നാസ്തിക വാദപ്രദിവാദങ്ങളിൽ കേട്ട് തഴമ്പിച്ചിട്ടുള്ളതാണ് “ശാസ്ത്രം തെളിയിച്ചാൽ മാത്രമേ വിശ്വസിക്കുകയുള്ളു”, “ദൈവത്തിന് ശാസ്ത്രീയമായ തെളിവുണ്ടോ?”

ശരിക്കും ശാസ്ത്രം എന്തെങ്കിലും തെളിയിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെയാണ്? ശാസ്ത്രത്തിന് എല്ലാം തെളിയിക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളും അറിവ് നേടാനായി മറ്റു മാർഗങ്ങൾ ഉണ്ടോ എന്നെതും നമുക്കൊന്നു പരിശോധിക്കാം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാർഗ്ഗം എന്നവകാശപ്പെടുന്ന നാസ്തികരും യഥാർത്ഥത്തിൽ അറിവ് നേടാനുള്ള മറ്റു മാർഗ്ഗങ്ങളെയും അവലംഭിക്കുന്നവരാണ്. എന്നാൽ ചില പ്രത്യേക കാര്യങ്ങൾ ശാസ്ത്രീയമായി തെളിവ് വേണമെന്ന് വാശിപിടിക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഒരു പാഴ്ശ്രമമാണ്.

എന്താണ് അറിവ് (knowledge)? ജ്ഞാനശാസ്ത്രപ്രകാരം (epistemology) “ന്യായീകരണമുള്ള ശരിയായ വിശ്വാസമാണ് അറിവ്” Knowledge is justified true belief”, അതായത് നമുക്കൊരു കാര്യമറിയാം എന്ന് പറയുന്നത് ഒരു വിശ്വാസമാണ്.

എന്താണ് വിശ്വാസം? “ഒരു കാര്യം ശരിയാണ് അല്ലെങ്കിൽ തെറ്റാണ് എന്നുള്ള വ്യക്തിപരമായ കാഴ്ചപ്പാട്.” ആ വിശ്വാസത്തിന് ശരിയായ ന്യായീകണങ്ങളുണ്ടാകുമ്പോഴാണ് അത് അറിവാകുന്നത്.

നമ്മളുടെ മാതാപിതാക്കൾ അവർ തന്നെയാണെന്നുള്ളത് ഒരറിവാണ്. എന്ത് കൊണ്ട്? അതിന് ജനന രേഖ, ടെസ്റ്റിമോണികൾ തുടങ്ങി ശരിയായ ന്യായീകരണം ഉള്ളതുകൊണ്ട്. ഇനി DNA ടെസ്റ്റ് നടത്തിയാൽ തന്നെയും ടെസ്റ്റ് നടത്തുന്നത് വേറൊരാൾ ആണെങ്കിൽ അയാളിലുള്ള വിശ്വാസമാണ് ആ അറിവിനെ ന്യായീകരിക്കാൻ കഴിയുന്ന ശരിയായ വിശ്വാസമാക്കുന്നത്. അതുകൊണ്ടു തന്നെ ഒരു മനുഷ്യന് അറിവ് സമ്പാദിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

ജ്ഞാനശാസ്ത്ര പ്രാകരം പ്രധാനമായും നാല് രീതികൾ (അതിലധികം ഉണ്ട്, അവ ഈ 4 രീതികളുടെ വകഭേദങ്ങൾ ആയതിനാൽ അതിലോട്ടു കടക്കുന്നില്ല) ആണ് അറിവ് നേടാനായി ഒരു മനുഷ്യൻ അവൻ്റെ ജീവിത കാലയളവിൽ ഉപയോഗിക്കുന്നത്. നേടുന്ന രീതിയെ അടിസ്ഥാനമാക്കി അറിവിനെ രണ്ടായി തരം തിരിക്കാം.

A Priori knowledge, A posteriori knowledge.

അനുഭവത്തിൽ നിന്നല്ലാതെ, അല്ലെങ്കിൽ നേരത്തെ ഉള്ള (സാധാരണയായി യുക്തിയിലൂടെ നേടുന്ന) ഒരു അറിവിനെയാണ് A Priori knowledge എന്ന് പറയുന്നത്.

ഗണിതശാസ്ത്രം (3 + 2 = 5), നമ്മുടെ വ്യക്തിഗത അനുഭവ വിചാരങ്ങൾക്കതീതമായി, ഗണിത സമവാക്യങ്ങൾ എല്ലാ കാലത്തും ഒന്ന് തന്നെയായിരിക്കും.
ട്യൂട്ടോളജികൾ (എല്ലാ ബാച്ചിലർമാരും അവിവാഹിതരാണ്),
ഡിഡക്ടീവ് റീസണിങ് (ഉദാ. ഓന്റോളജിക്കൽ തെളിവുകൾ) തുടങ്ങിയവ അനുഭവങ്ങളിൽ നിന്നല്ലാതെ നേടുന്ന അറിവാണ്.

അനുഭവങ്ങളിലൂടെയുള്ള അറിവാണ് A posteriori knowledge. ശാസ്ത്ര വിജ്ഞാനവും വ്യക്തിഗത വിജ്ഞാനവും മിക്കവാറും A posteriori knowledge ആണ്.

അറിവ് സമ്പാദിക്കാനുള്ള പ്രധാന രീതികൾ ഏതൊക്കെയാണെന്ന് നോക്കാം.

അവബോധം (Intuition)

ഒരു മനുഷ്യൻ സ്വയം അറിവ് സമ്പാദിക്കാൻ ഉപയോഗിക്കുന്ന ആദ്യ മാർഗമാണ് അവബോധം. മറ്റുള്ള അറിവുകളുടെ അഭാവത്തിൽ അറിവ് നേടാൻ ഉപയോഗിക്കുന്ന രീതിയാണിത്. സാമാന്യബുദ്ധി ഒരു പരിധിവരെ അവബോധത്തിൽ പെട്ട ഒരു കാര്യമാണ്.

ചില ഉദാഹരണങ്ങൾ
1) First impression
2) ഒരു പരിചയവുമില്ലാത്ത ചിലയാളുകളെ കാണുമ്പോൾ, അയാൾ വിശ്വാസയോഗ്യനല്ല അല്ലെങ്കിൽ ജാഡയാണ്, സംസ്കാര ശൂന്യനാണ് എന്നൊക്കെയുള്ള അനുമാനങ്ങൾ.

“യുക്തിവാദികൾ” എന്നവകാശപ്പെടുന്ന ബഹുഭൂരിപക്ഷവും അവബോധമാണ് യുക്തിയെന്ന് തെറ്റിദ്ധരിച്ചവരാണ്. ഉദാഹരണത്തിന്, മതത്തിൽ വിശ്വസിച്ചാൽ പിന്നെ ശാസ്ത്രത്തിൽ വിശ്വസിക്കാനാവില്ല എന്നുള്ള അനുമാനം യുക്തിയല്ല കാരണം യുക്തി ആവണമെങ്കിൽ അതിന്റെതായ നിയമങ്ങൾ പാലിക്കണം.

ഒരു അറിവ് ഈ 4 രീതികളിലൂടെയും എങ്ങനെ ആർജിക്കാൻ എന്ന ഉരുദാഹരണം കൂടി നോക്കാം.

“തീയിൽ കൈ വെച്ചാൽ പൊള്ളും” എന്ന അറിവ് അവബോധത്തിലൂടെ എങ്ങനെ ആർജിക്കാം

നിങ്ങളുടെ ഒരു കൂട്ടുകാരൻ തീയുടെ അടുത്ത് നിൽക്കുന്നു, നിങ്ങൾ അയാളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് കൂട്ടുകാരന്റെ കൈ തീയിൽ പെടുകയും പെട്ടെന്ന് വലിക്കുന്നതായും നിങ്ങൾ കാണുന്നു, അപ്പോൾ നിങ്ങൾക്കവിടെ ഒരു അറിവ് കിട്ടുന്നു. തീയിൽ കൈ വെച്ചാൽ പൊള്ളും. എന്നാൽ ഇവിടെയുള്ള പ്രശ്നം നിങ്ങളുടെ അറിവ് നിങ്ങളുടെ കൂട്ടുകാരന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ്, കൂട്ടുകാരൻ ചിലപ്പോൾ നിങ്ങളെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരിക്കാം, അതിനാൽ തന്നെ അത് ഒരു തെറ്റായ വിശ്വാസവുമാവാം. എന്നിരുന്നാലും, മറ്റു മാർഗങ്ങളുടെ അഭാവത്തിൽ നമ്മൾ അവബോധത്തെ അറിവിനുള്ള മാർഗമായി സ്വീകരിക്കുന്നു.

ആധികാരികത (Authority)

ഒരുപക്ഷേ അറിവ് നേടുന്നതിനുള്ള ഏറ്റവും സാധാരണമായ രീതി അതോറിറ്റിയിലൂടെയാണ്. മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്ന അറിവ്. ഈ അതോറിറ്റിയിൽ മാതാപിതാക്കൾ, അധ്യാപകർ, മാധ്യമങ്ങൾ, ഡോക്ടർമാർ, പുരോഹിതന്മാർ, ചരിത്രകാരന്മാർ, ശാസ്ത്രജ്ഞന്മാർ, സർക്കാർ, ഗ്രന്ഥകർത്താക്കൾ, എന്നിവരൊക്കെ ഉൾപ്പെടുന്നു. നമ്മുടെ പല ശാസ്ത്രീയ അറിവുകളും സ്വന്തമായി പരീക്ഷിച്ചു നോക്കിയല്ലെങ്കിൽ ആധികാരികമായ ജേർണലുകളിൽ നിന്നും ശാസ്ത്രീയ പുസ്തകങ്ങളിൽ നിന്നും, ഇന്റർനെറ്റിൽ നിന്നുമൊക്കെ ഉള്ളതാണ്. അതിനാൽ തന്നെ അതോറിറ്റിയുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കും നമ്മൾക്ക് കിട്ടിയ അറിവ് ശരിയാണോ തെറ്റാണോ എന്നുള്ളത്.

“തീയിൽ കൈ വെച്ചാൽ പൊള്ളും “, എന്ന അറിവ് അധികാരികതയിലൂടെ എങ്ങനെ ആർജിക്കാം,

വളരെ എളുപ്പമാണ് നിങ്ങളുടെ കൂട്ടുകാരൻ (അതോറിറ്റി) വന്നു പറയുന്നു, ഇവിടെ നിങ്ങളുടെ അറിവ് നിങ്ങളുടെ കൂട്ടുകാരൻ്റെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കും, കാരണം നിങ്ങളുടെ കൂട്ടുകാരൻ ചിലപ്പോൾ കള്ളമായിരിക്കാം പറയുന്നത് എന്നതുകൊണ്ട് തന്നെ.

അനുഭവവാദം (Empiricism)

നമ്മളുടെ പഞ്ചേന്ദ്രിയങ്ങളുപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും അറിവ് നേടുന്നതിനെയാണ് അനുഭവവാദമെന്ന് പറയുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ഒരു ഭാഗമാണ് അനുഭവവാദം. എന്നാൽ ഈ രീതിയെ മാത്രം ആശ്രയിക്കുന്നതിൽ പരിമിതികളുമുണ്ട്. എന്തുകൊണ്ടെന്നാൽ
നിങ്ങൾ കാണുന്നത് യാഥാർഥ്യമാവണം എന്നില്ല (ഇന്റർനെറ്റിൽ വൈറലായ നീല, കറുപ്പ് ഡ്രെസ്സിനെ പല ആൾക്കാരും വെള്ള സ്വർണ നിറത്തിൽ കാണുന്ന ഒരു ചിത്രം). നിങ്ങൾ കേൾക്കുന്നത് ശരിയാവണമെന്നില്ല (പുതിയ ഇന്റർനെറ്റ് സെൻസേഷൻ “yanni “അല്ലെങ്കിൽ “laural “). മണം പിടിക്കുക, രുചിയറിയുക എന്നത് നിങ്ങൾക്കു ജലദോഷം ഉണ്ടെങ്കിൽ വളരെ ദുഷ്കരമായ ഒരു കാര്യമാണ്. അതുപോലെ തന്നെ തൊട്ടറിയുക എന്നതും, എല്ലായിപ്പോഴും ഒരേ പോലെ തന്നെയാണെന്ന് പറയാൻ പറ്റില്ല, കാരണം അന്തരീക്ഷം വലിയ രീതിയിൽ അതിനെ സ്വാധീനിക്കും, ഉദാഹരണം പൂജ്യം ഡിഗ്രി തണുപ്പുള്ള ഒരു സ്ഥലത്തു നിന്ന് 10 ഡിഗ്രി തണുപ്പുള്ള ഒരു സാധനത്തെ തൊട്ടാൽ നമ്മൾക്ക് ചൂടനുഭവപെടും എന്നാൽ 20 ഡിഗ്രി ഉള്ള ഒരു സ്ഥലത്തു നിന്ന് 10 ഡിഗ്രി തണുപ്പുള്ള ഒരു സാധനത്തെ തൊട്ടാൽ, തണുപ്പായാണ് അനുഭവപ്പെടുക.

പിന്നെന്തുകൊണ്ട് അനുഭവവാദം ശാസ്ത്രത്തിന്റെ അടിസ്ഥാന ഭാഗമാകുന്നു? അവിടെ ആവർത്തനക്ഷമത (repeatability) എന്ന ഘടകമാണ് ശാസ്ത്രത്തെ സഹായിക്കുന്നത്, അതായതു നിങ്ങൾക്കു കിട്ടുന്ന ഒരു ഫലം തന്നെ മറ്റുള്ളവർ നിരീക്ഷിക്കുമ്പോഴും കിട്ടണം (ഈ ലോകം സ്ഥിരതയുള്ളതാണെന്ന യുക്തിസഹമായ അനുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ലോകത്തു എവിടെ ആരു നടത്തിയാലും കിട്ടണം) എന്നത് ശാസ്ത്രത്തിനു നിർബന്ധമായതു അതുകൊണ്ടാണ്.

“തീയിൽ കൈ വെച്ചാൽ പൊള്ളും” എന്ന അറിവ് അനുഭവവാദത്തിലൂടെ എങ്ങനെ ആർജിക്കാം, നിങ്ങൾ തന്നെ തീയിൽ കൈ വെക്കുക , നിങ്ങൾക്കാ അറിവ് സ്വന്തമാക്കാം, ഇവിടെ നിങ്ങളുടെ അറിവ് നിങ്ങളുടെ തന്നെ അനുഭവത്തിൽ നിന്നുള്ളതിനാൽ തന്നെ മറ്റുള്ളവരിലുള്ള വിശ്വാസം അറിവിനെ ഒരു രീതിയിലും ബാധിക്കുന്നില്ല.

യുക്തിവാദം (Rationalism)

സാദാ നിരീശ്വരവാദികൾ അവകാശപ്പെടുന്ന കോമ്മൺസെൻസ്/അവബോധം അല്ല ശരിക്കുള്ള യുക്തിവാദം കാരണം യുക്തി എന്നതിന് പല ഘടകങ്ങൾ ഉണ്ട്. ഒരു കാര്യം യുക്തിഭദ്രമാകണെമെങ്കിൽ അത് Laws of thought process പാലിച്ചിരിക്കണം, കൂടാതെ നിർവചിക്കപ്പെട്ട യുക്തിയിലെ പാളിച്ചകൾ (logical fallacies) ഇല്ലാത്തതുമായിരിക്കണം. വിശദമായി ഇവിടെ (യുക്തിവാദത്തിൻ്റെ യുക്തി!) വായിക്കാം.

ലോജിക്കും റീസണിങ്ങും ഉപയോഗിച്ച് അറിവ് സമ്പാദിക്കുന്ന മാർഗമാണ് യുക്തിവാദം, യുക്തിവാദത്തിന് ഒരു മുൻ അറിവ് (priori knowledge) അല്ലെങ്കിൽ premise അത്യാവശ്യമാണ്. ഡിഡക്ടീവ്, ഇൻഡക്ടീവ് എന്നീ രണ്ടു തരം ന്യായവാദങ്ങളുണ്ട്. എളുപ്പത്തിൽ ഈ താരതമ്യ ചിത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

നമ്മുടെ തീയുടെ ഉദാഹരണം, യുക്തിവാദത്തിലൂടെ തീയിൽ കൈ ഇട്ടാൽ പൊള്ളുമോ എന്നത് എങ്ങനെ ആർജിക്കാം. മുൻപ് ആരുടെയിൻകിലും കൈ തീയിലിട്ടപ്പോൾ പൊള്ളി എന്നതാണ് ഇവിടെ മുൻ അറിവ്. യുക്തി വാദത്തിനു ഒരു ലോജിക്കൽ flow അത്യാവശ്യമാണ്. ഇവിടെ മറ്റുള്ളവരിലുള്ള വിശ്വാസം ഒരു ഘടകം ആവുന്നില്ല എന്നതിനാൽ കൂടുതൽ വിശ്വസനീയമായ അറിവിലേക്ക് യുക്തിവാദത്തിലൂടെ എത്തിച്ചേരാൻ കഴിയും.

ഉദാഹരണത്തിന്: “തീയിൽ കൈ ഇട്ടാൽ കൈ പൊള്ളുമോ”?

Premise 1 : മുൻപ് കൈ തീയിലിട്ട ആളുടെ കൈ കരിഞ്ഞു പോയി (priori Knowledge)
Premise 2 : അതെ ഘടകങ്ങൾ തന്നെയാണ് എന്റെ കൈയ്യിലും ഉള്ളത്
Conclusion : അതുകൊണ്ടു തന്നെ തീയിൽ കൈ ഇട്ടാൽ കൈ പൊള്ളും.

നമ്മുടെ പ്രെമിസുകൾ ശരിയായെങ്കിൽ കൺക്ലൂഷൻ ശരിയായിരിക്കും, പ്രെമിസുകൾ തെറ്റിയാൽ കൺക്ലൂഷനും തെറ്റും.

ഇവയൊക്കെയാണ് അറിവ് സമ്പാദിക്കാനുള്ള പ്രധാന മാർഗങ്ങൾ, ഇവ കൂടാതെ, ഐഡിയലിസം, കൺസ്ട്രക്ടീവിസം, പ്രാഗ്മാറ്റിസം തുടങ്ങി വേറെയും മാർഗങ്ങളുണ്ട്. എന്നിരുന്നാലും മുകളിൽ പറഞ്ഞ നാലു കാര്യങ്ങളാണ് അവയുടെയും അടിസ്ഥാനവും.

എന്താണ് ശാസ്ത്രം?

മുകളിൽ പറഞ്ഞ അറിവ് സമ്പാദനത്തിലെ പ്രധാനപ്പെട്ട രണ്ടു രീതികളായ അനുഭവവാദവും യുക്തിവാദവും ചേർന്നതാണ് ശാസ്ത്രം. യുക്തിവാദം ശാസ്ത്രത്തിൽ വരുമോ എന്ന് സംശയമുള്ളവരുണ്ടാകും, ഉരുദാഹരണം പറയാം.

ഈ പ്രപഞ്ചത്തിൻ്റെ തുടക്കമായി അധികപേരും അംഗീകരിക്കുന്ന “ശാസ്ത്ര സത്യം” ബിഗ്ബാംഗ് ആണ്. എന്നാൽ ഇവിടെ ഗാലക്സികൾ തമ്മിൽ അകലുന്നു എന്നത് മാത്രമാണ് അനുഭവവാദത്തിൻ്റെ മേഖലയിൽ വരുന്നത്, ആരും ബിഗ്ബാംഗ് നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ തന്നെ, “ഇങ്ങനെ അകന്നു പോയിക്കൊണ്ടിരിക്കുകയാണെങ്കിൽ, കുറേ കാലം പുറകോട്ട് പോയാൽ അതൊരു പോയിന്റിൽ നിന്ന് അകന്നതായിരിക്കും എന്നത് യുക്തിവാദവുമാണ്.

എല്ലാം ശാസ്ത്രത്തിന്റെ മേഖലയിൽ വരുമോ?

ഒരിക്കലുമില്ല, അനുഭവവാദത്തിനു ആവർത്തനക്ഷമത (repeatablity) ഉണ്ടെങ്കിലേ ശാസ്ത്രപരിധിയിൽ വരികയുള്ളൂ. ഉദാഹരണത്തിന് ചരിത്രം, അവിടെ അനുഭവവാദത്തിനു പ്രസക്തിയില്ല, അതുകൊണ്ടു തന്നെ ചരിത്ര അറിവുകൾ അധികാരികത എന്ന മാർഗ്ഗത്തിലൂടെ മാത്രമേ നമ്മുക്ക് ആർജിക്കാൻ കഴിയുകയുള്ളു.
ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല എന്നത് ചരിത്രത്തെ “അറിവ്” അല്ലാതാക്കുന്നില്ല എന്നർത്ഥം. എന്താണ് ശാസ്ത്രം, ശാസ്ത്രീയ രീതി എന്നൊക്കെ വിശദമായി ഇവിടെ (ശാസ്ത്രം ശരണം ഗച്ഛാമി) വായിക്കാം.

എന്നാൽ മുൻ അറിവുഉള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി അതുമായിട്ടു ബന്ധപ്പെട്ട മറ്റ് അറിവുകൾ യുക്തിവാദം ഉപയോഗിച്ച് നമുക്ക് ആർജിക്കാൻ കഴിയും.

ഉദാഹരണത്തിന് , ശാസ്ത്രമുപയോഗിച്ച് 1500AD യിൽ നമുക്കൊരു പൂർവികർ ഉണ്ടായിരുന്നോ എന്നറിയാൻ സാധ്യമല്ല, എന്നാൽ യുക്തിവാദമുപയോഗിച്ച്‌ നമുക്കത് മനസ്സിലാക്കാം.

Premise 1 : എനിക്കും എൻ്റെ അച്ഛനും ഒരു പൂർവികനുണ്ട്.
Premise 2 : ജനിച്ച എല്ലാ മനുഷ്യർക്കും പൂർവികനുണ്ട്.
Conclusion : 1500 AD യിലും നമുക്കൊരു പൂർവികനുണ്ടാവേണ്ടത് അതിനാൽ അത്യാവശ്യമാണ്. (deductive logic),

ദൈവത്തെ പറ്റിയുള്ള അറിവ്? അങ്ങനൊയൊന്നുണ്ടോ? മേല്പറഞ്ഞ അറിവ് നേടാനുള്ള മാർഗങ്ങൾ ഉപയോഗിച്ച് ദൈവത്തെപ്പറ്റിയുള്ള അറിവ് സമ്പാദിക്കാൻ സാധിക്കുമോ?

ഒന്നാമത്തെ വഴി, അവബോധം, തീർച്ചയായും കഴിയും, പലരും അവകാശപ്പെട്ടിട്ടുമുണ്ട്, പക്ഷേ അവബോധം ആ ഒരു മനുഷ്യൻ്റെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നതിനാൽ, വിശ്വാസയോഗ്യമല്ല.

അടുത്തവഴി ആധികാരികത: ചരിത്രപരമായിട്ടുള്ള ദൈവത്തെ കുറിച്ചുള്ള അറിവുകൾ (തത്വജ്ഞാനപരമായ ചരിത്രങ്ങൾ, വേദപുസ്തകങ്ങൾ, ദൈവദൂതന്മാർ എന്നവകാശപെടുന്നവരുടെ ചരിത്രങ്ങൾ തുടങ്ങിയവ) ധാരാളം ഉണ്ടെങ്കിലും, അവയും അധികാരികതയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതിനാൽ എല്ലാവരാലും അംഗീകരിക്കപെടുന്ന അറിവല്ല.

മൂന്നാമത്തെ വഴി അനുഭവവാദം: ദൈവം എന്നതിൻ്റെ നിർവചനം തന്നെ, സഥലകാലദ്രവ്യത്തിൻ്റെ സ്രഷ്ടവായ, സഥലകാലദ്രവ്യത്തിനതീതമായ, അനന്തമായ, പരിമിതമായ നമ്മുടെ ഇന്ദ്രിയങ്ങൾക്കൊണ്ട് നിരീക്ഷിക്കാൻ കഴിയുന്ന ഒന്നല്ലാത്തതിനാൽ അനുഭവവാദത്തിലൂടെയും അറിയാൻ സാധ്യമല്ല. ദൈവത്തെ കണ്ടു കേട്ടു എന്നൊക്കെ അവകാശപ്പെടുന്നവർ അത് repeatable അല്ല എന്നതുകൊണ്ട് തന്നെ ശാസ്ത്ര പഠനമേഖലയിൽ പെടുന്നതല്ല. അതുകൊണ്ടു തന്നെ ശാസ്ത്രം ദൈവത്തെ പറ്റി പറയുന്നില്ല എന്നത്, കണ്ണ് കൊണ്ട് കേൾക്കുന്നില്ല എന്ന് വാദിക്കുന്നതിനു സമാനമാണ്.

നാലാമത്തെ വഴി യുക്തിവാദം വെച്ച് ദൈവത്തെ അറിയാൻ കഴിയുമോ? കഴിയും എന്നതാണ് സത്യം, ദൈവം എന്നത് മനുഷ്യന് ചിന്താശേഷി ഉണ്ടായ കാലം മുതലുള്ള ചിന്തയാണ്, ദൈവമുണ്ട് എന്ന് വാദിച്ചിരുന്നവരും, അവരുടെ വാദങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയവരുമായി ധാരാളം ലോക പ്രശസ്തരായ തത്വജ്ഞാനികൾ ഉണ്ടായിട്ടുണ്ട്. ദൈവം എന്നത് തത്വജ്ഞാനപരമായ, അസ്തിത്വപരമായ ഒരു ചോദ്യമാണ്, അതായതു “നമ്മൾ എന്തിനു ഈ ലോകത്തിൽ നിലനിൽക്കുന്നു? എന്നത് തന്നെ. ദൈവമുണ്ട് എന്നതിനുള്ള പ്രഭലമായ ചില യുക്തിവാദങ്ങൾ നമുക്ക് വരും ഭാഗങ്ങളിൽ ചർച്ച ചെയ്യാം.

അപ്പോൾ ദൈവമില്ല എന്നത് “യുക്തിവാദം” ആണോ? അല്ല, അത് വെറും അവബോധം അഥവാ സാമാന്യബുദ്ധി എന്നതിൽ കവിഞ്ഞു “യുക്തിപരം” എന്നവകാശപെടാൻ പറ്റില്ല. “ദൈവമില്ല ” എന്ന് വാദിക്കുന്ന നിരീശ്വരവാദികളെ ,യുക്തിയുടെ നിർവചനം വെച്ച് , “യുക്തിവാദികൾ” എന്ന് വിളിക്കാൻ പറ്റില്ല. വിശദമായി ഇവിടെ (നിരീശ്വരവാദങ്ങളിലെ വിഡ്ഢിത്തങ്ങൾ) വായിക്കാം.

അപ്പോൾ നിങ്ങൾക്കു ഇനി സ്വയം പരിശോധിക്കാം,നിങ്ങൾ ഇതുവരെ ആർജിച്ച അറിവുകൾ ഏതൊക്കെ വിധത്തിലുള്ളതാണ്? എന്തുകൊണ്ട് അത് അംഗീകരിക്കുന്നു? എന്നിട്ടു നിങ്ങൾക്കു സ്വയം ചോദിക്കാം “ശാസ്ത്രം ” മാത്രമാണോ അറിവ് സമ്പാദിക്കാനുള്ള വഴി? യുക്തിവാദികൾ എന്നവകാശപ്പെടുന്നവർ ശരിക്കും യുക്തിവാദികളാണോ എന്നൊക്കെ.

കുറച്ച് “അറിവുകൾ” ഈ ലേഖനത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു എന്ന് കരുതുന്നു, നിങ്ങൾക്ക് ഈ കിട്ടിയ അറിവ് “ആധികാരികത” വഴി ഉള്ളതായതിനാൽ, സ്വായം പരിശോധനക്ക് വിധേയമാക്കണമെന്നാണ് എൻ്റെ ഒരഭിപ്രായം.

അനുബന്ധം

http://egyankosh.ac.in/bitstream/123456789/8506/1/Unit-5.pdf

മറുപടി രേഖപ്പെടുത്തുക

Your email address will not be published. Required fields are marked *

Post comment