്ങനെ പലതരത്തിലും നിറത്തിലുമുണ്ടിത്. ചില മാധ്യമ ഷണ്ഡന്മാർക്ക് പുറമേ പൊതുബോധവും ചിലപ്പോ ഈ കോണകമെടുത്തുടുക്കാറുണ്ട്.

തീവ്രവാദം വളരെ വിശാലമായ ഒരു വിഷയമായത് കൊണ്ട് അതിനെകുറിച്ച് മാത്രം വിശദമായി മറ്റൊരു പോസ്റ്റ് വരുന്നുണ്ട്. 14 നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇസ്ലാമിൽ നിന്ന് ഐസിസും അൽഖാഇദയും ഉണ്ടായിട്ട് ഏതാനും വർഷങ്ങളെ ആയിട്ടൊള്ളു എന്ന് പറയുമ്പോൾ മതമല്ല കാരണം മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്. എന്നാൽ ഇവരെല്ലാം മതത്തെ ഉപയോഗിക്കുന്നുണ്ട് എന്നുള്ളതൊരു വസ്തുതയുമാണ്.

മതത്തിലെ പ്രശ്‍നങ്ങൾ

പ്രശ്‍നങ്ങൾ മതത്തിനല്ല, വിശ്വാസികൾക്കാണ്, അതെ പലതരം വിശ്വാസികളുണ്ട്. എല്ലായ്പ്പോഴും മത മൂല്യങ്ങളും നിയമങ്ങളും പാലിച്ച്‌, തെറ്റുകൾ തിരുത്തി ജീവിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരുണ്ട്. ചില സമയങ്ങളിൽ മാത്രം പാലിക്കുന്ന സീസണൽ വിശ്വാസികളുണ്ട്. അവർക്കിഷ്ടപ്പെട്ട ചില മൂല്യങ്ങൾ മാത്രം പാലിക്കുകയും അല്ലാത്തവ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയും ചെയ്യുന്ന വിശ്വാസികളുണ്ട്. സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങളും ന്യായീകരിക്കാൻ മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും ദുർവ്യഖ്യാനം ചെയ്യുന്നവരുണ്ട്. പുറമേ മാത്രം ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിച്ചു ജീവിക്കുന്ന കപട വിശ്വാസികളുണ്ട്. കാര്യമായി ഒന്നിനെക്കുറിച്ചും അറിവില്ലാത്ത മത കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം വിശ്വാസിയായ ഒഴുക്കിനനുസരിച്ചു പോകുന്ന വിശ്വാസികളുണ്ട്. എല്ലാ മതവിശ്വാസികളും നല്ലവരോ, ഒരാൾ കേവലം വിശ്വാസിയായത് കൊണ്ട് മാത്രം നല്ലവനാകുകയോ ഇല്ല. പക്ഷേ നാസ്തിക ട്രോളുകളിലെയും പോസ്റ്റുകളിലെയും സ്ഥിരം വേട്ടമൃഗമാണ് ഈ സ്ട്രോമാൻ ഫാലസി.

സാംസ്കാരിക കൂടിക്കലർച്ചകൾ: സമാനമായതല്ലെങ്കിലും പരിചിതമായ ഒരുദാഹരണം പറയാം, വടക്കേ ഇന്ത്യയിലെയും, തെക്കേ ഇന്ത്യയിലെയും, വിശ്വാസാചാരങ്ങൾ പരിശോധിച്ചാൽ പല വ്യത്യസ്തങ്ങളും കാണാം. ഓരോ സ്ഥലത്തും നിലനിന്നിരുന്ന സാമൂഹിക സംകാരിക ആചാരങ്ങളെ മതങ്ങളിലേക്ക് കൂട്ടിക്കലർത്തുന്ന, അല്ലങ്കിൽ അവക്ക് മത ഗ്രൻഥങ്ങളിൽ നിന്ന് നയീകരണങ്ങൾ കണ്ടെത്തുന്ന ഒരു പ്രവണതയാണിത്. ഇസ്ലാമും കൃസ്ത്യാനിറ്റിയും ഒന്നും ഇതിൽ നിന്ന് മുക്തമല്ല. വിവിധ പ്രദേശങ്ങളിലെ ആചാരാനുഷ്‌ഠനങ്ങളും ജീവിത രീതികളുമൊക്കെ താരതമ്യം ചെയ്‌താൽ ഇത് മനസ്സിലാക്കാം. ഒരുദാഹരണം പറഞ്ഞാൽ കുറച്ച്‌ പതിറ്റാണ്ടാൾക്ക് മുൻപ് വരെ, ഇന്ത്യാ- പാക് ബെൽറ്റിൽ നില നിന്നിരുന്ന ഒരു രീതിയാണ്, വധു വരന്മാർക്ക് പ്രത്യേക പരിഗണയൊന്നുമില്ലാതെ രക്ഷിതാക്കൾ പരസപരം തീരുമാനിക്കുന്ന വിവാഹങ്ങൾ. പലരും പരസ്പരം കണ്ടിരുന്നത് വിവാഹ ദിവസമായിരുന്നു. സ്വാഭാവികമായും മുസ്ലിംകളും ഇതേ രീതി തന്നെ പിന്തുടരുകയും, അതിനെ പിന്താങ്ങാനായി ന്യായീകരണങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇസ്ലാമിക വീക്ഷണത്തിൽ, മൗനം സമ്മതമായി കണക്കാക്കുമെങ്കിലും, ഒരു പെണ്ണിൻ്റെ ഇഷ്ടത്തിനെതിരായി നടത്തുന്ന വിവാഹത്തിന് നിയമ സാധുതയില്ല. ഇങ്ങനെ ധാരാളം കാര്യങ്ങൾ നമുക്ക് കാണാം, പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയങ്ങളിൽ. മതമൂല്യങ്ങളിൽ നിന്ന് ഇത്തരം ആചാരങ്ങളെ വേർതിരിക്കുക എന്നതാണ് പരിഹാരം.

വേറെയുമുണ്ട് പ്രശ്നങ്ങൾ, മതങ്ങളിൽ പൗരോഹിത്യമുണ്ട്, വിശ്വാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ആത്മീയചൂഷകരുണ്ട്. പക്ഷേ ഇതൊന്നും തന്നെ മതങ്ങൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതല്ല. മനുഷ്യൻ ഇടപെഴകുന്ന എല്ലാ മേഖലകളും തൻറെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 

മനുഷ്യന് പുരോഗതിയും പരിഹാരങ്ങളും നൽകുന്ന ശാസ്ത്രം ഉപയോഗിച്ച്‌ തന്നെ മനുഷ്യനെ ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിയും. മരുന്നുണ്ടാക്കാനുള്ള സാങ്കേതികവിദ്യകൾ കൊണ്ട് തന്നെയാണ് വിഷമുണ്ടാക്കുന്നതും മയക്കുമരുന്നുണ്ടാക്കുന്നതും ജൈവായുധങ്ങളുണ്ടാക്കുന്നതും ഭക്ഷണത്തിൽ മായം ചേർക്കുന്നതുമെല്ലാം. എന്ത് അധാർമിക പ്രവർത്തനങ്ങൾ ചെയ്യാനും ഒരാൾക്ക് ശാസ്ത്രത്തെ ഉപയോഗിക്കാം. മേല്പറഞ്ഞ യുദ്ധങ്ങൾക്കും തീവ്രവാദ ആക്രമണങ്ങൾക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും ഉപയോഗിക്കുന്നുണ്ട്‌. രാഷ്ട്ര, ജനസേവനത്തിന് വേണ്ടിയുള്ള രാഷ്ട്രീയം തന്നെയാണ് അധികാരമോഹത്തിനും സ്വാധീനത്തിനും സമ്പത്തിക നേട്ടങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത്. ആതുര സേവനത്തിനുള്ള വൈദ്യശാസ്ത്രമുപയോഗിച്ചാണ് രോഗികളെ ചൂഷണം ചെയ്യുന്നതും അവയവ കച്ചവടം നടത്തുന്നതും. മനുഷ്യൻറെ ജോലികൾ എളുപ്പമാക്കാനുള്ള വിവരസാങ്കേതിക വിദ്യ തന്നെയാണ് മാൽവെയറുകൾ ഉണ്ടാക്കാനും ഹാക്ക് ചെയ്യാനും ഉപയോഗിക്കുന്നത്. മതവും ആത്മീയതയും ഇതിൽ നിന്ന് മുക്തമല്ല. ചിലർ   സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മതത്തെയും ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതൊരു വസ്തുതയാണ്. ഒരു കാര്യം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് കൊണ്ട് അത് ചീത്തയും ഒഴിവാക്കേണ്ടതുമാണ് എന്നാണ് യുക്തിയെങ്കിൽ ശാസ്ത്രവും വൈദ്യശാസ്ത്രവും രാഷ്ട്രീയവും എന്ന് വേണ്ട മനുഷ്യൻറെ കയ്യിലുള്ള എല്ലാം ഉപേക്ഷിക്കേണ്ടി വരും.

യഥാർത്ഥ പ്രശ്നം

ഏതൊരു പ്രശ്നത്തിനും പരിഹാരം കാണണമെങ്കിൽ ചുരുങ്ങിയത് പ്രശ്നമെന്താണെന്ന് തിരിച്ചറിയാനെങ്കിലും കഴിയണം. നാസ്തിക യുക്തി പ്രകാരമാണെങ്കിൽ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടെത്തൽ വളരെ എളുപ്പമാണ്. മതങ്ങൾ ഉള്ളത് കൊണ്ട് മതത്തിന്റെ പേരിൽ പ്രശ്ങ്ങളുണ്ടാകുന്നത് മതങ്ങളെ ഇല്ലാതാക്കുകയാണ് പരിഹാരം. റോഡിലൂടെ വാഹനങ്ങൾ ഓടുന്നത് കൊണ്ടാണ് വാഹനാപകടങ്ങൾ ഉണ്ടാകുന്നത്, അത് കൊണ്ട് വാഹനങ്ങൾ നിരോധിക്കണം. മനുഷ്യർ പല നിറമായത് കൊണ്ടാണ്, എല്ലാവരെയും ഒരേ പെയ്ന്റടിച്ചാൽ വർണ വെറി ഇല്ലാതാകും. മനുഷ്യർക്ക് രാജ്യങ്ങളുണ്ടായത് കൊണ്ടാണ്, മൃഗങ്ങളെ പോലെ രാജ്യങ്ങൾ ഇല്ലാതായൽ യുദ്ധങ്ങൾ ഇല്ലാതാകും. പേരിൽ മാത്രമേ യുക്തിയുള്ളൂവെങ്കിൽ ഇങ്ങനെ പല മണ്ടത്തരങ്ങളും പറയാം.

മനുഷ്യനിർമിതമായ എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണങ്ങൾ പരിശോധിച്ചാൽ അധികാരമോഹം, സ്വാർത്ഥത, അഹന്ത, അത്യാഗ്രഹം, അസൂയ തുടങ്ങിയവയാണ് എന്ന് മനസ്സിലാക്കാം. തൻറെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്ത് പൈശാചികത ചെയ്യാനും മനുഷ്യൻ മടിക്കില്ല. ഏതൊരു പ്രശ്നത്തിന്റെയും ഉറവിടം തേടാനുള്ള എളുപ്പ മാർഗ്ഗം അത് കൊണ്ട് ആത്യന്തികമായി നേട്ടമുണ്ടായതാർക്കാണ് എന്നന്വേഷിക്കലാണ്. അധികാരവും സ്വാധീനവുമുള്ള ഒരു ചെറിയ കൂട്ടംആളുകൾ മാത്രമാണ് എല്ലാ പ്രശ്നങ്ങളുടെയും ഉറവിടം. ബാക്കി ബഹുഭൂപരിപക്ഷം മനുഷ്യരും നന്മയുള്ളവരാണ്. പക്ഷേ അവർ ന്യൂനപക്ഷമായത് കൊണ്ട് തന്നെ ഓരോ സമയത്തും ഓരോ കാരണങ്ങളുണ്ടാക്കി ബഹുഭൂരിപക്ഷത്തെ തെറ്റിധരിപ്പിച്ച്‌, തമ്മിലടിപ്പിച്ച്‌, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ചോര കുടിച്ച് കൊണ്ടേയിരിക്കും. ഇതിനെല്ലാം പരിഹാരമായി നാസ്തികർ മുന്നോട്ട് വെക്കുന്നത് മതമുപേക്ഷിച്ചു ശാസ്ത്രത്തെ പുൽകുക എന്നതാണ്. ഏത് ജനറൽ റിലേറ്റിവിറ്റിയോ? അതോ റോബോട്ടിക്‌സോ? ചിലപ്പോ ക്വാണ്ടം മെക്കാനിക്സിലെ പുതിയ പഠനങ്ങളിൽ അധികാരമോഹത്തിനും സ്വാർത്ഥതക്കും അഹങ്കാരത്തിനും അസൂയക്കുമൊക്കെ എന്തെങ്കിലും പരിഹാരമുണ്ടാകുമായിരിക്കും? നാസ്തികർ എന്താണ് ചിന്തിക്കുന്നത്? അല്ലെങ്കിൽ അവരേതെങ്കിലും വിഷയത്തെക്കുറിച്ച് യുക്തിഭദ്രമായി ചിന്തിക്കാറുണ്ടോ? എന്ന് തന്നെ ദൈവം തമ്പുരാനറിയാം!

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment