നാസ്തികരെല്ലാം അക്രമികളും അധാർമികരുമാണോ? ഒരിക്കലുമല്ല. വിശ്വാസികളെല്ലാവരും ധാർമികരും നല്ലവരുമാണോ? അതുമല്ല. ഇത് രണ്ടുമല്ല, ധാർമികതയുടെ അടിസ്ഥാമെന്ത് എന്നതാണ് ചോദ്യം. നമുക്കൊരു കാര്യം മുകളിലാണോ താഴെയാണോ, വലുതാണോ ചെറുതാണോ, നന്മയാണോ തിന്മയാണോ എന്നൊക്കെ പറയണെമങ്കിൽ ഒരു റഫറൻസ് പോയിൻറ് ആവശ്യമാണ്. എന്തിനെയെങ്കിലും അടിസ്ഥനമാക്കിയേ ഇതൊക്കെ പറയാൻ കഴിയുകയൊള്ളു. തറയിൽ നിൽക്കുന്നയാൾക്ക് പക്ഷി പറക്കുന്നത് മുകളിലൂടെയും പത്താം നിലയിൽ നിൽക്കുന്നയാൾക്ക് പക്ഷി പറക്കുന്നത് അയാളുടെ താഴെയുമായിരിക്കാം. അടിസ്ഥാനം മാറിയാൽ ഉത്തരങ്ങളെല്ലാം മാറും. ഇത് തന്നെയാണ് ധാർമികതയുടെയും അവസ്ഥ. അടിസ്ഥാനം വ്യക്തി നിഷ്‌ഠമാണെങ്കിൽ ശരി തെറ്റുകൾ ഓരോരുത്തർക്കും ഓരോന്നായിരിക്കും (subjective morality). ബലാത്സംഘവും കൊലപാതകവും, കൊള്ളയും എല്ലാം ചിലർക്ക് ശരിയായിരിക്കും. ഒന്നിനെയും നമുക്ക് വസ്തുനിഷ്‌ഠമായി തെറ്റെന്ന് പറയാൻ കഴിയില്ല.

എന്താണ് നാസ്തികരുടെ ധാർമികയുടെ അടിസ്ഥാനം എന്നതിന് പലർക്കും പല ഉത്തരങ്ങളാണ്. ചിലർക്ക് ഹ്യൂമൻ റൈറ്റ്സായിരിക്കും. ചിലർക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം സ്വാതന്ത്യം ആസ്വദിക്കലാവും. ചിലർക്ക് അവർക്കും സമൂഹത്തിനും ഏറ്റവും കുറവ് ദോഷം വരുന്ന കാര്യങ്ങൾ ചെയ്യലാണ്. ചിലർക്ക് പൊതുബോധത്തിന് ശരിയെന്ന് തോന്നുന്നതായിരിക്കും. എന്നാൽ ചിലർ സത്യസന്ധമായി ധാർമികത എന്നൊന്നില്ല, ശരി തെറ്റുകൾ ആപേക്ഷികമാണ് എന്നും പറയും.

പരിണാമ ധാർമികത

മനുഷ്യൻ മൂല്യങ്ങളും ധാർമികതയും പൊത്തകം നോക്കി പഠിച്ചതല്ല പരിണാമത്തിലൂടെ ആർജിച്ചെടുത്തതാണ് എന്നൊക്കെ തട്ടിവിടുന്ന ചില ഫേസ്ബുക്ക് പരിണാമ ശാസ്ത്രജ്ഞരുണ്ട്. പരിണാമത്തിലൂടെ ആർജിച്ചെടുത്തതാണെങ്കിൽ അക്രമങ്ങളും ക്രൂരതകളുമൊക്കെ ചെയ്യുന്നവർ പൂർണമായും പരിണമിച്ചിട്ടില്ല എന്നാണോ? എല്ലാവരും പരിണാമത്തിലൂടെ മൂല്യങ്ങളും ധാർമികതയും ആർജിച്ചെടുത്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും അതനുസരിച്ച് ജീവിച്ചാൽ പോരെ? എന്തിനാണ് നമുക്ക് നിയമ സംഹിതകളും നിയമപാലകരുമൊക്കെ?

അടിസ്ഥാന ധാർമികത കാലക്രമേണ പരിണമിച്ചുണ്ടാതായതാണെന്ന് വാദിക്കുന്ന, നിരീശ്വരവാദി കൂടിയായ ജീവശാസ്ത്ര തത്വചിന്തൻ അലക്സ് റോസൻബെർഗിന്റെ വാദപ്രകാരം ഒരു നിരീശ്വരവാദിക്ക് തൻറെ ആശയധാരയിൽ നിന്ന് കൊണ്ട് സ്വീകരിക്കാവുന്ന നിലപാട് ധാർമിക ശൂന്യതമാത്രമാണ് (moral nihilism) എന്നാണ്[1]. അദ്ദേഹം ഉന്നയിക്കുന്ന വാദം, അടിസ്ഥാന ധാർമികത ശരിയായത് കൊണ്ടാണോ അത് സെലക്ട് ചെയ്യപ്പെട്ടത്? അങ്ങനയാണെകിൽ ധാർമിക ശരിതെറ്റുകൾ നേരത്തെ ഉണ്ടായിരുന്നോ? ആരാണത് തീരുമാനിച്ചത്? അതോ അത് സെലക്ട് ചെയ്യപ്പെട്ടത് കൊണ്ടാണോ ശരിയാണ് എന്ന് പറയുന്നത്? അങ്ങയെനെകിൽ മറ്റേതെങ്കിലും സാഹചര്യത്തിലൂടെയായിരുന്നു നമ്മൾ പരിണമിച്ചതെങ്കിൽ അടിസ്ഥാന ധാർമികത മറ്റന്തെങ്കിലുമായിരുന്നില്ലേ? ഇപ്പോഴുള്ളത് തെറ്റാകുമായിരുന്നില്ലേ? അപ്പോൾ ഇപ്പോഴുള്ള ധാർമികത ശരിയാണ് എന്നെങ്ങനെ പറയും? അടിസ്ഥാന ധാർമികത ശരിയാണെന്ന് പറയാൻ കഴിയില്ല, അതിജീവിക്കാൻ സഹായിക്കും എന്ന് വേണമെങ്കിൽ പറയാം. അതിജീവനമാണ് ലക്ഷ്യമെങ്കിൽ ഒരാൾ അതിജീവിക്കാൻ വേണ്ടി മറ്റൊരാളുടെ പണം മോഷ്ടിച്ചാൽ അത് അധാർമികമെന്നെങ്ങനെ പറയും?

ഡാർവിൻ തന്നെ പറഞ്ഞത് “തേനീച്ചയുടെ അതേ സാഹചര്യത്തിലാണ് മനുഷ്യനെ വളർത്തിയെതെങ്കിൽ, അവിവാഹിതരായ പെൺ‌കുട്ടികൾ, തൊഴിലാളി-തേനീച്ചകളെപ്പോലെ, തങ്ങളുടെ സഹോദരന്മാരെ കൊല്ലുകയെന്നത് ഒരു പവിത്രമായ കടമയാണെന്നും, അമ്മമാർ അവരുടെ പെൺമക്കളെ കൊല്ലാൻ ശ്രമിക്കുമായിരുന്നു എന്നുമാണ്. പക്ഷേ ആരും അതൊരു തെറ്റായി കാണുകയോ ഇടപെടാൻ ശ്രമിക്കുകയോ ഇല്ല[2]. അപ്പോൾ പരിണാമത്തിൽ ധാർമികതക്ക് അടിസ്ഥാനമോ, നമ്മൾ മെച്ചപ്പെട്ട ഒരു ജീവിയായി പരിണമിച്ചത് കൊണ്ട് നമുക്ക് ശരിയെന്നു തോന്നുന്നതെല്ലാം ശരിയാണെന്നോ അർത്ഥമില്ല. മാത്രമല്ല ഇതെല്ലം വ്യക്തിനിഷ്‌ഠവുമാണ്.

സാമൂഹിക ധാർമികത

സമൂഹത്തിന്, അല്ലെങ്കിൽ ഭൂരിപക്ഷത്തിന് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് സാമൂഹ്യധാർമികത. നാസ്തികരിൽ അധികപേർക്കും സ്വീകാര്യമായതിതാണ്. സാമൂഹ്യധർമികതയിൽ പലനല്ല കാര്യങ്ങളുമുണ്ട്, കാരണം, മനുഷ്യ ചരിത്രത്തിൻറെ എല്ലാ കാലത്തും ഭൂരിപക്ഷവും വിശ്വാസികളായിരുന്നു എന്നത്കൊണ്ട് തന്നെ സാമൂഹ്യധർമികതയിൽ പലതും മതമൂല്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായവയാണ്. പക്ഷേ, സമൂഹ ധാർമികതയെ മാത്രം, അല്ലെങ്കിൽ ഭൂരിപക്ഷത്തിന് ശരിയെന്ന് തോന്നുന്നു എന്ന കാരണം കൊണ്ട് ഒരു കാര്യത്തെ ശരിയായി അംഗീകരിക്കുന്നത് അപകടകരമാണ്. നാസിജർമനിയുടെ പൊതുബോധവും, ആൾകൂട്ടക്കൊലകളുടെ പൊതുബോധവുമൊക്കെ ഇതിനുദാഹരങ്ങളാണ്.

Social pressure

പോളിഷ്-അമേരിക്കൻ സൈക്കോളജിസ്റ്റും സോഷ്യൽ സൈക്കോളജി വിദഗ്ദ്ധനുമായിരുന്ന സോളമൻ ആഷ് നടത്തിയ Asch conformity experiments തെളിയിക്കുന്നത് ഭൂരിപക്ഷ ഗ്രൂപ്പിൽ നിന്നുള്ള സാമൂഹിക സമ്മർദ്ദം ഒരു വ്യക്തിയെ വളരെയധികം ബാധിക്കുമെന്നാണ്. ചുരുക്കത്തിൽ പരീക്ഷണം ഇങ്ങനെയാണ്; വളരെ ലളിതമായ നീളം കൂടിയ വര ഏതെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒരു കൂട്ടം ആളുകളോട് ചോദിക്കുന്നു. പക്ഷേ അതിൽ ഒരാൾ മാത്രമാണ് പരീക്ഷണ വിധേയനാവുന്നത്. ബാക്കിയുള്ളവർ തെറ്റായ ഉത്തരം പറയാൻ നേരത്തെ ധാരണയിലെത്തിയവരാണ്. എന്നാൽ സ്വന്തം ഇന്ദ്രിയ അവബോധത്തെയും യുക്തിയേയും നിരാകരിച്ച്‌ കൊണ്ട്, ഇവരെല്ലാവരും അതാണ് പറഞ്ഞതെങ്കിൽ അതായിരിക്കും ശരി എന്ന് ചിന്ത അയാളെ മറ്റുള്ളവർ പറഞ്ഞ തെറ്റായ ഉത്തരം പറയാൻ സമ്മർദ്ദത്തിലാക്കി. അതായത് ഒരു കൂട്ടം ആളുകൾ വിചാരിച്ചാൽ മറ്റുള്ളവരുടെ പൊതുബോധം മാറ്റി മറിക്കാൻ സാധിക്കും[3]. നിരന്തരമായി തെറ്റായ കാര്യങ്ങൾ ആവർത്തിച്ചു കൊണ്ടരുന്നാൽ ക്രമേണ ആളുകൾ അതങ്ങീകരിക്കും.

മീഡിയക്ക് എളുപ്പത്തിൽ പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയും, നമുക്ക് ഒരാവശ്യവുമില്ലാത്ത കാര്യങ്ങൾ ആവശ്യമെന്നു തോന്നിപ്പിക്കാനും, ഒരുപദ്രവമില്ലാത്ത കാര്യങ്ങളെ അപകടമാരാക്കി ചിന്തിപ്പിക്കാനും മീഡിയക്ക് കഴിയും. അതായത് പണവും അധികാരവും സ്വാധീനവും ഉള്ളവർക്ക് നിങ്ങളുടെ പൊതുബോധത്തെ മാറ്റി മറിക്കാൻ കഴിയുമെന്നർത്ഥം.

ഇനി ഇവർ ഒരു സമൂഹത്തിൽ നിന്നും മറ്റൊരു സമൂഹത്തിലേക്ക് പോകുമ്പോൾ ഏതു ധാർമികത സ്വീകരിക്കും? ഒരു സമൂഹം ബലാൽസംഘം ഒരു തെറ്റല്ല, എല്ലാവർക്കും തൻറെ ലൈംഗീകദാഹം ശമിപ്പിക്കാനുള്ള അവകാശമുണ്ട്, ബലാൽസംഘം കൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടില്ല, സഹകരിച്ചാൽ ആസ്വദിക്കുകയും ചെയ്യാം എന്നൊരു പൊതുബോധം രൂപപെട്ടാൽ നാസ്തികരുടെ നിലപാടെന്തായിരിക്കും എന്നൊന്നും വ്യക്തമല്ല. യഥാർത്ഥത്തിലവർ സമൂഹത്തിന് ശരിയെന്നു തോന്നുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാറൊന്നുമില്ല. അവർക്ക് ശരിയെന്ന് തോന്നുന്നത് മാത്രമെടുത്ത് അല്ലാത്തവ നിരസിക്കുന്ന വ്യക്തിനിഷ്‌ഠധാർമികത തന്നെയാണ്. അവരുടെ ധാർമികത പ്രചരിപ്പിച്ച് കൊണ്ട് സമൂഹ ധാർമികതയെ സ്വാധീനിക്കാൻ ശ്രമിക്കാറുമുണ്ട്.

ഭരണഘടന

ഇതും ഒരു സാമൂഹിക ധാർമികത തന്നെയാണ്. സമൂഹം ചുമതലപ്പെടുത്തുന്ന ചിലർ രൂപം കൊടുക്കുന്ന തത്വങ്ങളും മൂല്യങ്ങളും. സാമൂഹിക ധാർമികതയുടെ എല്ലാ ഗുണങ്ങളും ദോഷങ്ങളും ഇതിനും ബാധകമാണ്. എല്ലാ ഭരണഘടന മൂല്യങ്ങളും നാസ്തികർ അംഗീകരിക്കാറില്ല. എല്ലാ പൗരന്മാർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ നാസ്തികർ ജനാധിപത്യമായ രീതിയിൽ ആശയ സംവാദങ്ങൾ നടത്തുന്നതിന് പകരം മതനിന്ദയും മത വിദ്വേഷവും, വിശ്വാസികളോട് പുച്ഛവും പരിഹാസവും കൊണ്ട് നടക്കുന്നവരാണ്. മതങ്ങൾ നിരോധിക്കണമെന്നുമുള്ള ആശയക്കാരാണ്. ഇനി ഇവർക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഭരണഘടനയുള്ള ഒരു രാജ്യത്താണെങ്കിലോ? ഇനി ഒരാൾക്ക് ഒരു രാജ്യത്തെ നിയമസംഹിതകളിലെ പഴുതുകളോ സ്വാധീനമോ ഉപയോഗിച്ച് പിടിക്കപ്പെടാതെ രക്ഷപ്പെടാൻ മാർഗ്ഗങ്ങളുണ്ടെങ്കിൽ അയാളൊരു തെറ്റ് ചെയ്യാതിരിക്കാൻ നാസ്തിക തത്വചിന്ത പ്രകാരം എന്തെങ്കിലും കാരണങ്ങളുണ്ടോ? ഇവിടെയും നാസ്തികർ ചെയ്യുന്നത് അവർക്കിഷ്ടമുള്ളത് മാത്രമെടുത്ത് അല്ലാത്തവ നിരസിക്കുന്ന വ്യക്തിനിഷ്‌ഠധാർമികത തന്നെയാണ്.

പ്രയോജനവാദം (യൂട്ടിലിറ്റേറിയനിസം)

പൊതു സന്തോഷവും ആനന്ദവും നൽകുന്ന കാര്യങ്ങൾ ചെയ്യുകയും സങ്കടവും ദോഷങ്ങളും വരുത്തുന്ന കാര്യങ്ങളെ നിരാകരിക്കുകയും ചെയ്യുക എന്നതാണ് പ്രയോജനവാദം. ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും നല്ലത് ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം. കേൾക്കുമ്പോ ഒരു രസമൊക്കെ തോന്നാം, പക്ഷേ പല അപകടങ്ങളുമുണ്ട്. കൂടുതൽ ആളുകളുടെ സന്തോഷം എന്ന തിയറി വച്ച് ഈ കൊറോണ രോഗികളെ ഇങ്ങനെ ചികിത്സിച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല, അവരെയെല്ലാവരേം എവിടേലും കൂട്ടിയിട്ട് കത്തിച്ചാൽ ബാക്കിയുള്ളവർക്ക് സന്തോഷമായി ജീവിക്കാമല്ലോ? കാമുകൻറെ കൂടെ സന്തോഷമായി ജീവിക്കുന്നതിന് കുഞ്ഞിനെ കൊല്ലുന്നത് തെറ്റല്ല, സന്തോഷം എന്തെന്നറിയാത്ത കുഞ്ഞിനേക്കാൾ വലുതല്ലേ രണ്ടു മുതിർന്നവരുടെ സന്തോഷം? നീതിയും ന്യായവുമൊന്നും പ്രധാനമല്ല, കൂടുതൽ പേർക്ക് സന്തോഷം കിട്ടുമെങ്കിൽ ഒരു നിരപരാധിയെ തൂക്കിക്കൊല്ലുന്നതും തെറ്റല്ല.[4][5] സിദ്ധാന്തമൊന്നും പഠിക്കാതെ തന്നെ കുറേ പ്രയോജനവാദികൾ സമൂഹത്തിലുണ്ടെന്നു തോന്നുന്നുണ്ടല്ലേ? കഴിഞ്ഞില്ല, “മാനസിക വൈകല്യമുള്ളവരെ ബലാത്സംഗം ചെയുന്നത് തെറ്റല്ല”, “അംഗവൈകല്യമുള്ള കുട്ടികളെ കൊല്ലുന്നത് തെറ്റല്ല”, “മനുഷ്യൻറെ ജീവന് പട്ടിയുടെയും പന്നിയുടെയും ജീവൻറെ അതേ മൂല്യം തന്നെയൊള്ളു” – ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല, പ്രശസ്ത നാസ്തിക ധാർമികതത്വചിന്തകനായ പീറ്റർ സിംഗറിന്റെ മൊഴിമുത്തുകളാണ്.[6][7]

മോറൽ റിയലിസം

വ്യക്തിനിഷ്‌ഠ ധാർമികതയെന്ന പോരായ്മക്ക് പരിഹാരമായാണ് മോറൽ റിയലിസമെന്ന സിന്താന്തം കൊണ്ട് വരുന്നത്. ഇതനുസരിച്ച്‌ നമ്മുടെ അഭിപ്രായ, വിചാര, വികാരങ്ങൾക്ക് അതീതമായി ധാർമിക മൂല്യങ്ങൾ ഉണ്ടെന്നാണ്. ഇതെവിടെയാണുള്ളത്, ഗ്രാവിറ്റിയുടെ അടിയിലാണോ, ബ്ലാക്‌ഹോളിൻറെ ഉള്ളിലാണോ എന്നെനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. ഇനി എവിടേലും ഉണ്ടേലും അത്കൊണ്ട് നമുക്ക് ധാർമിക ബാധ്യതകൾ ഒന്നുമില്ല. ഇന്നത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ഇല്ല. അങ്ങനെ അവിടെ ഉണ്ട്, അത്ര തന്നെ. എങ്ങനെയാണ് നമ്മളീ നന്മകൾ തിന്മകൾ മനസ്സിലാക്കുന്നത് എന്നതാണ് അടുത്ത പ്രശ്നം. ഓരോ പ്രവർത്തനങ്ങളുടെയും പരിണതഫലങ്ങൾ നോക്കിയാണത് മനസ്സിലാകുന്നത് എന്നാണ് പറയുന്നത്. ഒരുദാഹരണം പറഞ്ഞാൽ വൈഫ് സ്വാപ്പിങ് കൊണ്ട് പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് അത് ശരിയാണ് അല്ലാത്തവർക്ക് ചിലപ്പോ തെറ്റായിരിക്കാം. പഴയ വ്യക്തിനിഷ്‌ഠധാർമിക ബോംബ് കഥ തന്നെ.

വസ്തുനിഷ്‌ഠ ധാർമികത ചർച്ച ചെയ്യുന്നതിന് മുൻപായി ഒരു ചെറിയ തെറ്റിദ്ധാരണ തിരുത്താം. പലരും നിരുപാധി ധാർമികതയെ വസ്തുനിഷ്‌ഠ ധാർമികത എന്ന് തെറ്റിദ്ധരിച്ചവരാണ്.

Absolute morality vs Objective morality

അബ്‌സൊല്യൂട്ട് മൊറാലിറ്റി അഥവാ നിരുപാധികമായ ധാർമികത: ഒരു കാലത്തും ഏതു സാഹചര്യത്തിലും മാറാത്തത് എന്നാണ്. ഒബ്ജക്റ്റീവ് മൊറാലിറ്റി അഥവാ വസ്തുനിഷ്ടമായ ധാർമികത എന്തിനെ അടിസ്ഥനമാക്കിയാണ് എന്നുള്ളത്. ഒബ്ജക്റ്റീവ് മൊറാലിറ്റി ചിലപ്പോൾ അബ്‌സൊല്യൂട്ട് ആയിരിക്കാം, അല്ലാതെയുമിരിക്കാം. പ്രവാചകൻ മുഹമ്മദ് ﷺ മുൻപും ഇസ്ലാമിലെ ആദ്യകാലഘട്ടത്തിലും മദ്യം നിഷിദ്ധമായിരുന്നില്ല, പിന്നീടാണത് നിഷിദ്ധമാക്കുന്നത്. ഇസ്ലാമിക വീക്ഷണ പ്രകാരം മുഹമ്മദ് ﷺ മുൻപ് വന്ന പ്രവാചകന്മാരിലൂടെ അവരുടെ സമുദായങ്ങൾക്ക് നൽകപ്പെട്ട അതേ വിധിവിലക്കുകളല്ല മറ്റുള്ള സമുദായങ്ങൾക്ക് നൽകപ്പെട്ടത്. ഉദാഹരണത്തിന് സാമ്പത്തിക ഇടപാടുകളിലേക്ക് പോരോഗമിക്കാത്ത, കേവലം വേട്ടയും കൃഷിയുമായി ജീവിക്കുന്ന ഒരു സമുദായത്തിനോട് പലിശ നിഷിദ്ധമാണ് എന്ന് പറയേണ്ട കാര്യമില്ല. എന്നാൽ എല്ലാ സമുദായങ്ങൾക്കും പൊതുവായി ഉണ്ടായിരുന്ന നിരുപാധികമായ ധാർമികതകളും ഉണ്ടായിരുന്നു. സ്വയരക്ഷക്കോ, യുദ്ധത്തിലോ അല്ലാതെ, നിരപരാധികളെ കൊല്ലുന്നത് തെറ്റാണ് എന്നുള്ളത് നിരുപാധികമായ ധാർമികതയാണ്.

വസ്തുനിഷ്‌ഠമായ ധാർമികത

മുകളിൽ പറഞ്ഞതും പറയാത്തതുമായ എല്ലാ നാസ്തിക ധാർമിക സിന്താന്തങ്ങളും അവസാനം കറങ്ങിത്തിരിഞ്ഞ് വന്നെത്തുന്നത് വ്യക്തിനിഷ്‌ഠ ധാർമികതയിലാണ്. അഥവാ ഓരോരുത്തരും അവരവർക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ആർക്കും ആരുടെയും പ്രവർത്തികളെ വിമർശിക്കാൻ കഴിയില്ല. ഒരാളുടെ തെറ്റുകൾ മറ്റൊരാൾക്ക് ശരിയായിരിക്കാം, ഒരാളുടെ ശരികൾ മറ്റൊരാൾക്ക് തെറ്റായിരിക്കാം. ശരിതെറ്റുകളും നീതിയുമെല്ലാം ആപേക്ഷികമാകും. “ദൈവമില്ലെങ്കിൽ എല്ലാം അനുവദിനീയമാണ്” എന്നാണ് പ്രശസ്ത റഷ്യൻ സാഹിത്യകാരനായ ഫയോഡർ ദസ്തയേവ്‌സ്‌കി പറഞ്ഞത്. അദ്ദേഹത്തിൻ്റെ ക്രൈം ആൻഡ് പണിഷ്മെൻറ്, ദി ഇഡിയറ്റ് എന്നീ നോവലുകൾ ആപേക്ഷിക ധാർമികതയെയും നിഹിലസത്തെയും അടിസ്ഥാനമാക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ ക്ലാസ്സിക്കുകളാണ്. 

വസ്തുനിഷ്‌ഠമായ ധാർമികതയുണ്ടാകണമെങ്കിൽ മനുഷ്യ ചിന്താമണ്ഡലത്തിന് ബാഹ്യമായി ഒരു മോറൽ ഏജൻസി ഉണ്ടായേ പറ്റൂ. ദൈവ വിശ്വാസികളെല്ലാം നല്ലവരാണെന്നോ നാസ്തികർ മുഴുവനും അധാർമികരാണെന്നോ അല്ല. വസ്തുനിഷ്‌ഠമായ നന്മതിന്മകൾ ഉണ്ടാകണമെങ്കിൽ അടിസ്ഥാനമാക്കൻ സർവജ്ഞാനിയായ പരിപൂർണ്ണനായ എല്ലാ നന്മയുടെയും ഉറവിടമായ ഒരു ദൈവമുണ്ടായേ മതിയാകൂ.  ധാർമികത വ്യക്തിനിഷ്‌ഠമാണെങ്കിൽ, മതധാർമികതയേയും മൂല്യങ്ങളെയും വിമർശിച്ച്‌ വാളോങ്ങാൻ വരുന്നതിന് മുൻപായി എന്ത് അടിസ്ഥാനത്തിലാണ് വിശ്വാസികൾ തെറ്റാണെന്ന് പറയുന്നതെന്ന് ഒരു മിനിറ്റൊന്ന് ചിന്തിക്കണം, വ്യക്തിനിഷ്‌ഠമാണെങ്കിൽ ഓരോരുത്തർക്കും ഓരോന്നാണ് ശരി, നിങ്ങളുടെ ശരിയാണ് ശരി എന്നതിന് എന്താണ് തെളിവ്? എല്ലാറ്റിനും ശാസ്ത്രമാണ് പ്രമാണമെന്ന് പറഞ്ഞു നടക്കുന്ന നാസ്തികർക്ക് ധാർമിക ശരിതെറ്റുകൾ തെളിയിക്കാൻ ശാസ്ത്രം ഇതുവരെ ഒരുപകരണവും കണ്ടെത്താത്തത് കഷ്ടമാണ്.

അവലംബം